ദക്ഷിണ റെയിൽവെയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പുതുതായി ലഭിച്ച വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്നു സൂചന നൽകി റെയിൽവേ. തിരുവനന്തപുരം – ബംഗളൂരു പാതയിലും വന്ദേ ഭാരത് സർവീസ് തുടങ്ങുന്നതും റെയിൽവേ പരിഗണനയിലുണ്ട്. എങ്കിലും നിലവിൽ മുൻഗണന എറണാകുളം – ബംഗളൂരു സർവീസ് തന്നെയാണ് .
പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) യിൽ നിന്നും ദക്ഷിണറെയിൽവെയ്ക്ക് അനുവദിച്ച പുതിയ വന്ദേഭാരത് ഉടനെത്തുമെന്നാണ് സൂചന. കഴിഞ്ഞദിവസം ഐ.സി.എഫ്. ആറ് വന്ദേഭാരത് ട്രെയിനുകൾ ആറ് സോണുകൾക്കായി അനുവദിച്ചിരുന്നു.
അതിനിടെ കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത് ഉടനെത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഒരു മാസം മുമ്പ് അറിയിച്ചിരുന്നു. . കേരളത്തിന് പുറത്തേക്ക് സർവീസ് നടത്തുന്ന സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരതായിരിക്കും ഇത് എന്നും സൂചന നൽകിയിരുന്നു.
രാവിലെ അഞ്ചിന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.35-ന് കെ.എസ്.ആർ. ബംഗളൂരു റെയിൽവേ സ്റ്റേഷനിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.05-ന് പുറപ്പെട്ട് രാത്രി 10.45-ന് എറണാകുളം ജങ്ഷനിലെത്തും.
തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ഇന്ത്യൻ റെയിൽവേ ഈ വർഷം 70 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി ട്രാക്കിലിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. 2023 ൽ മാത്രം 34 വന്ദേ ഭാരത് ട്രെയിനുകളാണ് വിവിധ റൂട്ടുകളിലായി റെയിൽവേ പുറത്തിറക്കിയത്.
രാജ്യത്തെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആയിരിക്കും ഈ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുക. പഠനങ്ങളുടെ അടിസ്ഥാനത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കാൻ കഴിയുന്ന 30 റൂട്ടുകൾ റെയിൽവേ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 50 ജോഡി നഗരങ്ങളിൽ കേസ് സ്റ്റഡീസ് നടക്കുന്നുമുണ്ട്.
നിലവിൽ ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളം 41 വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുന്നു. വടക്കൻ റെയിൽവേയും ദക്ഷിണ റെയിൽവേയും എട്ട് വന്ദേ ഭാരത് ട്രെയിനുകൾ വീതം സർവീസ് നടത്തുന്നു. കൂടാതെ, ഈസ്റ്റേൺ റെയിൽവേ, നോർത്ത് ഈസ്റ്റേൺ റെയിൽവേ, നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നിവ ഓരോ വന്ദേ ഭാരത് ട്രെയിൻ ഓടിക്കുന്നു.
ഇന്ത്യൻ റെയിൽവേ ഈ മാർച്ച് മാസത്തിൽ വന്ദേ ഭാരത് സ്ലീപ്പര് ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ പത്ത് ട്രെയിനുകൾ സർവീസിനെത്തിക്കുവാനാണ് റെയിൽവെയുടെ പദ്ധതി. യാത്ര സമയം രണ്ടു മണിക്കൂർ കുറയ്ക്കും, മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയെടുക്കുന്ന ഇവ രാജധാനി എക്സ്പ്രെസ്സുകളെ മറികടക്കും. ഇത് രാജ്യം കാത്തിരിക്കുന്ന സാധാരണക്കാരുടെ വന്ദേ ഭാരത് അൾട്രാ മോഡേൺ സ്ലീപ്പർ. ഏപ്രിലിൽ രാത്രി സർവീസ് തുടങ്ങാൻ ലക്ഷ്യമിട്ടു കോച്ച് നിർമാണം വേഗത്തിലാക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ഡൽഹി-മുംബൈ, ഡൽഹി-പാട്ന, ഡൽഹി-ഹൗറ തുടങ്ങിയ തിരഞ്ഞെടുത്ത ട്രങ്ക് റൂട്ടുകളിൽ വന്ദേ ഭാരത് സ്ലീപ്പർ രാത്രികാലങ്ങളിൽ സർവീസ് നടത്തുമെന്നാണ് ആദ്യ വിവരം. ഈ റൂട്ടുകളിൽ പരീക്ഷണ ഓട്ടം ഏപ്രിലിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ രണ്ടാം വാരത്തോടെ ആദ്യ സെറ്റ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രാജ്യത്ത് സമ്പൂർണ സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദീർഘദൂര രാത്രികാല യാത്രകൾക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നവയണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. മെച്ചപ്പെട്ട കാര്യക്ഷമതയും കുറഞ്ഞ യാത്രാ സമയവും ഉറപ്പു തരുന്ന ഈ സ്ലീപ്പർ ട്രെയിനുകൾ വേഗതയിൽ രാജധാനി എക്സ്പ്രസ് ട്രെയിനുകളെ മറികടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ സ്ലീപ്പർ യാത്രാ സമയം രണ്ട് മണിക്കൂർ കുറയ്ക്കുമെന്നാണ് കണക്കുകൂട്ടൽ. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കുവാൻ ഈ ട്രെയിനിന് സാധിക്കും.
നോൺ എസി, എസി കോച്ചുകളിലായി 850 സ്ലീപ്പിങ് ബെർത്ത് ആണ് വന്ദേ ഭാരത് സ്ലീപ്പറിൽ ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ രൂപകൽപന ചെയ്യുന്ന വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകൾ ഐസിഎഫും ബെംഗളൂരു ആസ്ഥാനമായുള്ള ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎൽ) ഉം ചേർന്നാണ് നിർമ്മിക്കുന്നത്.