പിതാവ് ലോകത്തെ ഏറ്റവും ധനികനായ വ്യവസായികളിൽ ഒരാൾ. മാതാവ് ബോളിവുഡ് സുന്ദരി. വലിയച്ഛൻ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ. കുടുബമോ? ഇന്ത്യൻ ബിസിനസ്സിന്റെ അവസാന വാക്കും. മുത്തച്ഛൻ ഇന്ത്യയുടെ ബിസിനസ്സ് ഭാഗധേയം മാറ്റി മറിച്ച ധിഷണാശാലി. 1991 ഡിസംബർ 12 ന് ജയ് അൻമോൾ ജനിച്ചത് ഈ പ്രൊഫൈലിലാണ്. ഒരുപക്ഷെ, ഇന്ത്യയിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത ലക്ഷ്വറിയിലും കോടികളുടെ ആസ്തിയിലും. ബാല്യത്തിൽ തന്നെ ഉണ്ടായിരുന്നത് ബില്യൺ ഡോളർ നെറ്റ് വർത്തും. പക്ഷെ അൻമോളിന് 20 വയസ്സായപ്പോഴേക്ക് സ്വന്തം പിതാവിന് അടിപതറുന്നത് കണ്ടുതുടങ്ങി. 2G സ്പെക്ട്രം, ദക്ഷിണാഫ്രിക്കൻ ടെലികോം ജയ്ന്റ് എം.ടി.എന്നുമായുള്ള കരാർ, കോടികളുടെ ലോൺ .. എല്ലാം പൊള്ളി, കേസുകളുടെ നടുവിലായ പിതാവ്, 2020-ൽ UK കോടതിയോട് പറഞ്ഞു, ഞാൻ പാപ്പരാണ്. എല്ലാം വിറ്റ് കേസ് നടത്തുകയാണിപ്പോൾ. പിതാവ് കടക്കെണിയുടെ ചുഴിയിൽ അകപ്പെട്ട് രക്ഷപെടാനാകാതെ പിടയുമ്പോൾ അൻമോളിന് പ്രായം കേവലം 25 വയസ്സ് മാത്രം! പറഞ്ഞ് വരുന്നത് മുകേഷ് അംബാനിയുടെ അനിയൻ അനിൽ അംബാനിയെക്കുറിച്ചും, അദ്ദേഹത്തിന്റെ മകൻ ജയ് അൻമോൾ അംബാനിയെക്കുറിച്ചും (Jai Anmol Ambani).
കുടുംബസ്വത്ത് ഭാഗിച്ച് സ്വന്തം നിലയ്ക്ക് ബിസിനസ്സ് തുടങ്ങുമ്പോൾ 1.83 ലക്ഷം കോടിയായിരുന്നു അനിലിന്റെ ആസ്തി. അവിടെനിന്നാണ് സീറോ ആസ്തിയിലേക്ക് അനിൽ വീണത്. അതുകൊണ്ട് തന്നെ സീറോയിൽ നിന്ന് തുടങ്ങണമായിരുന്നു ജയ് അൻമോളിന്. പക്ഷെ തോൽക്കാൻ മനസ്സില്ലാത്ത പോരാളികൾക്ക് കാലം ചില സമ്മാനങ്ങൾ കാത്ത് വെയ്ക്കും. ബിസിനസ്സിന്റെ തനി നാടൻ പ്രയോഗങ്ങളും അത് കൊണ്ടുനടക്കാനുള്ള മെ്വഴക്കവും ഒപ്പം കോർപ്പറേറ്റ് ബിസിനസ്സിന്റെ രീതിശാസ്ത്രവും കൈമുതലാക്കി ഇന്ത്യൻ കോർപ്പറേറ്റ് മേഖലയെ പുനർ നിർവ്വചിച്ച ഒരേയൊരു ധിരുബായ്! അദ്ദേഹത്തിന്റെ കൊച്ചുമകന് എക്കാലവും ഒരു നഷ്ടപ്രതാപത്തിൽ ജീവിക്കാനാകുമോ?
പലപ്പോഴും ബിസിനസ് ബാക്ക്ഗ്രൗണ്ടുള്ള കുടുംബങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് പണത്തിന്റെ മൂല്യം അറിയില്ല എന്ന് പറയാറുണ്ട്. പക്ഷെ ജയ് അൻമോളിന്റെ ബാല്യകാലത്ത്, അന്ന് അനിൽ പ്രതാപത്തിൽ നിൽക്കുന്ന സമയമാണ്. എല്ലാ ദിവസും ഒരു കളിപ്പാട്ടം വാങ്ങണം എന്ന വാശിയുണ്ടായിരുന്നു. കിട്ടിയില്ലങ്കിൽ കരയും. പക്ഷെ അമ്മ ടിന അംബാനിയുടെ സ്നേഹപൂർവ്വമായ ഉപദേശം അവൻ കേട്ടു, എന്നും കളിപ്പാട്ടം വാങ്ങി പൈസ കളയരുത് എന്ന് മാത്രമല്ല, അവന്റെ ജീവിതത്തിലങ്ങോട്ട് മുഴുവൻ. പണത്തിന്റെ മൂല്യവും അത് ചിലവഴിക്കുന്നതിലെ മിതത്വവും ശീലിക്കാൻ ബാല്യത്തിലേ ജയ് അൻമോൾ ശീലിച്ചു.
