കേരളത്തിലെ യുവജനങ്ങൾക്ക് പ്രിയം കൂടുതൽ ഏത് നഗരത്തോടാണ്? കൊച്ചിയോടാണോ, തിരുവനന്തപുരത്തോടാണോ? ബിസിനസ് ചെയ്യാനും ജീവിക്കാനും കേരളത്തിലെ യുവജനത തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത് ഇതിൽ ഏത് നഗരത്തെ ആയിരിക്കും? അതറിയാനായി channeliam.com നടത്തിയ സർവേയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുത്ത നഗരമേതാണെന്ന് അറിയാമോ?
ഏകദേശം 1,20,000 പേരിലേക്കാണ് സർവേ എത്തിയത്. സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷവും തിരുവന്തപുരത്തെക്കാൾ കൊച്ചിയെ ആണ് അനുകൂലിച്ചത്. സർവേയിൽ പങ്കെടുത്ത 83% പേരും കൊച്ചിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോൾ വെറും 17% പേർ മാത്രമാണ് തിരുവനന്തപുരം ബിസിനസിനും ജീവിക്കാനും പറ്റിയ നഗരമായി തിരഞ്ഞെടുത്തത്. കൊച്ചി/തിരുവനന്തപുരത്തെ മികച്ചതാക്കുന്ന ഘടകങ്ങൾ അറിയാൻ 12 ചോദ്യങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്ത് ടെക്നോപാർക്ക് ഉണ്ടായിട്ടും സർക്കാർ സ്ഥാപനങ്ങൾ കൂടുതലായിരുന്നിട്ടും കേരളത്തിൽ മികച്ച തൊഴിൽ അവസരങ്ങൾ തുറന്നു തരുന്ന നഗരമായി ആളുകൾ തിരഞ്ഞെടുത്തത് കൊച്ചിയെ ആണ്. 68% പേരാണ് കൊച്ചിക്കൊപ്പം നിന്നത്. 26% പേർ തിരുവനന്തപുരം സിറ്റിയെയും അനുകൂലിച്ചു.
യുവാക്കൾ ജോലി ചെയ്യാൻ തിരഞ്ഞെടുക്കുന്ന നഗരമേതെന്ന ചോദ്യത്തിന് കൊച്ചി എന്നാണ് 73% പേരും മറുപടി പറഞ്ഞത്. സാമൂഹികമായി ഇടപഴകാനുള്ള നിരവധി അവസരങ്ങൾ കൊച്ചി തുറന്നു നൽകുന്നത് കൊണ്ട് കൂടിയായിരിക്കാം ആളുകൾ കൊച്ചിയെ തിരഞ്ഞെടുക്കാൻ ഇഷ്ടപെടുന്നത്. വർഷം മുഴുവനും കൺസേർട്ടുകളും ഫാഷൻ ഷോകളും പാർട്ടികളും മറ്റ് പലതരം പരിപാടികളും യുവാക്കളെ കൊച്ചിയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. ഒരു ദിവസത്തെ ജോലി കഴിഞ്ഞ് ഇടവേള സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെയും വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെയും ചെയ്യാൻ കൊച്ചി അവസരം നൽകും.
ജെൻഡർ സമത്വം ഉറപ്പാണോ?
തൊഴിലിടങ്ങളിലെ ജെൻഡർ സമത്വത്തിന്റെ കാര്യത്തിലും കൊച്ചി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. സർവേയിൽ പങ്കെടുത്ത 70% പേർ കൊച്ചിയിലെ തൊഴിലിടങ്ങളിൽ ജെൻഡർ സമത്വം ലഭിക്കുമെന്ന് കരുതുന്നവരാണ്. തിരുവനന്തപുരത്തെ തൊഴിലിടങ്ങളിൽ ജെൻഡർ സമത്വം ലഭിക്കുമെന്ന് കരുതുന്നവർ 23% ആണ്.
സ്റ്റാർട്ടപ്പുകളും സംരംഭങ്ങളും ധാരാളമുള്ള കൊച്ചിയിൽ മികച്ച ശമ്പള സ്കെയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ നിരവധിയാണ്. 71% പേർ കൊച്ചിയെ അനുകൂലിച്ചപ്പോൾ 23.5% പേർ തിരുവനന്തപുരത്തിന് ഒപ്പം നിന്നു. ജീവിത ചെലവ് പരിഗണിക്കുമ്പോൾ ആളുകൾ കൂടുതൽ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന നഗരവും കൊച്ചി തന്നെ 58.5% പേർ കൊച്ചിയെ തിരഞ്ഞെടുത്തപ്പോൾ 33.5% പേർ തിരുവനന്തപുരത്തെയാണ് തിരഞ്ഞെടുത്തത്.
