ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകളെ തിരികെ കൊണ്ടുവന്ന് ഗൂഗിൾ. പ്ലേ സ്റ്റോറിൽ നിന്ന് നീക്കിയ 250 ആപ്പുകളുടെ വിലക്ക് ഗൂഗിൾ നീക്കി. ഇന്ത്യൻ ആപ്പുകൾ നീക്കം ചെയ്ത വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപ്പെട്ടിരുന്നു. പിന്നാലെയാണ് ആപ്പുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഗൂഗിൾ എടുത്തുമാറ്റിയത്. ഇന്ത്യൻ ആപ്പുകൾ വീണ്ടും പ്ലേ സ്റ്റോറിൽ പ്രത്യക്ഷപ്പെട്ടെങ്കിലും കമ്പനികളിൽ നിന്ന് 11%-26% വരെ സർവീസ് ഫീസ് വാങ്ങാനുള്ള നടപടികൾ തുടരാനാണ് ഗൂഗിളിന്റെ തീരുമാനം.
![](https://channeliam.com/wp-content/uploads/2024/03/Untitled-design-2024-03-07T102540.285-1.jpg)
സുപ്രീം കോടതിയിൽ അപ്പീലുള്ളതിനാൽ നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകളെ താത്കാലികമായി പ്ലേ സ്റ്റോറിൽ മടക്കി കൊണ്ടുവരുമെന്ന് ഗൂഗിളുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം സർവീസ് ഫീസ് ഈടാക്കുന്നത് തുടരുമെന്നും തുക അടയ്ക്കാനുള്ള സമയപരിധി കമ്പനികൾക്ക് നീട്ടികൊടുക്കുമെന്നും ഗൂഗിൾ പറഞ്ഞു. ഇരുകക്ഷികളുടെയും ആവശ്യങ്ങൾ പരിഗണിച്ച് കൊണ്ടൊരു തീരുമാനത്തിലെത്താനാണ് ശ്രമം.
കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ആപ്പ് ഫൗണ്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗൂഗിൾ ഇക്കാര്യം പറഞ്ഞത്.
പ്ലേ സ്റ്റോറിൽ അവരവരുടെ ആപ്പുകൾ റീലിസ്റ്റ് ചെയ്യാൻ എല്ലാ സ്റ്റാർട്ടപ്പുകൾക്കും അവസരമുണ്ടെന്നും എന്നാൽ ഇൻ-ആപ്പ് പർച്ചേസുകൾ വൈകാതെ നടപ്പാക്കുമെന്നും ഗൂഗിൾ പറഞ്ഞു. ഇത് നടപ്പാക്കി തുടങ്ങിയാൽ ഇനി മുതൽ സ്റ്റാർട്ടപ്പുകൾ 11-30% വരെ സർവീസ് ഫീസ് ഗൂഗിളിന് നൽകേണ്ടി വരും.