വെറും പതിനെട്ട് വയസ്സായപ്പോഴേക്ക് Reliance Mutual Fund, RMF-ൽ ഇൻേൺഷിപ്പ് ചെയ്യാൻ ജയ് അൻമോൾ തയ്യാറായി. സെക്ടർ അനാലിസിസ്, ഫിൻഷ്യൽ സ്റ്റേറ്റ്മെന്റ്സ്, പോർട്ട്ഫോലിയോ ക്രിയേഷൻ തുടങ്ങി വെൽത്ത് മാനേജ്മെന്റിന്റെ ബാലപാഠം അയാൾ ഹൃദിസ്ഥമാക്കി. ആ പ്രായത്തിൽ തന്നെ സ്റ്റോക്കിൽ നിക്ഷേപിക്കാൻ തുടങ്ങി, അങ്ങനെ സ്വത്മായി വെൽത്ത് ക്രിയേറ്റ് ചെയ്യാനും. അതിനിടയിൽ ലോകത്ത് പല സ്ഥലങ്ങളിൽ യാത്ര ചെയ്യാനും പലതരം ആളുകളെ കാണാനും സൗഹൃദം സ്ഥാപിക്കാനും അൻമോൾ സമയം കണ്ടെത്തി. കണ്ടെതും പരിചയപ്പെട്ടതുമെല്ലാം സാധാരണക്കാരായ മനുഷ്യരെയായാിരുന്നു, ദരിദ്രപൂർണ്ണമായ ചുറ്റുപാടിലും സന്തോഷം കണ്ടെത്തുന്നവരെ.
2017-ൽ അൻമോൾ Reliance Capital-ന്റെ Executive Director ആയി. 2018-ൽ Reliance Nippon, Reliance Home എന്നിവയുടെ ഡയറക്ടർബോർഡ് അംഗമായി. 2019-ൽ Reliance Infra -യിൽ ഡയറക്ടറായി. Reliance ഇൻഷ്വറൻസിലും, Reliance കാപിറ്റൽ അസറ്റ് മാനേജ്മെന്റിലും നിപ്പോൺ ലൈഫിന്റെ ഓഹരി വർദ്ധിപ്പിക്കുന്നതിൽ അൻമോൾ നിർണ്ണായക പങ്ക് വഹിച്ചു. ബിസിനസ് പങ്കാളികളിൽ വിശ്വാസം വർദ്ധിപ്പിക്കാൻ തക്ക ഒരു കരിഷ്മ കേവലം 30 വയസ്സിനുള്ളിൽ ജയ് അൻമോൾ നേടിയിരിക്കണം. ഇന്ന് ഇരുപതിനായിരം കോടിയുടെ ആസ്തിയാണ് ജയ് അൻമോൾ അംബാനിക്ക് ഉള്ളത്. റിലയൻസ് ക്യാപിറ്റലിന്റെ അഡിഷണൽ ഡയറക്ടർ എന്ന നിലയിൽ വാർഷിക ശമ്പളം 1 കോടി 20 ലക്ഷം രൂപ. വീട്ടിലെ ഗ്യാരേജിൽ കിടക്കുന്നത് Lamborghini Gallardo, Rolls Royce Phantom, Mercedes Benz S-Class, Range Rover Vogue, Toyota Fortuner, Lexus SUV തുടങ്ങി നിരവധി ലക്ഷ്വറി കാറുകൾ. മാത്രമല്ല, ജയ് അൻമോളിന് Bell 412 ഹെലികോപ്റ്ററും Global Express, Falcon ഹൈസ്പീഡ് ബിസിനസ്സ് എയർക്രാഫ്റ്റുകളുമുണ്ട്. അനിൽ അംബാനിയുടെ കുതിപ്പും തളർച്ചയും കണ്ട് വളർന്ന മൂത്ത മകൻ ജയ് അൻമോളിന് മുത്തച്ഛൻ ധിരുബായുടെ ജീനും ബദ്ധിയും കിട്ടിയത് സ്വാഭാവികം.
