വാർത്താ വിനിമയ ഉപഗ്രഹ വിക്ഷേപണത്തിന് (communications satellite) ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ ഫാൽക്കൺ-9 റോക്കറ്റ് ഉപയോഗിക്കാൻ ഇന്ത്യ. രാജ്യത്തിന്റെ ബ്രോഡ് ബാൻഡ് വാർത്താ വിനിമയം കൂടുതൽ മെച്ചപ്പെടുത്താനാണ് ഹൈ കപ്പാസിറ്റി സാറ്റ്ലൈറ്റ് കൊണ്ട് ലക്ഷ്യംവെക്കുന്നത്.
ഇന്റർനെറ്റ് ലഭ്യമല്ലാത്ത രാജ്യത്തിന്റെ വിദൂരവും ഒറ്റപ്പെട്ടതുമായി പ്രദേശങ്ങളിൽ മെച്ചപ്പെട്ട സൗകര്യം കൊണ്ടുവരാൻ ഇതുവഴി സാധിക്കുമെന്ന് ഐഎസ്ആർഒയുടെ വാണിജ്യ ഘടകമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് പറഞ്ഞു. ഈ വർഷം രണ്ടാം പാദത്തിൽ ഉപഗ്രഹം വിക്ഷേപിക്കും. ആദ്യമായാണ് ഇസ്റോ ഫാൽക്കൺ റോക്കറ്റ് ഉപഗ്രഹ ലോഞ്ചിനായി ഉപയോഗിക്കുന്നത്. ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹങ്ങൾ വഹിക്കാൻ ശേഷിയുള്ള റോക്കറ്റുകൾ നിലവിൽ ഐഎസ്ആർഒയുടെ പക്കലില്ല. പരമാവധി 4,000 കിലോ ഭാരമുള്ള വാർത്താ വിനിമയ ഉപഗ്രഹങ്ങൾ മാത്രമേ ഇപ്പോൾ ഐഎസ്ആർഒയ്ക്ക് വിക്ഷേപിക്കാൻ സാധിക്കുകയുള്ളു.
4,700 കിലോ ഭാരമുള്ള ഉപഗ്രഹത്തിന് ജിസാറ്റ്-20 (GSAT-20) എന്നാണ് പേരിട്ടിരിക്കുന്നത്. ഹെവി ലിഫ്റ്റ് ലോഞ്ചറായ ഫാൽക്കണിന്റെ വിക്ഷേപണം ഫ്ലോറിഡയിൽ നിന്നായിരിക്കും. ജിസാറ്റ്-20യെ വഹിക്കാൻ ശേഷിയുള്ള റോക്കറ്റുകൾ നിലവിൽ ലഭ്യമല്ലാത്തതിനാലാണ് ഫാൽക്കൺ ഉപയോഗിക്കുന്നതെന്ന് ഇസ്റോ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ഇതുവരെ ഭാരം കൂടിയ ഉപഗ്രഹങ്ങൾ ലോഞ്ച് ചെയ്യാൻ ഇന്ത്യ ഫ്രാൻസിന്റെ എരിയനെസ്പേസിനെയാണ് (Arianespace) ആശ്രയിച്ചിരുന്നത്.
ജിസാറ്റാ-20 ലോഞ്ച് ചെയ്യുന്നതോടെ ആൻഡമാൻ, നിക്കോബാർ, ജമ്മു കാശ്മീർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ബ്രോഡ്ബാൻഡ് കവറേജ് ലഭിക്കും.