ഇന്ത്യൻ റെയിൽവേയ്ക്ക് കരുത്തേകാൻ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ട്രാക്കിലേക്കെത്തുന്നു. മികച്ച വേഗതയും, കുലുക്കമില്ലാത്ത യാത്രയും ഉറപ്പു നൽകുന്ന സാധാരണക്കാർക്കായുള്ള അമൃത് ഭാരത് പുതു വർഷം മുതൽ ഓടിത്തുടങ്ങും.
ഇതോടൊപ്പം രാജ്യത്തെ ആറ് റൂട്ടുകളിലേക്ക് കൂടി വന്ദേ ഭാരത് എക്സ്പ്രസുകളെത്തുന്നു. കേരളത്തിലല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രയോജനപ്പെടുന്ന സർവീസുകൾ വന്ദേ ഭാരത്തിനുണ്ട്. അമൃത് ഭാരത്, വന്ദേ ഭാരത് എക്സ്കപ്രസ്സുകളുടെ ഫ്ലാഗ് ഓഫ് ഡിസംബർ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ നിർവഹിക്കും.
അയോധ്യ – ആനന്ദ് വിഹാർ, ന്യൂഡൽഹി – കത്ര , അമൃത്സർ – ന്യൂഡൽഹി, കോയമ്പത്തൂർ – ബെംഗളൂരു, മംഗളൂരു – മഡ്ഗാവ്, മുംബൈ – ജൽന റൂട്ടുകളിലാണ് വന്ദേ ഭാരതുകൾ സർവീസ് ആരംഭിക്കുക. ഇതിൽ കോയമ്പത്തൂർ – ബെംഗളൂരു, മംഗളൂരു – മഡ്ഗാവ് റൂട്ടുകൾ മലയാളികൾക്കു പ്രയോജനപ്പെടുന്നവയാണ്. പാലക്കാടുള്ളവർക്ക് കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാനും, മലബാറിൽ നിന്നും ഗോവ യാത്രക്കും ഇനി ആശ്രയിക്കാൻ കഴിയുന്ന ട്രെയിനാണ് മംഗളൂരു – മഡ്ഗാവ് വന്ദേ ഭാരത്. മംഗളൂരുവിൽ നിന്നുള്ള ആദ്യ വന്ദേഭാരത് എക്സ്പ്രസാണിത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അമൃത് ഭാരതും
സാധാരണക്കാര്‍ക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാൻ വന്ദേ ഭാരതുകൾക്ക് പുറമെ അയോധ്യ – ദർഭംഗ റൂട്ടിലും മാൾഡ – ബെംഗളൂരു റൂട്ടിലും അമൃത് ഭാരത് എക്സ്പ്രസുകളും ഡിസംബർ 30ന് സർവീസ് ആരംഭിക്കും. ഇന്ത്യൻ റെയിൽവേ പുതുതായി നിരത്തിലിറക്കുന്ന പുഷ് പുൾ നോൺ എസി സ്ലീപ്പർ ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസ്. ദീർഘദൂര യാത്ര നടത്തുന്ന സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് അമൃത് ഭാരത്റെയിൽവേ നിരത്തിലിറക്കുന്നത്.
രാമക്ഷേത്ര ഉദ്ഘാടനത്തിന് തയ്യാറായി നിൽക്കുന്ന ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്നും ബിഹാറിലെ ദർഭംഗയിലേക്കാകും ആദ്യ അമൃത് ഭാരത് എക്സ്പ്രസ് സർവീസ്. മറ്റൊന്ന് ബെംഗളൂരുവിൽ നിന്ന് മാൽഡയിലേക്കാകും.
130 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാൻ കഴിയുന്ന അമൃത് ഭാരത് എക്സ്പ്രസ് പുഷ്- പുൾ ട്രെയിനുകളാണ്. നേരത്തെ, വന്ദേ സാധാരണ് എന്ന് പേരിട്ടിരുന്ന അമൃത് ഭാരത് എക്സ്പ്രസുകൾ പ്രധാനമായും ലക്ഷ്യമിടുന്നത് അന്യസംസ്ഥാന തൊഴിലാളികളെയാണ്.
പുഷ്- പുൾ ട്രെയിനുകളായതിനാൽ കുറഞ്ഞ സമയത്തിൽ തന്നെ കൂടുതൽ വേഗം കൈവരിക്കാൻ സാധിക്കും. യാത്രക്കാർക്ക് കുലുക്കവും അനുഭവപ്പെടില്ല.
ഓറഞ്ച്, ചാര നിറങ്ങളിലാണ് അമൃത് ഭാരത് ട്രെയിനുകൾ പുറത്തിറങ്ങുക. 22 കോച്ചുകളിൽ എട്ടെണ്ണം റിസെർവഷൻ ഇല്ലാതെ യാത്രചെയ്യുന്നവർക്കുള്ള ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളാണ്.
12 സെക്കന്‍ഡ് ക്ലാസ് 3 ടയർ സ്ലീപ്പർ കോച്ചുകളും രണ്ട് ഗാർഡ് കംപാർട്മെന്റുകളുമുണ്ടാവും. ഭിന്നശേഷിക്കാർക്കും, സ്ത്രീകൾക്കും പ്രത്യേകം കോച്ചുകളുണ്ടാവും.
കുഷ്യനുകളുള്ള സീറ്റ്, ലഗേജ് റാക്ക്, മൊബൈൽ ചാർജർ ഹോൾഡർ, റേഡിയം ഇല്യൂമിനേഷൻ ഫ്ളോറിങ് സ്ട്രിപ്, മികച്ച ടോയ്ലറ്റ് സൗകര്യം എന്നിവ അമൃത് ഭാരത് എക്സ്പ്രസുകളുടെ പ്രത്യേകതയാണ്.