കേരളത്തിന് വേണ്ടേ ഇ-ബസ്

ലോകം മുഴുവൻ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ അത് നഷ്ടമാണെന്ന കണക്ക് നിരത്തി വീണ്ടും വൻതോതിൽ ഡീസൽ ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി പദ്ധതി തയ്യാറാക്കുന്നു. 950 ഇ ബസുകൾ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്നിരിക്കെ, അതു പോലും നേടിയെടുക്കാൻ ശ്രമിക്കാതെയാണ് ഈ നീക്കം.

ഡീസൽ ക്ഷാമം ഉൾപ്പെടെ കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധി ആ സ്ഥാപനത്തിന്റെ ഭാവി അനിശ്ചിതാവസ്ഥയിലാക്കിയിരിക്കുന്ന സമയത്താണ് ഇലക്ട്രിക് ബസ്സുകൾ ജനപ്രിയ റൂട്ടുകളിൽ ഓടിച്ച് ലാഭത്തിലേക്ക് തിരികെ വരാൻ തീരുമാനിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച കെ-സ്വിഫ്റ്റ്  സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അതിനിടെ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസ് സർവീസ് നഷ്ടത്തിലാണെന്നും, ഇനി ഇത്തരം ബസുകൾ വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ പരാമർശം ആണിപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് നാല് ഡീസൽ ബസുകൾ വാങ്ങാമെന്നു മന്ത്രി പറഞ്ഞതിനെ എതിർത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ,നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, മുൻ മേയർ വി കെ പ്രശാന്ത് എംഎൽഎ  എന്നിവർ രംഗത്ത് വന്നിരുന്നു. കുറഞ്ഞ ടിക്കറ്റ് നിരക്കും, കൂടുതൽ സ്ഥലങ്ങളിലേക്കുള്ള കണെക്ടിവിറ്റിയും ഉറപ്പാക്കുന്ന കെ സ്വിഫ്റ്റിന്റെ ഇ ബസ്സ് സർവീസ് ജനങ്ങളും സ്വീകരിച്ചു കഴിഞ്ഞു.

തലസ്ഥാന നഗരത്തിൽ സർവീസ് നടത്തുന്ന ഇ ബസുകളെല്ലാം ലാഭത്തിലാണ് സർവീസ് നടത്തിയിരുന്നതെന്ന് ഒരു മാസം മുമ്പത്തെ കണക്കുകൾ വ്യക്തമാക്കുന്നു. ‌നഗരത്തിൽ ‌ഡീസൽ ബസ് സർവീസ് നടത്തുമ്പോൾ ചെലവ് 26.50 രൂപയാണ്. ഇലക്ട്രിക് ബസിലാകുമ്പോൾ അത് 4.50 രൂപയായി കുറയും. തലസ്ഥാനത്തെ ആദ്യ ഹരിത നഗരമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയതുകൊണ്ടാണ് യാത്രക്കാർ കൂടുതലായി കയറുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടിയാൽ യാത്രക്കാർ കുറയുമെന്നു മുൻ ഗതാഗത മന്ത്രി ആന്റണി രാജു സൂചിപ്പിച്ചിരുന്നു. മന്ത്രി മാറിയതിന് പിന്നാലെയാണീ ബസ്സുകൾ നഷ്ടമാണെന്ന നിലപാടുമായി നിലവിലെ ഗതാഗത മന്ത്രി രംഗത്തെത്തിയത്. ഏതൊക്കെ കമ്പനികളാണ് ഈ ബസ്സുകൾ നിർമിക്കുന്നതിന് വ്യക്തമല്ലെന്നും, ഇവ എത്ര കാലം നിരത്തിൽ ഊടും എന്നതിന് ഗ്യാരന്റി ഒന്നും ഇല്ലെന്നും വിവാദപരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയത്.

ഇതിന് മുന്നോടിയായാണ് ഒരു ഇ ബസിന്റെ വിലയ്ക്ക് നാല് ഡീസൽ ബസ് വാങ്ങാമെന്ന തരത്തിൽ ഗതാഗതമന്ത്രി പ്രസ്താവന നടത്തിയത്. മറ്റ് സംസ്ഥാനങ്ങൾ കൂടുതൽ ഇ ബസുകൾ സ്വന്തമാക്കുമ്പോൾ ഇവിടെ വിജയമല്ലെന്നാണ് മന്ത്രിയുടെ വാദം.

ഡീസലിനു മാത്രം പ്രതിമാസം 30 കോടിയാണ് കെ.എസ്.ആർ.ടി.സിയുടെ ചെലവ്. ഒരു ലിറ്റർ ഡീസൽ കൊണ്ട് അഞ്ച് കിലോമീറ്റർ പോലും താണ്ടാനാവില്ല. അപ്പോഴാണ് ഒറ്റചാർജ്ജിൽ 300-350 കിലോമീറ്റർ ഓടുന്ന ഇലക്ട്രിക് ബസ് ലാഭമല്ലെന്നുള്ള വാദം ഉയർത്തുന്നത്.

