സംസ്ഥാനത്തെ ഭക്ഷ്യ വ്യവസായമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ KSIDC ദുബായില്‍ ഒരുക്കിയ നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തത് നിക്ഷേപകരും സംരംഭകരുമടക്കം നൂറോളം പേര്‍. ഇന്‍വസ്റ്റ് കേരള എന്ന പ്രമേയത്തിലൊരുക്കിയ സമ്മേളനത്തില്‍ കേരളത്തിലെ ഭക്ഷ്യ ശീലങ്ങളും ഭക്ഷ്യ സംസ്ക്കരണ മേഖലയിലെ പുതിയ സാങ്കേതികവിദ്യകളും സാധ്യതകളും നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന അഞ്ച് ദിവസത്തെ ഗള്‍ഫുഡ് 2024 പ്രദര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നിക്ഷേപ സംഗമം സംഘടിപ്പിച്ചത്. റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ച് നടത്തിയ സംഗമത്തില്‍ ഭക്ഷ്യമേഖലയെ സംസ്ഥാനത്തെ സുപ്രധാന നിക്ഷേപസാധ്യതയുള്ള ഇടമായി അവതരിപ്പിക്കാനും കെഎസ്ഐഡിസിയ്ക്ക് സാധിച്ചു.

ഗള്‍ഫുഡ് 2024 ല്‍ കേരള പവലിയനില്‍ പങ്കെടുത്ത സഹപ്രദര്‍ശകരായ ബീക്രാഫ്റ്റ് ഹണി, ക്രീംബെറി യോഗര്‍ട്ട്, ഫൂ ഫുഡ്സ്, ഗ്ലെന്‍വ്യൂ ടീ, ഗ്ലോബല്‍ നാച്വറല്‍ ഫുഡ് പ്രോസസിംഗ് കമ്പനി, ഹാരിസണ്‍സ് മലയാളം, മലബാര്‍ നാച്വറല്‍ ഫുഡ്സ്, മഞ്ഞിലാസ് ഫുഡ് ടെക്, നാസ് ഫുഡ് എക്സിം, പവിഴം റൈസ്, പ്രോടെക് ഓര്‍ഗാനോ, വെളിയത്ത് ഫുഡ് പ്രൊഡക്ട്സ്, എന്നിവര്‍ക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്താനുള്ള അവസരവും സംഗമത്തില്‍ ഒരുക്കിയിരുന്നു.
കേരളത്തിലെ ഭക്ഷ്യ വ്യവസായം ഇതുവരെ കൈവരിച്ച നേട്ടങ്ങളും സംഗമത്തിൽ വിശദമായി എടുത്തുകാട്ടി.
സംസ്ഥാന വ്യവസായ നയം 2023 നടപ്പില്‍ വന്നതിനു ശേഷം കേരളത്തിലെ ഭക്ഷ്യവ്യവസായം വന്‍ കുതിപ്പാണ് നടത്തിയത്. രാജ്യത്തെ കാര്‍ഷികോത്പാദന മേഖലയില്‍ മികച്ച പങ്കാളിത്തമാണ് സംസ്ഥാനം വഹിക്കുന്നത്. കുരുമുളകില്‍ 97 ശതമാനവും, കോക്കൊയില്‍ 70 ശതമാനവും കശുവണ്ടി, കാപ്പി, തേങ്ങ, സമുദ്രോത്പന്നം എന്നിവയില്‍ ഗണ്യമായ വിഹിതവും കേരളത്തില്‍ നിന്നാണ്.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, സെന്‍റര്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവയിലൂടെ നൂതനത്വവും മികവും സംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ രണ്ട് മെഗാ ഫുഡ് പാര്‍ക്കുകള്‍, അഞ്ച് ഭക്ഷ്യസംസ്ക്കരണ പാര്‍ക്കുകള്‍, മിനി ഫുഡ് പാര്‍ക്കുകള്‍ എന്നിവയും, സുഗന്ധവ്യഞ്ജനങ്ങളിലെ പൈതൃകം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്പൈസസ് പാര്‍ക്കും  കേരളത്തിലെ മികച്ച അടിസ്ഥാന സൗകര്യത്തെ എടുത്തു കാട്ടുന്നതായി സംസ്ഥാനത്തെ ഭക്ഷ്യമേഖലയിലെ ആവാസവ്യവസ്ഥയെക്കുറിച്ച് വിശദമായ അവതരണം നടത്തിയ  വ്യവസായ-നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ചൂണ്ടിക്കാട്ടി.  

അസംസ്കൃത ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് എളുപ്പത്തില്‍ സംസ്കൃത വസ്തുക്കളിലേക്കുള്ള പരിവര്‍ത്തനം സാധ്യമാക്കുന്ന  സംവിധാനമാണ് കേരളത്തിനുള്ളത്. ഫലഭൂയിഷ്ഠമായ മണ്ണും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അന്തരീക്ഷവും കാര്‍ഷിക ഉത്പാദനത്തില്‍ കേരളത്തിലെ മുന്‍പന്തിയിലെത്തിക്കുന്നു. നിക്ഷേപകര്‍ കാണിച്ച താത്പര്യം പരിഗണിച്ച് കേരളത്തിലെ ഭക്ഷ്യമേഖലയിലേക്ക് അവരെ ക്ഷണിക്കുകയാണെന്നും സുമന്‍ ബില്ല കൂട്ടിച്ചേര്‍ത്തു.

അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന കേരളത്തിലെ ഭക്ഷ്യസംസ്ക്കരണ മേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനോടൊപ്പം ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വാണിജ്യം വളര്‍ത്തുന്നതിനുമുള്ള സാധ്യതകളാണ് നിക്ഷേപ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കെഎസ്ഐഡിസി എംഡിയും വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോര്‍ പറഞ്ഞു. ഭക്ഷ്യമേഖലയിലൂന്നിയ ആവാസ വ്യവസ്ഥയില്‍ ആഭ്യന്തര-വിദേശനിക്ഷേപങ്ങള്‍ ഒരുപോരെ ആകര്‍ഷിക്കുന്നതിനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.

അസംസ്കൃത ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും മികച്ച ഉത്പാദനശൃംഘലയുമുള്ള മികച്ച നിക്ഷേപ സാധ്യതയാണുള്ളത്.  
യുഎഇയിലെ ഇന്ത്യന്‍ അമ്പാസിഡര്‍ സഞ്ജയ് സുധീര്‍, ഫുഡ് ആന്‍ഡ് ബിവറേജ് മാനുഫാക്ചറിംഗ് ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍ സലേഹ് അബ്ദുള്ള ലൂത്താഹ് എന്നിവരും സംസാരിച്ചു.

Explore investment opportunities in Kerala’s food processing sector presented by KSIDC at the Gulf Food 2024 exhibition in Dubai. Discover the potential for investment in food technologies and innovations showcased at the event.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version