വനിതകൾ മാത്രം ചേർന്ന് നിർമിച്ച രാജ്യത്തെ ആദ്യത്തെ ഉപഗ്രഹമായ വി-സാറ്റ് പുതുവർഷദിനത്തിൽ വിജയകരമായി വിക്ഷേപിച്ചു.

തിങ്കളാഴ്ച രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് പിഎസ്എൽവി-സി58 ബഹിരാകാശത്തേക്ക് പറന്നുയർന്നത് കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി കൊണ്ടാണ്. തിരുവനന്തപുരം ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പെൺകുട്ടികളാണ് വുമൺ എൻജിനിയേർഡ് സാറ്റ്ലൈറ്റിന് പിന്നിൽ.

1.4 കിലോ ഭാരമുള്ള ഉപഗ്രഹം രൂപകല്പന ചെയ്തതും വികസിപ്പിച്ചതും വനിതകൾ ചേർന്ന്. 600 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഉപഗ്രഹമെത്തിക്കുന്നത്. കോളേജിലെ സ്പേസ് ക്ലബ് അംഗങ്ങളാണ് നാനോ സാറ്റ്ലൈറ്റിന് പിന്നിൽ.

തങ്ങളുണ്ടാക്കിയ ഉപഗ്രഹവുമായി പിഎസ്എൽവി-സി58 കുതിച്ചുയരുന്നത് എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെമിനാർ ഹാളിലിരുന്നു അവരും കണ്ടു. ഭൂമിയുടെ ഉപരിതലത്തിലും ബഹിരാകാശത്തും അൾട്രാ വയലറ്റ് വികിരണത്തിന്റെ വ്യാപ്തി അളക്കുകയാണ് ഉപഗ്രഹത്തിലൂടെ ലക്ഷ്യംവെക്കുന്നത്.

കൊളജ് അസിസ്റ്റന്റ് പ്രൊഫസറും സാറ്റ്ലൈറ്റ് പ്രൊജക്ട് പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്ററുമായ ലിസി എബ്രഹാം അംഗങ്ങളും ശ്രീഹരിക്കോട്ടയിൽ വിക്ഷേപണം കാണാൻ നേരിട്ടെത്തിയിരുന്നു. അഞ്ചുവർഷത്തെ അധ്വാനമാണ് ഫലം കണ്ടതെന്നും വി-സാറ്റിൽ നിന്ന് ആദ്യത്തെ ഡാറ്റ ലഭിച്ചെന്നും ലിസി എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.

150 വിദ്യാർഥികളാണ് വി-സാറ്റ് വികസിപ്പിക്കാൻ ഒത്തൊരുമിച്ചത്. ഇതിൽ പലരും ബിരുദം പൂർത്തിയാക്കി. നിലവിൽ 42 വിദ്യാർഥികളാണ് ക്ലബ്ബിലെ അംഗങ്ങൾ. 30 ലക്ഷം രൂപ ചെലവഴിച്ചാണ് വി-സാറ്റ് വികസിപ്പിച്ചത്. കേന്ദ്ര സർക്കാരിൽ നിന്ന് 10 ലക്ഷവും കേരള സർക്കാരിൽ നിന്ന് 14.4 ലക്ഷം രൂപയും സഹായമായി ലഭിച്ചു. കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നൽകിയ ഫണ്ടും, ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫണ്ടും ഉപയോഗിച്ചു.