110 ഇ-ബസുകളാണ് നിലവിൽ നഗര ഗതാഗതത്തിന് ഉപയോഗിക്കുന്നത്. ഇതിൽ  50 എണ്ണം കിഫ്ബി ഫണ്ടിലൂടെ വാങ്ങിയതും, 60 എണ്ണം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ ലഭിച്ചതുമാണ്. പുതിയ 20 ഇ ബസ്സുകൾ സർവീസിന് തയാറെടുക്കുകയാണ്.  

പ്രധാനമന്ത്രി ഇ ബസ് യോജനയിലൂടെ 950 എണ്ണം കേരളത്തിന് ലഭിക്കും. സംസ്ഥാനത്തുടനീളം സർവീസുകൾ വ്യാപിപ്പിക്കാൻ ഇവ ധാരാളമാണ്. എന്നാൽ, ഇവ വാങ്ങാൻ ഇതുവരെ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ല.

ഇതിന്റെ വാടക കി.മീറ്ററിന് 54 രൂപയിൽ 22 രൂപയും കേന്ദ്രം വഹിക്കും. വാടകയിൽ ശേഷിക്കുന്നതും കണ്ടക്ടറും ശമ്പളവും കെ.എസ്.ആർ.ടി.സി വഹിക്കണം. പക്ഷെ നയപരമായ കാര്യമായതിനാൽ കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ല. പകരം കിഫ്ബിയിൽ നിന്നുമാണ് നിലവിൽ ഇ ബസ്സുകൾ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നത്.

ഗതാഗത വകുപ്പിന്റെ നാലു പ്രൊാജക്ടുകളാണ് കിഫ്ബി വഴി നടപ്പാക്കുന്നത്. ഇതിൽ കെഎസ്ആർടിസി സ്വിഫ്റ്റിനായി ബസുകൾ വാങ്ങാൻ 386.5 ക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. 50 ഇലക്ട്രിക് ബസുകളും 310 സിഎൻജി ബസുകളും ഉൾപ്പെടെ 900 ബസുകൾ വാങ്ങാനാണ് തുക അനുവദിച്ചിട്ടുള്ളത്. വൈദ്യുതി ബസുകൾക്കായി 75 കോടി ആണ് കിഫ്ബി അനുവദിച്ചത്. ഇതിൽ 27 കോടി കേന്ദ്ര സർക്കാരിന്റെ സബ്‌സിഡി ലഭ്യമാകും.

ഇ ബസ് നിർത്തില്ല, പദ്ധതി തുടരുമെന്ന് തിരുവനന്തപുരം നഗരസഭ

കാർബൺ ന്യൂട്രൽ നഗരം എന്ന നയപരിപാടിയുടെ ഭാഗമായി നിലവിൽ ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഘാതം നിയന്ത്രിക്കാൻ വിവിധ നടപടികൾ തിരുവനന്തപുരം നഗരസഭ നടപ്പാക്കിവരുന്നുണ്ട്. സോളാർ പദ്ധതികൾ, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണം, ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിൽ കാർബൺ ന്യൂട്രൽ നയം നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടമെന്ന നിലയിൽ നഗരസഭ 60 ഇലട്രിക് ബസ്സുകൾ നഗരത്തിൽ സർവീസിനായി KSRTC ക്ക് വാങ്ങി നൽകിയത്. ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ സേവനം വിജയകരമായി തുടരുകയാണ്. അത് തുടരുമെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കുന്നു .

മുൻ തിരുവനന്തപുരം വി.കെ.പ്രശാന്ത് എം.എൽ.എ യും ഇ-ബസ്സുകൾ നിർത്തുന്നതിനെതിരെ നിലപാടെടുക്കുന്നു. തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനുമുള്ളത് നയപരമായ തീരുമാനമാണെന്നായിരുന്നു പോസ്റ്റ്. നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഇതിനെ ലാഭകരമാക്കാൻ കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി ചെയ്യേണ്ടതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി.

ഇലക്ട്രിക് ബസ് ജനങ്ങൾക്ക് ആശ്വാസമെങ്കിൽ അത് തുടരുമെന്നും, ജനങ്ങൾക്ക് കിട്ടുന്ന ആശ്വാസകരമായ സേവനങ്ങൾ തുടരുമെന്നും സി പി എം സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കി.

KSRTC plans to buy back a large number of diesel buses, citing that Electric buses are a loss while the whole world is switching to electric vehicles. While 950 E buses will be available free of charge from the Centre, this move is being taken without even trying to check and analyse the results. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version