നിർമിത ബുദ്ധി (എഐ) സാങ്കേതിക വിദ്യ ഉപയോഗം വർധിച്ചു വരുന്ന കാലമാണിത്. ലോകത്ത് മിക്ക മേഖലകളിലും എഐ സാങ്കേതിക വിദ്യയുടെ സാന്നിധ്യം ഇന്ന് ഒഴിവാക്കാൻ പറ്റാത്തതാണ്. എന്നാൽ എഐ സാങ്കേതിക വിദ്യ ഉപകാരമാകുന്നത് പോലെ ഭീഷണിയുമാണ്.
മനുഷ്യ വംശത്തിന് എഐ സാങ്കേതിക വിദ്യ ഭീഷണിയാകുമെന്ന ആശങ്ക ശരിവെക്കുന്നതാണ് പല പ്രവർത്തനങ്ങളും. നേരാംവണ്ണം നിയന്ത്രിച്ചില്ലെങ്കിൽ എഐയുടെ ദോഷഫലങ്ങൾ സമൂഹത്തിനെ പലതരത്തിൽ ബാധിക്കും. ഡീപ്ഫെയ്ക്ക് എന്ന എഐ സാങ്കേതിക വിദ്യ ഇത്തരത്തിൽ ഒന്നാണ്. നടിമാരായ രശ്മിക മന്ദാന, കജോൾ, കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരെല്ലാം ഡീപ്ഫെയ്ക്കിന് ഇരയായവരാണ്.
കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും ഡീപ്ഫെയ്ക്കിനെതിരേ രംഗത്തെത്തിയിരുന്നു. തന്റേതെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡീപ്ഫെയ്ക്ക് വീഡിയോ പങ്കുവെച്ചാണ് സച്ചിൻ ഈ സാങ്കേതിക വിദ്യയ്ക്കെതിരേ രംഗത്തെത്തിയത്. ഒരു ഗെയിമിംഗ് ആപ്പ് പ്രോത്സാഹിപ്പിക്കുന്ന സച്ചിന്റെ ഡീപ്ഫെയ്ക്ക് വീഡിയോ ആണ് പ്രചരിച്ചത്. ഈ ഓൺലൈൻ ഗെയിമിലൂടെ തന്റെ മകൾ സാറ ദിവസവും 1.8 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നും വീഡിയോയിൽ പറയുന്നത് കാണാം. ഇത് വ്യാജ വീഡിയോ ആണെന്ന് ചൂണ്ടിക്കാട്ടി സച്ചിൻ തന്നെ രംഗത്തെത്തുകയും ചെയ്തു.
വീഡിയോ വ്യാജമാണെന്നും സാങ്കേതിക വിദ്യ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് കാണുമ്പോൾ ബുദ്ധിമുട്ടുണ്ടെന്നും സച്ചിൻ എക്സിൽ കുറിക്കുകയും ചെയ്തു. പരാതികൾ വരുമ്പോൾ പ്രതികരിക്കാനും ജാഗ്രത പാലിക്കാനും സാമൂഹിക മാധ്യമങ്ങൾ തയ്യാറാകണമെന്നും തെറ്റായ വിവരങ്ങൾ തടയുന്നതിന് അവരുടെ ഭാഗത്ത് നിന്നുള്ള പെട്ടന്നുള്ള നടപടികൾ പ്രധാനമാണെന്നും സച്ചിൻ എക്സിൽ പറയുന്നുണ്ട്.
രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക്ക് വീഡിയോയയിൽ പ്രമുഖരടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. ഡീപ്ഫെയ്ക്കിന് തടയിടാൻ സർക്കാരും മറ്റും തയ്യാറാകണമെന്ന ആവശ്യവും ഉയർന്നിരുന്നു.
ഡീപ്ഫെയ്ക്ക്, വ്യാജ വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടാൽ പ്രതികരിക്കണമെന്നും റിപ്പോർട്ട് ചെയ്യണമെന്നും സച്ചിൻ ആവശ്യപ്പെടുന്നുണ്ട്.
കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെയും വിശ്വാസത്തെയും ഡീപ്ഫെയ്ക്കും എഐ നൽകുന്ന തെറ്റായ വിവരങ്ങളും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ഇതിനെതിരേ രംഗത്തെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Indian cricket legend Sachin Tendulkar has voiced his concern over a deep fake video circulating on social media, wherein he appears to be endorsing an online gaming app. This incident adds to the growing list of Indian celebrities, including actresses Rashmika Mandanna, Alia Bhatt, Kajol, and Katrina Kaif, who have fallen victim to such manipulative videos.