2022 ഏപ്രിലിന് ശേഷം ആദ്യമായി 45,000 ഡോളർ തൊട്ട് ബിറ്റ്കോയിൻ. പുതുവർഷത്തിൽ പുതുപ്രതീക്ഷകളാണ് വിപണിയിൽ ക്രിപ്റ്റോ കറൻസിയുണ്ടാക്കുന്നത്.
21 മാസങ്ങൾക്ക് ശേഷമാണ് ബിറ്റ്കോയിൻ 45,488 ഡോളറിലെത്തുന്നത്. 154% വളർച്ചയാണ് കഴിഞ്ഞ വർഷം കൈവരിച്ചത്. 2020ന് ശേഷം ആദ്യമായാണ് ഇത്തരമൊരു വളർച്ചയുണ്ടാക്കാൻ ബിറ്റ്കോയിന് സാധിക്കുന്നത്. ഇതിന് മുമ്പ് ഉയർന്ന വില ബിറ്റ്കോയിന് ലഭിക്കുന്നത് 2021ലാണ്. അന്ന് 69,000 ഡോളറായിരുന്നു ബിറ്റ്കോയിൻ വില.
ബിറ്റ് കോയിനിനൊപ്പം ക്രിപ്റ്റോയിലെ മറ്റു കോയിനുകളും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഈഥേറിയം ബ്ലോക്ക്ചെയിൻ നെറ്റ്വർക്കുമായി ബന്ധപ്പെട്ട ഈഥറിന്റെ (Ether) മൂല്യം 1% ഉയർന്ന് 2,376 ഡോളറായി. മറ്റു ക്രിപ്റ്റോ കറൻസികളായ സോലാന (എസ്.ഒ.എൽ) 7%, കാർഡാനോ 5% വർധിച്ചു.
പ്രതീക്ഷയോടെ വിപണി
സ്പോട്ട് ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് തുടങ്ങുന്നതിന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ അംഗീകാരം നൽകുമെന്ന പ്രതീക്ഷയാണ് ക്രിപ്റ്റോ കറൻസി വിപണിയിൽ പ്രതിഫലിച്ചത്.
ക്രിപ്റ്റോ കറൻസി വിപണിയിൽ കൃത്രിമം നടക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി സ്പോട്ട് ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിന് കമ്മിഷൻ പല തവണ അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ 13 സ്പോട്ട് ബിറ്റ്കോയിൻ ഇടിഎഫുകൾക്ക് അനുമതി നൽകാൻ കമ്മിഷൻ ആലോചിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതാണ് വിപണിയിൽ ബിറ്റ്കോയിനോടുള്ള താത്പര്യം വർധിക്കാനുള്ള കാരണം.