ആവറേജ് ഒരു യാചകന് മാസം എത്ര രൂപ കിട്ടും? ഒരു രൂപയോ രണ്ട് രൂപയോ നമ്മള് കൊടുക്കുമ്പോ അതിന്റെ കോംപൗണ്ട് മൂല്യം മനസ്സിലാക്കാൻ പറ്റാത്തതുകൊണ്ടാണ് യാചകൻ ദരിദ്രനാണെന്ന ഒരു ചിന്ത നമുക്കുണ്ടാകുന്നത്.
പക്ഷെ, മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിലെ യാചകനായ ഭാരത് ജെയിൻ ഭിക്ഷയാചിച്ച് സമ്പാദിച്ചത് 7 കോടി രൂപയുടെ ആസ്തിയാണെന്ന വാർത്ത പലരേും അമ്പരപ്പിക്കുമെങ്കിലും, തെണ്ടലിന്റെ അരിത്തമറ്റിക്സ് അറിയാവുന്നവർ അത്ഭുതപ്പെടില്ല. ഭാരത് ജെയിൻ എന്ന യാചകൻ താമസിക്കുന്നത് മുംബൈ പരേലിലെ ഒരു കോടിക്ക് പുറത്ത് വിലയുള്ള ആഡംബര ഫ്ലാറ്റിലാണ്. വീക്കിലി ഓഫ് എടുക്കാറില്ല. 10 മണിക്കൂർ വെടിപ്പായി പണിയെടുക്കും. മാസം 75,000 രൂപ വരെ സമ്പാദിക്കും. ഭിക്ഷ യാചിച്ച് കിട്ടിയ പൈസ കൊണ്ട് ഫ്ലാറ്റ് മാത്രമല്ല, ബിസിനസ്സിൽ നിക്ഷേപവുമുണ്ട് ഭാരത് ജെയിനിന്. താനെയിൽ ഒന്നല്ല രണ്ട് കടകളാണ് വാടയ്ക്ക് കൊടുത്തിരിക്കുന്നത്, വാടക 30,000 രൂപ എല്ലാ മാസവും. മക്കൾ പഠിക്കുന്നത് കോൺവെന്റ് സ്കൂളിലും. മാത്രമല്ല, ഭിക്ഷയെടുത്ത് കിട്ടുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ക്ഷേത്രങ്ങൾക്കും സംഭാവനയായും ഇയാൾ നൽകും. എങ്ങനെ ഇരിക്ക്ന്ന്?
നല്ല പ്രൊഫഷണൽ യാചകരുടെ ഇന്ത്യയിൽ നൂറുകണക്കിന് ലക്ഷാധിപതികളായ ഭിക്ഷക്കാരുണ്ട്. ഫ്ലിപ്പ്കാർട്ട് പോലുള്ള കമ്പനികളേക്കാൾ കൂടുതൽ വരുമാനം ഉണ്ടാക്കുന്നത് ഇന്ത്യയുടെ ഭിക്ഷാടന വ്യവസായമാണ്. 12,433 കോടി രൂപയുടെ ഭിക്ഷാടന ബിസിനസ് ആണ് ഇന്ത്യയിൽ നടക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കേണ്ടി വരും. കാരണം വിവിധ പഠനങ്ങൾ വെളിവാക്കുന്നത് ഇന്ത്യയിലെ യാചക മേഖല ഇന്ന് 1.5 ബില്യൺ ഡോളർ മതിക്കുന്നതാണ് എന്നതാണ്. 2011ലെ സെൻസസ് പ്രകാരം 140.76 കോടി ജനസംഖ്യയുള്ള രാജ്യത്ത് 4,13,670 യാചകരുണ്ട്. ഇതിൽ 2,21,673 പേർ പുരുഷ യാചകരും, 1,91,997 സ്ത്രീകളുമാണ്.
വാർഷിക ഇൻഷുറൻസ് പ്രീമിയമായി 36,000 അടയ്ക്കുന്ന ഒരു സ്ത്രീയെ യാചക ഈയിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. സമ്പന്നരായ ഭിക്ഷാടകരുടെ നിരവധി ഉദാഹരണങ്ങൾ ഇന്ത്യയിൽ ഇന്നുണ്ട്. ഇന്ത്യയിലെ യാചക വ്യവസായം മനുഷ്യക്കടത്ത്, തീവ്രവാദം, മറ്റ് ഹീനമായ കുറ്റകൃത്യങ്ങൾ എന്നിങ്ങനെ ഒന്നിലധികം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പിണഞ്ഞ് സങ്കീർണ്ണമായി കിടക്കുകയാണ് . മറ്റ് പല വ്യവസായങ്ങളെയും പോലെ, ഇന്ത്യയിലെ ഭിക്ഷാടനം വളരെ സംഘടിതമായ ഒരു ഘടനയാണ് പിന്തുടരുന്നത്, എല്ലാ നഗരങ്ങളിലും മാഫിയ/ ഭിക്ഷാടന സംഘങ്ങൾ പിടിമുറുക്കിയിട്ടുണ്ട്.
കഴിഞ്ഞ സെൻസസ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ 4,13,670 ഭിക്ഷാടകരുള്ളതിൽ 81,000 പേർ പശ്ചിമ ബംഗാളിൽ മാത്രമാണ് എന്ന് സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം വ്യക്തമാക്കുന്നു . ഈ കണക്കുകൾ അടുത്ത കാലത്തു വർദ്ധിക്കാനേ സാധ്യതയുള്ളൂ.
