ദുബായിൽ സിബിഎസ്ഇ ഓഫീസ് തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബി ഷെയ്ഖ് സെയിദ് സ്റ്റേഡിയത്തിൽ അഹ്ലൻ മോദി പരിപാടിയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഏകദേശം 1.5 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ യുഎഇയിൽ പഠിക്കുന്നുണ്ടെന്നും ഇവർക്കായി സിബിഎസ്ഇ ഓഫീസ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അബുദാബിയിലെ ഡൽഹി ഐഐടിയിൽ ഓഫ് കാമ്പസിൽ മാസ്റ്റർ കോഴ്സ് ആരംഭിച്ചിട്ടുണ്ട്. യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് ഈ സ്ഥാപനങ്ങൾ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെ കുറിച്ചും ആഗോള തലത്തിൽ ഇരുരാജ്യങ്ങളും കൈവരിച്ച നേട്ടങ്ങളെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഇരു രാജ്യങ്ങളുടെയും സാംസ്കാരികവും സാമൂഹികവുമായ നേട്ടങ്ങൾ ലോകത്തിന് മാതൃകയാണ്.
ഐഐടി ഡൽഹി-അബുദാബി കാമ്പസിലെ ആദ്യ ബാച്ച് വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിക്കുകയും ഇരുരാജ്യങ്ങളിലെയും വിദ്യാർഥികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള പദ്ധതിയെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യ, ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കും.
യുഎഇയ്ക്ക് മുന്നിൽ റൂപേ കാർഡ് പാക്ക് അവതരിപ്പിച്ചിട്ടുണ്ട്. യുഎഇയിൽ ഉടൻ റൂപേ കാർഡ് തുടങ്ങും. ഇതു നടപ്പായി കഴിഞ്ഞാൽ ഇന്ത്യയിലെയും യുഎഇയിലെയും അക്കൗണ്ടുകൾ വഴിയുള്ള പണമിടപാട് കൂടുതൽ സുതാര്യമായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാനും ഉഭയ കക്ഷി ബന്ധം പുതുക്കിയും വിവിധ മേഖലകളിൽ കരാറിലേർപ്പെട്ടു. യുഎഇയിൽ 2 ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് പ്രധാനമന്ത്രി. യുഎഇയിലെ ആദ്യത്തെ ഹൈന്ദവ ശിലാക്ഷേത്രമായ ബിഎപിഎസ് (BAPS-ബാപ്സ്) മന്ദിറിന്റെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തിയത്. അബുദാബിയിൽ ക്ഷേത്രം നിർമിക്കാൻ എല്ലാ സഹകരണവും നൽകിയ യുഎഇ പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഊർജ മേഖല അടക്കം 8 മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. നിക്ഷേപം, ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോം, ഡൊമസ്റ്റിക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇന്റർലിങ്കേജ്, സാമ്പത്തിക ഇടനാഴി, ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലാണ് ഇരുവരും തമ്മിൽ കരാറിലേർപ്പെട്ടത്.
Prime Minister Narendra Modi’s recent visit to the United Arab Emirates (UAE), including the inauguration of the BAPS Hindu Mandir, the introduction of UPI to the UAE, and discussions on expanding educational opportunities.