രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ശേഷി പരിശോധിക്കാനൊരുങ്ങി കേന്ദ്രം. രണ്ട് വർഷം കൊണ്ട് 60,000 കിലോമീറ്റർ ട്രയൽ റൺ നടത്താൻ തയാറെടുക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.
കാർബൺ രഹിത ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ നയത്തിനനുസരിച്ചാണ് ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ശേഷി പരിശോധിക്കുക. കാർബൺ അംശം അടങ്ങാത്ത, മലിനീകരണം കുറയ്ക്കുന്ന ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ട്രയൽ റൺ ഏപ്രിൽ മുതൽ രാജ്യത്തെ അഞ്ച് പ്രധാന റൂട്ടുകളിൽ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ നടക്കും. രണ്ട് വർഷം കൊണ്ട് കുറഞ്ഞത് 60,000 കിലോമീറ്റർ ദൂരം ഓടിക്കുകയാണ് ലക്ഷ്യം. ബസ്, ട്രക്ക്, കാർ എന്നിവ ഉപയോഗിച്ചാണ് പരീക്ഷണം.
ഇന്ത്യൻ നിരത്തുകളിൽ ഹൈഡ്രജൻ വാഹനങ്ങളുടെ പ്രകടനം, സാമ്പത്തികമായി അവയുണ്ടാക്കുന്ന നേട്ടങ്ങൾ അടക്കമുള്ളവ പരിശോധിക്കാനാണ് ഈ പരീക്ഷണ ഓട്ട പദ്ധതി. . രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ഭാവി നിർണയിക്കുന്ന പരീക്ഷണമാകും ഇത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിൽ പൂനെയിലെ ഓട്ടമേറ്റീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്.
ചണ്ഡിഗഡ്-ഡൽഹി-ജയ്പൂർ, അഹമ്മദാബാദ്- മുംബൈ- പൂനെ, ചെന്നൈ- ഹൊസൂർ-ബെംഗളൂരു, കൊൽക്കത്ത- ജംഷഡ്പൂർ, റാഞ്ചി, നാഗ്പൂർ- ഇൻഡോർ എന്നിവിടങ്ങളിലാകും പരീക്ഷണയോട്ടം നടക്കുന്ന റൂട്ടുകളെന്നാണ് പ്രാഥമിക വിവരം. ട്രയലിൽ പങ്കെടുക്കാനായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വാഹനങ്ങൾ ഉപയോഗിക്കും. ട്രയലിന്റെ വിലയിരുത്തൽ റിപ്പോർട്ട് ഓട്ടമേറ്റീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ മൂന്ന് മാസത്തിലൊരിക്കൽ കേന്ദ്രത്തിന് കൈമാറും.
കാർബണിന്റെ അംശം അടങ്ങാത്ത ഊർജ്ജ സ്രോതസാണ് ഹൈഡ്രജൻ.
സൗരോർജ്ജം, കാറ്റ് അടക്കമുള്ള പുനരുപയോഗ സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ് എന്ന പ്രക്രിയ കൊണ്ട് വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ബോട്ട് പ്രധാനമന്ത്രി കൊച്ചിയിൽ നീറ്റിലിറക്കിയിരുന്നു. 2047 ഓടെ ഭാവിയുടെ ഇന്ധനം ഗ്രീൻ ഹൈഡ്രജൻ ആക്കിമാറ്റുകയാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. ഇതിനു അനുബന്ധമായി നിരത്തിലോടുന്ന വാഹനങ്ങളും ഭൂരിഭാഗവും ഗ്രീൻ ഹൈഡ്രജനിലേക്കു മാറും.