65,835 യാചകരുമായി ഉത്തർപ്രദേശ് രണ്ടാമതും ആന്ധ്രാപ്രദേശ് 29,723 ഉം മധ്യപ്രദേശ് 28,695 ഉം ആണ്.
രാജ്യത്തിൻ്റെ തലസ്ഥാനമായ ഡൽഹിയിൽ 2,187 യാചകരുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്, എന്നാൽ റിപ്പോർട്ടുകൾ പ്രകാരം, മുംബൈയിൽ ഇവരുടെ എണ്ണം 80,000 ആയി ഉയർന്നു.
സർവ്വേകൾ പ്രകാരം ഇന്ത്യയിൽ ഒരു ശരാശരി യാചകന് പ്രതിമാസം 24,000 രൂപ വരെ നേടാൻ സാധിക്കുന്നു. വളരെ കുറച്ചു ഭിക്ഷാടനക്കാർ മാത്രമാണ് ഈ തുക ബാങ്കിൽ നിക്ഷേപിക്കുന്നത് . ഈ പണം റിയൽ എസ്റ്റേറ്റ്, സ്കാർപ്പ് തുടങ്ങിയ തീവ്രമായ ബിസിനസ്സുകളിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ അവർ ഉപയോഗിക്കുന്നു. കണക്കുകൾ പ്രകാരം അവർ കൂടുതലും പണം ചെലവഴിക്കുന്നത് മയക്കുമരുന്ന്, മദ്യം, പുകയില അല്ലെങ്കിൽ നിക്ഷേപം എന്നിവയിലാണ്. ഇന്ത്യയിലെ സമ്പന്നരായ ഭിക്ഷാടകർ മൊബൈൽ ഫോണുകൾ, FD നിക്ഷേപം, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവയിൽ നിക്ഷേപിക്കുന്നു.
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ഇവരുടെ ഉപജീവനത്തിനും സംരംഭത്തിനും പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തികൾക്കുള്ള പിന്തുണക്കായി “സ്മൈൽ” എന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന വ്യക്തികൾക്കുള്ള ക്ഷേമ നടപടികൾ ഉൾപ്പെടെ നിരവധി സമഗ്രമായ നടപടികൾ ഈ സ്കീം ഉൾക്കൊള്ളുന്നു. പുനരധിവാസം, മെഡിക്കൽ സൗകര്യങ്ങൾ, കൗൺസിലിംഗ്, അടിസ്ഥാന ഡോക്യുമെൻ്റേഷൻ, വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാമ്പത്തിക ബന്ധങ്ങൾ തുടങ്ങിയവയിലാണ് പദ്ധതിയുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഭിക്ഷാടകർ ട്രാഫിക് സിഗ്നലുകളിലോ പൊതുസ്ഥലത്തിനടുത്തോ യാചിക്കുന്നത് ഇന്ത്യയിലെ ഏറ്റവും സാധാരണമായ കാഴ്ചകളിലൊന്നാണ്. ഇന്ത്യൻ ഭിക്ഷാടകരെ ഒഴിവാക്കാൻ പ്രയാസമാണെങ്കിലും അതിലും വലിയ വെല്ലുവിളിയാണ് എന്നെന്നേക്കുമായി നടക്കുന്ന ഈ പ്രവർത്തനത്തിന് ഒരിക്കൽ കൂടി ഒരു വിരാമമിടുക എന്നതാണ്.
ഇതൊക്കെ മുൻനിർത്തിയാണ് കേന്ദ്രം ഭിക്ഷ മുക്ത ഭാരത് പദ്ധതിക്ക് തുടക്കമിട്ടത്. ഇത് പ്രകാരം മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ഊന്നൽ നൽകി യാചകരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ദേശീയ സർവേയ്ക്കും പുനരധിവാസ ശ്രമത്തിനുമായി 30 നഗരങ്ങളെ സർക്കാർ ലക്ഷ്യമിടുന്നു.
പ്രാദേശിക അധികാരികളുമായി സഹകരിച്ച് 2026-ഓടെ യാചക രഹിത മേഖലകൾ സൃഷ്ടിക്കാൻ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം ലക്ഷ്യമിടുന്നു. ഉപജീവനത്തിനും സംരംഭങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ട വ്യക്തികൾക്കുള്ള പിന്തുണ’- “സ്മൈൽ” പദ്ധതിയുടെ ഭാഗമായ ഈ സംരംഭത്തിൽ ഒരു പോർട്ടലും മൊബൈൽ ആപ്പും ഉൾപ്പെടുന്നു.
അതുകൊണ്ട്, അടുത്ത തവണ നിങ്ങൾ ഒരു നല്ല പ്രവൃത്തി ചെയ്യാൻ ആഗ്രഹിക്കുമ്പോൾ അത് ഒരു സുതാര്യമായി പ്രവർത്തിക്കുന്ന ഏതെങ്കിലും ജീവകാരുണ്യ സംഘടനയ്ക്ക് നൽകുക. എല്ലാവരും അങ്ങനെ തീരുമാനിച്ചാൽ ഇന്ത്യയിലെ ഭിക്ഷാടന വ്യവസായം അവസാനിച്ചാലോ?
The dynamics of begging in India, including the average income of beggars, the organized structure of the industry, and government initiatives aimed at rehabilitation and empowerment.