അയോധ്യയിലെ രാം മന്ദറിന് സംരക്ഷണമൊരുക്കാൻ സ്റ്റാർട്ടപ്പ് കരുത്തും. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പ് സ്റ്റാക്യൂ ടെക്നോളജീസ് (Staqu Technologies) ആണ് ഉദ്ഘാടന ദിവസവും മറ്റും സുരക്ഷയൊരുക്കുന്നത്. ഉത്തർപ്രദേശ് പൊലീസും സ്പെഷൽ ടാസ്ക് ഫോഴ്സുമായി സഹകരിച്ചാണ് സ്റ്റാക്യൂ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നത്.
എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഓഡിയോ വീഡിയോ അനലറ്റിക്കൽ സോഫ്റ്റ്‌വെയറായ ജാർവിസിനെയാണ് സ്റ്റാക്യൂ സുരക്ഷയ്ക്ക് ഒരുക്കിയിരിക്കുന്നത്. അയോധ്യയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ജാർവിസിനെ വിന്യസിപ്പിക്കാനാണ് തീരുമാനം.
പ്രദേശത്ത് സംശയാസ്പദമായ എന്ത് നടന്നാലും ജാർവിസ് ഉടനെ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകും. പരീക്ഷണഘട്ടത്തിൽ തന്നെ 99.7% സൂക്ഷ്മതയാണ് ജാർവിസ് പ്രകടിപ്പിച്ചത്. എഐ സാങ്കേതിക വിദ്യ സംയോജിപ്പിച്ച ജാർവിസ് രാം മന്ദിറിന്റെ ഉദ്ഘാടന വേളയിൽ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നാണ് കരുതുന്നത്.
യുപി പൊലീസിന്റെ പക്കലുള്ള 8 ലക്ഷത്തോളം കുറ്റവാളികളുടെ ഡാറ്റ ജാർവിസിന് കൈമാറിയിട്ടുണ്ട്. ഇതുമായി ഒത്തു നോക്കി നിമിഷങ്ങൾ കൊണ്ട് ആളുകളെ തിരിച്ചറിയാൻ ജാർവിസിന് സാധിക്കും. ജാർവിസിന്റെ മറ്റൊരു പ്രത്യേകതയാണ് റിവേർസ് ഫേഷ്യൽ റിക്കഗ്നിഷൻ. ഫോട്ടോയിൽ കാണിക്കുന്ന വ്യക്തികളെ ആൾക്കൂട്ടത്തിൽ നിന്ന് ലൈവ് ക്യാമറയിൽ നീരിക്ഷിച്ച് കണ്ടുപിടിക്കാൻ ജാർവിസിന് സാധിക്കും.
വ്യാജ നമ്പർ പ്ലേറ്റുകൾ ഒട്ടിച്ചു വരുന്ന വാഹനങ്ങൾ കണ്ടുപിടിക്കാനും സ്റ്റാക്യൂവിന് സാങ്കേതിക വിദ്യയുണ്ട്. ഓട്ടോമാറ്റിക് നമ്പർ പ്ലെയ്റ്റ് റിക്കഗ്നിഷൻ സംവിധാനമാണ് ഇതിന് സ്റ്റാക്യൂവിനെ സഹായിക്കുന്നത്. ഇതിന് പുറമേ പരിസരം നിരീക്ഷിക്കാൻ സ്റ്റാക്യൂവിന്റെ പക്കൽ സർവൈലൻസ് ക്യാമറ സംവിധാനവുമുണ്ട്.
വസ്ത്രം, നിറം, ധരിച്ചിരിക്കുന്ന ആഭരണങ്ങൾ എന്നിവ നിരീക്ഷിച്ച് ആളുകളെ കണ്ടെത്താൻ സർവൈലൻസിലൂടെ സാധിക്കും. കൂടാതെ ഫൂട്ട്ഫാൾ അനാലിസിസ് സാങ്കേതിക വിദ്യയും സുരക്ഷ ഉറപ്പിക്കാൻ സ്റ്റാക്യൂ ഉപയോഗപ്പെടുത്തുന്നുണ്ട്.