സംരംഭങ്ങളെ പഞ്ചായത്ത് തലത്തിൽ വികസിപ്പിക്കാനുള്ള നടപടികളുമായി വ്യവസായ വകുപ്പ്. കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്‍റെ സംരംഭകത്വ പ്രോത്സാഹന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ എന്‍റര്‍പ്രണര്‍ഷിപ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.

വ്യവസായ വകുപ്പിന്‍റെ സേവനങ്ങളും പദ്ധതികളും സംരംഭകരിലേക്കും പൊതുജനങ്ങളിലേക്കും സമയബന്ധിതമായി എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള വ്യവസായവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംരംഭകരെ അറിയിക്കുക, സംരംഭകത്വ പ്രോത്സാഹനത്തിന്‍റെ ഭാഗമായി സംസ്ഥാന വ്യവസായ വകുപ്പ് സ്വീകരിച്ച മികച്ച മാതൃകകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക, ഫീല്‍ഡ് തലത്തില്‍ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികളും ആവശ്യങ്ങളും മനസിലാക്കുക,

സംരംഭകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക, നയങ്ങളും പദ്ധതികളും രൂപീകരിക്കുന്നതിനായി സംരംഭകരുടെ വിലയിരുത്തല്‍ ലഭ്യമാക്കുക, സംരംഭകത്വ വികസനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഫോറങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവ ക്യാമ്പയിനിന്‍റെ ലക്ഷ്യങ്ങളാണ്.

എന്‍റര്‍പ്രണര്‍ഷിപ് ഫെസിലിറ്റേഷന്‍ ക്യാമ്പയിനുകളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലെ സംരംഭകത്വ വികസന എക്സിക്യൂട്ടീവുകളുടെ നേതൃത്വത്തിൽ ഏകദിന ശില്പശാലകള്‍ നടക്കും.  

സംസ്ഥാനത്ത് മികച്ച സംരംഭക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പും വ്യവസായവകുപ്പും സംയുക്തമായി നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് ക്യാമ്പയിന്‍ ആക്കം കൂട്ടും. സംരംഭകവര്‍ഷം പദ്ധതി, ഒരു തദ്ദേശസ്ഥാപനം ഒരു ഉല്‍പ്പന്നം പദ്ധതി, പി.പി.പി പദ്ധതി തുടങ്ങിയവ ഇതില്‍ ശ്രദ്ധേയമാണ്.

എല്ലാ വര്‍ഷവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചു പ്രാദേശിക സാമ്പത്തിക വികസനപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ വികസനത്തിനും, പ്രാദേശിക തലത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് സഹായകരമാകും. സംരംഭം തുടങ്ങുന്നതിന് സംരംഭകര്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനം ലഭ്യമാക്കുന്ന ലൈസന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സമയബന്ധിതമായി നല്കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലളിതമാക്കാനുള്ള പിന്തുണയും ക്യാമ്പയിനിലൂടെ ഉറപ്പുവരുത്തും.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംരംഭക സാധ്യതയുള്ള ഉല്‍പന്നങ്ങള്‍ കണ്ടെത്തി ഒരു തദ്ദേശസ്ഥാപനം ഒരു ഉല്‍പ്പന്നം (വണ്‍ ലോക്കല്‍ ബോഡി വണ്‍ പ്രോഡക്ട് -ഒ എല്‍ ഒ പി) എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 640 തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത ഉല്‍പന്നങ്ങളുടെ മൂല്യവര്‍ധന വികസനത്തെ പിന്തുണയ്ക്കുന്നതിനും അതിനുവേണ്ട പദ്ധതിരേഖ തയ്യാറാക്കുന്നതിനുമായി വ്യവസായവകുപ്പ് 50,000 രൂപ വരെ സഹായം നല്‍കുന്ന പദ്ധതിയാണിത്. ഈ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമിടും.  

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ ഒഴിഞ്ഞു കിടക്കുന്ന ഭൂമി വിനിയോഗിക്കുന്നതിന് പി.പി.പി. (പബ്ലിക് പ്രൈവറ്റ് പഞ്ചായത്ത് പാര്‍ട്ണര്‍ഷിപ്) മാതൃകയില്‍ വ്യവസായ പാര്‍ക്കുകള്‍ / എസ്റ്റേറ്റുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ഭേദഗതി ചെയ്തിരുന്നു. ഇതിനാവശ്യമായ മുഴുവന്‍ തുകയും പരമാവധി 3 കോടി വരെ ഒറ്റത്തവണ സഹായമായി വ്യവസായ വകുപ്പ് നല്‍കുന്നുണ്ട്.

സംരംഭകത്വവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും സംരംഭകത്വ വികസനത്തിന് സര്‍ക്കാര്‍ നല്കുന്ന പിന്തുണയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പ്രാദേശിക സമൂഹങ്ങളിലേക്ക് എത്തിക്കാന്‍ സഹായകമാകുന്ന ആദ്യ സംരംഭങ്ങളിലൊന്നാണിതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പ്രാദേശികതലത്തില്‍ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സമ്പദ് വ്യവസ്ഥയും തൊഴിലവസരവും വര്‍ധിപ്പിക്കാനും ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Entrepreneurship facilitation campaign to be organized within local bodies to develop Kerala into a more Industry friendly state. The Industries Department will take steps to develop Enterprises at Panchayat level. The campaign is organized with the aim of delivering the services and projects of the Industries Department to the Entrepreneurs and the Public in a timely manner.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version