Jai Anmol Ambani ഭയങ്കര നാണം കുണുങ്ങിയാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയും. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമല്ല, പാർട്ടികളിലും മറ്റ് സെലിബ്രേഷൻ മീറ്റുകളിലും അയാളെ കാണാറെയില്ല. സെൽഫികൾ വിരളമാണ്. ജയ് അൻമോളിനെ ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടുക, പിതാവ് അനിലിനും, അമ്മ ടിന അംബാനിക്കും, സഹോദരൻ അൻഷുൽ അംബാനിക്കുമൊപ്പം നിൽക്കുന്ന കുടുംബ ചിത്രങ്ങളോ, ബിസിനസ്സ് മീറ്റ് ചിത്രങ്ങളോ മാത്രമാകും. അത്ര കമ്മിറ്റഡാണ് അയാൾ. 2022-ന് അൻമോൾ, കൃഷ്ണ ഷായെ വിവാഹം ചെയ്തു. എൻട്രപ്രണറും സോഷ്യൽ വർക്കറുമായ കൃഷ്ണ ലണ്ടൺ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയിൽ നിന്നും ബിരുദം നേടിയ മിടുക്കിയാണ്. സോഷ്യൽ നെറ്റ് വർക്കിംഗ് കമ്പനിയായ Dysco-യുടെ ഫൗണ്ടറുമാണ് കൃഷ്ണ. അൻമോളിനെപ്പോലെ തന്നെ ലളിത ജീവിതം പ്രാക്ടീസ് ചെയ്യുകയാണ് കൃഷ്ണ ഷായും.
ജയ് അൻമോൾ അംബാനിയാണ് ഇന്ന് താരം. കുറഞ്ഞകാലം കൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ നഷ്ടം നിക്ഷേപകർക്ക് ഉണ്ടാക്കിയ ബിസിനസ്സ്കാരനെന്ന ദുർഖ്യാതിയിൽ നിന്ന് പിതാവ് അനിലിനെയും കുടുംബത്തേയും കരകറ്റുന്ന അസാധാരണ ബിസിനസ് അക്കുമെനുള്ള അൻമോൾ. വലിയച്ഛൻ മുകേഷിന് നിസ്സാരമായ സംഖ്യയാണ് അനിലിന്റെ കമ്പനി വരുത്തി വെച്ച ബാധ്യത. പക്ഷെ ബിസിനസ്സിൽ രക്തബന്ധങ്ങൾക്കല്ല, ബുദ്ധി ബന്ധങ്ങൾക്കാണ് സ്ഥാനം എന്ന് മനസ്സിലാക്കാൻ ജയ് അൻമോളിന് അധികസമയം എടുത്തില്ല. അതേസമയം കസിൻ സഹോദരങ്ങളായ അനന്ദ്, ഇഷ, ആകാശ് അംബാനിമോരോട് ഊഷ്മളമായ ബന്ധം നിലനിർത്തുന്നതിലും അൻമോൾ ശ്രദ്ധിക്കുന്നു.
ലോകത്തെ ഏറ്റവും ധനികരുടെ പട്ടികയിലെ ആറാമനായിരുന്ന അനിൽ അംബാനി, നാടകീയമായി കൂപ്പ് കുത്തിയപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അൻമോളിന്റെ കരുത്ത്, സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ വൈകാരികമാകാതെ അചഞ്ചലമായി ലക്ഷ്യം ചേയ്സ് ചെയ്യാനുള്ള കഴിവായിരുന്നു. താരതമ്യേന ചെറിയ പ്രായത്തിലാണ് അയാൾ Reliance ലൈഫ് ഇൻഷ്വറൻസിന്റേയും Reliance ക്യാപിറ്റൽ അസറ്റ് മാനേജ്മനെ്‍റിന്റേയും അമരത്ത് നിന്ന് ആ കമ്പനികളെ നയിച്ചത്. സീറോയിൽ നിന്ന് 20,000 കോടിയുടെ അസറ്റ് ബിൽഡ് ചെയ്തത്, സ്വന്തം ബുദ്ധിയും പ്രാപ്തിയും കൊണ്ടാണ്. അൻമോൾ എന്ന ആ ചെറുപ്പക്കാരന്റെ സ്ട്രാറ്റജി കൊണ്ട് റിലയൻസ് ഗ്രൂപ്പിന്റെ ഓഹരി വില 40% ആണ് കൂടിയത്.
ബിസിനസ്സിൽ വിജയിച്ച മുകേഷ്, പരാജിതനായ അനിൽ… ഈ താരതമ്യം കേട്ട് മടുത്ത യൗവനമായിരുന്നു ജയ് അൻമോളിന്റേത് എന്ന് ഓർക്കണം. അവിടെനിന്നാണ്, അർപ്പണവും നിതാന്ത പരിശ്രമവും കൊണ്ട് അൻമോൾ കടക്കെണിയിലായ ജീവിതവും കുടുംബത്തിന്റെ അന്തസ്സും തിരികെ പിടിക്കുന്നത്. ലക്ഷ്വറിയുടെ നെറുകയിൽ നിന്ന് യൗവനത്തിൽ തന്നെ ബാധ്യതകളുടെ ഭാരം ഏൽക്കേണ്ടി വന്നപ്പോഴും അന്തസ്സ് വീണ്ടെടുക്കാൻ നിർഭയനായി നിന്ന് പോരാടിയ അൻമോൾ! സംരംഭകർക്ക് ഈ ചെറുപ്പക്കാരൻ മാതൃകയാകുന്നത് അതുകൊണ്ടാണ്!
the remarkable journey of Jai Anmol Ambani, grandson of visionary Dhirubhai Ambani, from privilege to success in the corporate world. Discover how his upbringing, financial acumen, and commitment to modesty have shaped his path to prosperity.
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.