കള്ളപ്പണം വെളുപ്പിക്കുന്ന വ്യാജ ഐടി കമ്പനികളുടെ (കടലാസ് കമ്പനികൾ) ശൃംഖല രാജ്യത്ത് വ്യാപകമാകുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. വ്യാജ ഐടി കമ്പനികൾ രജിസ്റ്റർ ചെയ്താണ് അഴിമതിപ്പണം വെളുപ്പിക്കുന്നത്. മുംബൈ ആസ്ഥാനമായ നിയും ഇന്ത്യൻ (NIUM Indian) എന്ന കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലുള്ള സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ 123 കോടി രൂപ അന്വേഷണത്തിൻെറ ഭാഗമായി ഇഡി മരവിപ്പിച്ചിരിക്കുകയാണ്. സിംഗപ്പൂരിലേക്ക് കടത്തിയ കള്ളപ്പണം ഓൺലൈൻ ഗെയിമങ് ആപ്പുകൾ വഴി ചൈനയുമായി ബന്ധപ്പെട്ട ഓൺലൈൻ ചൂതാട്ട കമ്പനി സ്വരൂപിച്ചതാണ്. ഈ പണം സിംഗപ്പൂരിലേക്ക് കടത്തി ക്രിപ്റ്റോ കറൻസിയാക്കിയ കേസിൽ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. കള്ളപ്പണം കേരളമടക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാജ ഐടി കമ്പനികളുടെ അക്കൗണ്ടുകൾ വഴിയാണ് കൈമാറിയത്. ഓൺലൈൻ ലോൺ, ചൂതാട്ടം, ബെറ്റിംഗ് ആപ്പുകൾ വഴിയാണ് പണം സ്വരൂപിച്ചിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കൊച്ചി, ചെന്നൈ, മുംബൈ എന്നിങ്ങനെ നിയും ഇന്ത്യയുടെ രാജ്യത്തെ 10 കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തി.
ഫോർട്ട് കൊച്ചി സ്വദേശി റാഫേൽ ജയിംസ് റൊസാരിയോ എന്നയാളാണ് നിയും ഇന്ത്യയുടെ സിങ്കപ്പൂരിലെ രഹസ്യ ബാങ്ക് അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നത് എന്നും ഇഡി കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ച നിരവധി ബാങ്ക് അക്കൗണ്ടുകളും മറ്റും ഇഡി മരവിപ്പിച്ചിട്ടുണ്ട്.
കേരളത്തിലും വ്യാജൻ
കേരള പൊലീസ്, ഹരിയാന പൊലീസ് എന്നിവരുടെ കീഴിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടക്കുന്നത്. ചൈനീസ് ഓൺലൈൻ ചൂതാട്ട കമ്പനിയുടെ ഓൺലൈൻ ലോൺ, ചൂതാട്ടം, ബെറ്റിംഗ് ആപ്പ് ഉപയോഗിച്ചത് വഴി പറ്റിക്കപ്പെട്ട നിരവധി പേരാണ് പരാതിയുമായി മുന്നോട്ടു വന്നത്. കള്ളപ്പണം കടത്താനും വെളുപ്പിക്കാനും കേരളത്തിലെ വിവിധ ബാങ്ക് അക്കൗണ്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും കണ്ടെത്തിയിരുന്നു.
രഹസ്യ ബാങ്ക് അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നത് റാഫേൽ ആണ്.
ഫോർട്ട് വൈപ്പിനിലെ ബന്ധുവിന്റെ വിലാസമാണ് ഇതിനായി ഇയാൾ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ റാഫേലിന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡിക്ക് കാണാൻ കഴിഞ്ഞത് സാമ്പത്തികമായി അത്ര മെച്ചമില്ലാത്ത സാഹചര്യമാണ്. വീട്ടിലെ സാധാരണ അവസ്ഥ കള്ളപ്പണ ഇടപാടുമായി ഒത്തുപോകുന്നതല്ലെന്ന് ഇഡി വിലയിരുത്തി. റാഫേലിന് 30 വയസ്സേ ആയിട്ടുള്ളു എന്നതും ഇഡിയെ ഞെട്ടിച്ചു. അന്വേഷണത്തിന്റെ ഭാഗമായി റാഫേലിനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു. നിയും ഇന്ത്യയുടെ ഡയറക്ടർമാരും കൊച്ചി ഓഫീസിലെത്തി മൊഴി നൽകി.
കള്ളപ്പണത്തിന്റെ വഴി
നിയും ഇന്ത്യയുടെ ഡയറക്ടർമാരുടെ വീടുകൾ, എക്സോഡ്സ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്ര ട്രേഡിംഗ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ടിറനസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഫ്യൂച്ചർ വിഷൻ മീഡിയ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. ഈ കമ്പനികൾ കേരളത്തിലെ നിരവധി ബാങ്കുകളിൽ വ്യാജ പേരുകളിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. പേയ്മെന്റ് ആപ്പുകൾ വഴിയാണ് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചിരിക്കുന്നത്. തുടർന്ന് ചെന്നൈ, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ വ്യാജ ഐടി കമ്പനികളിലേക്ക് ഈ പണം മാറ്റും.
ഇവിടെ നിന്ന് ക്രിപ്റ്റോ, വ്യാജ ഇൻവോയ്സ് എന്നിവയിലൂടെ സിങ്കപ്പൂരിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് രീതി. ഇന്ത്യയിലെ വ്യാജ ഐടി കമ്പനികൾക്കായി സിങ്കപ്പൂരിലെ കടലാസു കമ്പനികൾ ലക്ഷങ്ങൾ വിലയുള്ള വ്യാജ ഇൻഫോയ്സുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഈ ഇൻവോയ്സുകളാണ് നിയും ഇന്ത്യയുടെ സെറ്റിൽമെന്റ് പ്ലാറ്റ്ഫോമിലേക്ക് മാറ്റി വീണ്ടും ഇന്ത്യൻ കമ്പനികളിലേക്ക് കൈമാറുന്നത്. പിന്നീട് ഇതേ പ്ലാറ്റ്ഫോം വഴി പണം ഇന്ത്യയ്ക്ക് പുറത്തേക്ക് കടത്തും.