വരവേൽപ്പ്, മിഥുനം, പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ മലയാള സിനിമകളിൽ പൊതുവായി ഒരു കാര്യമുണ്ട്. അതെ, കേരളത്തിൽ ഒരു സംരംഭം തുടങ്ങാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള ബുദ്ധിമുട്ട്. സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയാലും തൊഴിലാളി യൂണിയനുകളെയും പലവിധ സംഘടനകളെയും പ്രീണിപ്പിച്ച് നിർത്തിയാലും ഇവിടെ ഒരു സംരംഭം തുടങ്ങാൻ വിയർക്കേണ്ടി വരുമെന്ന കുപ്രസിദ്ധി പോലും കേരളത്തിനുണ്ട്. സംരംഭം തുടങ്ങാൻ പുറപ്പെട്ട് ഒടുവിൽ എല്ലാം അവസാനിപ്പിച്ച് ഗൾഫിലേക്കും മറ്റും പോകുന്നവരുടെ ജീവിതകഥകൾ നിരവധിയാണ് മലയാളികൾ കേട്ടിട്ടുള്ളത്.
കാലം മാറി, വർഷം 2024 ആയി. ഇപ്പോൾ അവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ? കേരളം സംരംഭക സൗഹൃദമായോ? സംരംഭകരെയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകർഷിക്കാൻ ഇപ്പോഴത്തെ സർക്കാരിന്റെ നേതൃത്വത്തിൽ കോൺക്ലേവുകളും എക്സ്പോകളും ഫെസ്റ്റുകളും നിരവധിയാണ് ഇവിടെ സംഘടിപ്പിക്കുന്നത്.
ഇത് കേരളത്തോടുള്ള സംരംഭകരുടെ മനോഭാവത്തിൽ മാറ്റം കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ടോ? പിണറായി സർക്കാർ സംരംഭകർക്ക് അനുകൂലമാണോ? ഇതറിയാനായി channeliam.com ഒരു പോൾ നടത്തി. പിണറായി സർക്കാർ സംരംഭകർക്ക് അനുകൂലമോയെന്നായിരുന്നു ചോദ്യം. സോഷ്യൽ മീഡിയയിലൂടെ നടത്തിയ പോൾ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിയത്.
സർവേയിൽ പങ്കെടുത്ത് വോട്ട് ചെയ്തവരിൽ 80% പേരും, കേരളം സംരംഭക അനുകൂലമല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. വെറും 20% പേർ മാത്രമാണ് പിണറായി സർക്കാർ സംരംഭകർക്ക് അനുകൂലമാണെന്ന നിലപാട് സ്വീകരിച്ചത്. പിണറായി സർക്കാരിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും വന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം കേരള സ്റ്റാർട്ടപ് മിഷൻ ആണെന്നും ഈ സർക്കാർ പ്രൈമറി സെക്ടറിനെ മാത്രമേ അനുകൂലിക്കൂ എന്നും തരത്തിലുള്ള കമന്റുകൾ വന്നിരുന്നു. കേരളം സംരംഭക സൗഹാർദമാകാൻ ഇനിയും മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പോളിലെ ഉത്തരങ്ങൾ വിരൽ ചൂണ്ടുന്നത്.
Entrepreneurship in Kerala: Is the Pinarayi Government Pro-Entrepreneurs? Poll Results Revealed