ഇന്ത്യയില്‍ നിന്നുള്ള ചെറുകിട സംരംഭകരുടെ ഉൽപ്പന്നങ്ങൾ ഇനി വിദേശ രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്കെത്തും ആമസോൺ വഴി.
കേന്ദ്ര സർക്കാരിന്റെ വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്ട് (ODOP) പ്രോഗ്രാമിന് കീഴിൽ ആഗോള വിപണിയിൽ ചെറുകിട ബിസിനസ്സുകളെ സഹായിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിന്റെ ഒരു വിഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) യും ആമസോൺ ഇന്ത്യയുമാണ് ഒരുമിക്കുന്നത്. ആമസോണിന്റെ സേവനമുള്ള ഇരുന്നൂറിലേറെ രാജ്യങ്ങളിലുള്ള ഉപഭോക്താക്കളിലേക്ക് ഉത്പന്നങ്ങൾ എത്തിക്കാൻ ആമസോണും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡും ചേർന്നാണ് ധാരണാപത്രം ഒപ്പു വെച്ചത്.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഉപയോഗിച്ച് തനതായ ആഭ്യന്തര ഉൽപന്നങ്ങൾക്കായി ഓർഡറുകൾ നൽകാനും ഇത് അന്താരാഷ്ട്ര വിപണികളിൽ ബയർമാരെ അനുവദിക്കും.
ആമസോൺ ഇന്ത്യയുമായുള്ള ഡിജിഎഫ്ടിയുടെ കരാറിൽ പ്രാദേശിക കയറ്റുമതിക്കാർ, നിർമ്മാതാക്കൾ, എംഎസ്എംഇകൾ എന്നിവരെ സഹായിക്കുന്നതിന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നത് അന്താരാഷ്ട്ര ബയർമാരിലേക്കെത്താൻ സഹായിക്കുമെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു. ഗ്രാമീണ മേഖലകളിലും വിദൂര ജില്ലകളിലുമുള്ള പ്രാദേശിക ഉല്പാദകരെ ആഗോള വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇത് രാജ്യത്തെ എംസ്എംഇകൾക്ക് വലിയ കൈത്താങ്ങാകും. ഇ-കൊമേഴ്സിലെ ചെറുകിട ബിസിനസുകൾ വളർത്താനും പദ്ധതി സഹായകരമാകും. ചെറുകിട സംരംഭങ്ങളെ ഇ-കോമേഴ്സിനെ കുറിച്ചു ബോധവല്‍ക്കരിക്കുകയും ആഗോളതലത്തിലെ ഉപഭോക്താക്കള്‍ക്കു മുന്നില്‍ വില്പന നടത്താന്‍ അവരെ പ്രാപ്തരാക്കുകയുമാണ് ഇതിലൂടെ ഡിജിഎഫ്ടിയും ആമസോണും ചെയ്യുക.
നിലവിൽ 100 ജില്ലകളെ ഉൾക്കൊള്ളുന്ന 35-ലധികം ബ്രാൻഡുകളുമായി ODOP പ്രോഗ്രാം കൈകോർത്തിട്ടുണ്ട്. ഓരോ ജില്ലയും ഒരു കയറ്റുമതി ഹബ്ബായി വികസിപ്പിക്കാനുള്ള ഗവൺമെന്റിന്റെ മുൻകൈയുടെ ഭാഗമായി കയറ്റുമതി പ്രോത്സാഹനത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ODOP പദ്ധതിയിൽ ആമസോൺ സഹായിക്കും.
2030 ഓടെ ഇന്ത്യയുടെ 1 ട്രില്യൺ ഡോളർ ചരക്ക് കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിന് മുന്നോടിയായി കയറ്റുമതി ചെയ്യുന്നവരെയും MSME നിർമ്മാതാക്കളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള DGFT യുടെ ശ്രമങ്ങൾക്ക് അനുബന്ധമായാണ് ODOP സംരംഭം ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഇതിൽ ഇ-കൊമേഴ്സ് കയറ്റുമതിയുടെ ലക്ഷ്യം 200-300 ബില്യൺ ഡോളറാണ്.
ഇതനുസരിച്ച്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഡിജിഎഫ്ടിയുടെ പ്രാദേശിക അധികാരികളുമായി സഹകരിച്ച് വിവിധ ശേഷി-വർദ്ധന, ഔട്ട്റീച്ച് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് രാജ്യത്തുടനീളമുള്ള ജില്ലകളെ തിരിച്ചറിയും. ഇ-കൊമേഴ്സ് കയറ്റുമതിയിൽ എംഎസ്എംഇകളെ ബോധവത്കരിക്കുന്നതിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് വിൽക്കാൻ അവരെ പ്രാപ്തരാക്കുന്നതിലും DGFT ശ്രദ്ധ കേന്ദ്രീകരിക്കും.
കരാറിന്റെ ഭാഗമായി, ആമസോണും ഡിജിഎഫ്ടിയും ചേർന്ന് ‘ഡിസ്ട്രിക്റ്റ് ആസ് എക്സ്പോർട്ട്സ് ഹബ്’ സംരംഭത്തിന് കീഴിൽ ഡിജിഎഫ്ടി കണ്ടെത്തിയ ജില്ലകളിലെ എംഎസ്എംഇകൾക്കായി കപ്പാസിറ്റി ബിൽഡിംഗ് സെഷനുകളും പരിശീലനവും വർക്ക്ഷോപ്പുകളും നടത്തും.
സമാനമായ സഹകരണത്തിനായി ഫ്ലിപ്കാർട്ട്, ഇബേ, റിവെക്സ, ഷോപ്പ്ക്ലൂസ്, ഷിപ്പ്റോക്കറ്റ്, ഡിഎച്ച്എൽ എക്സ്പ്രസ് എന്നിവയുമായും ഡിജിഎഫ്ടി ചർച്ച നടത്തിവരികയാണെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലുടനീളമുള്ള ഓരോ ജില്ലയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും വിദേശ വിപണികളിലെ കയറ്റുമതി അവസരങ്ങളുടെ പ്രയോജനം എംഎസ്എംഇകൾ, കർഷകർ, ചെറുകിട വ്യവസായങ്ങൾ എന്നിവയെ പ്രാപ്തരാക്കാനും സംസ്ഥാന സർക്കാരുകളുമായും സ്വകാര്യ കമ്പനികളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നു വിദേശ വ്യാപാര ഡയറക്ടർ ജനറൽ സന്തോഷ് സാരംഗി പറഞ്ഞു.