കമ്പനികൾക്കും കൊച്ചി വേണം
ഐടി-ടെക്ക് കമ്പനികളെ കൊച്ചി എന്നും സ്വാഗതം ചെയ്യാറുണ്ട്. ഐടി-ടെക്ക് കമ്പനികൾക്ക് വളരാൻ പറ്റിയ നഗരമായി ആളുകൾ തിരഞ്ഞെടുത്തതും കൊച്ചിയെയാണ്. 68.5% പേരാണ് കൊച്ചിയെ തിരഞ്ഞെടുത്തത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ വേതനം എന്നത് പലപ്പോഴും പാഴ്വാക്കായി പോകാറാണ് പതിവ്. പേ ഗ്യാപ് ഇല്ലെന്ന് കരുതുന്ന നഗരങ്ങളിലും കൊച്ചി തന്നെയാണ് മുന്നിൽ. 66% പേർ കൊച്ചിക്കൊപ്പം നിന്നപ്പോൾ 25% പേരാണ് തിരുവനന്തപുരത്തെ അനുകൂലിച്ചത്.പുതിയ ബിസിനസ് തുടങ്ങാൻ ആളുകൾ തിരഞ്ഞെടുക്കുന്ന നഗരവും കൊച്ചിയാണ്. അന്താരാഷ്ട്ര വിമാനത്താവളം, തുറമുഖം, കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള താമസക്കാർ എന്നിവയെല്ലാം ബിസിനസ് വളരാനുള്ള ഘടകമായി കാണുന്നത് കൊണ്ട് കൂടിയാകാം കൊച്ചിയെ ആളുകൾ തിരഞ്ഞെടുത്തത്. 71% പേർ കൊച്ചിയും 22% പേർ തിരുവനന്തപുരത്തെയും അനുകൂലിച്ചു.
ഫ്രഷർമാർക്ക് പറ്റിയ ഇടം
ബിസിനസുകൾക്കും സംരംഭങ്ങൾക്കും തുടങ്ങാനും പ്രവർത്തനങ്ങൾ നടത്താനും തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. പുതിയ ബിസിനസുകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളും മറ്റും മികച്ച പിന്തുണ നൽകുന്ന നഗരം ഏതെന്ന ചോദ്യത്തിന് 64% കൊച്ചിയെ തിരഞ്ഞെടുത്തു. വളരെ കുറച്ച് പേർ മാത്രമാണ് തിരുവനന്തപുരത്തെ തിരഞ്ഞെടുത്തത്. നല്ല നൈറ്റ് ലൈഫ് ഉള്ള നഗരങ്ങൾ ചെറുപ്പക്കാരെ കൂടുതൽ ആകർഷിക്കും.
ജോലി കഴിഞ്ഞാൽ മുറിക്കകത്ത് അടച്ചിരിക്കാൻ ആഗ്രഹിക്കാത്തവരാണ് മിക്കവരും. നല്ല നൈറ്റ് ലൈഫ് കൊച്ചിയിൽ ആണെന്ന് 73.5% പേരാണ് പറഞ്ഞത്. തിരുവനന്തപുരത്തെ അനുകൂലിച്ചത് 22% പേരും. പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന ആളുകൾ ഏറ്റവും അധികം കുടിയേറുന്നത് കൊച്ചിയിലേക്ക് ആയിരിക്കും. ഫ്രഷർമാരെ കൊച്ചി സ്വാഗതം ചെയ്യുമെന്നാണ് അധികമാളുകളും കരുതുന്നത്. സർവേയിൽ പങ്കെടുത്ത 69.5% പേർ കൊച്ചിയെയാണ് തിരഞ്ഞെടുത്തത്.
കമ്പനികൾക്കും തൊഴിലിനും വളരാൻ പറ്റിയ ഇക്കോസിസ്റ്റമുണ്ടെന്ന് 69% പേർ കരുതുന്ന നഗരവും കൊച്ചി തന്നെയാണ്. സർവേയിലെ എല്ലാ ചോദ്യങ്ങളിലും കൊച്ചി തന്നെയാണ് മുന്നിൽ നിന്നത്.