ഇന്ത്യയിലെ മെട്രോ സിറ്റികളിലെ ഗതാഗതക്കുരുക്കിന് ഒരു ശാശ്വത പരിഹാരം കിട്ടിയിരുന്നു എങ്കിൽ എന്നാഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരത്തിൽ ഈ ഗതാഗതക്കുരുക്കിന് ഒരു പരിഹാരം ഒരുങ്ങുകയാണ്. 18 കിലോമീറ്റർ നീളമുള്ള ഭൂഗർഭ ടണൽ റോഡ് ഉടൻ സാധ്യമാവുന്നതോടെ ഇനി ഗതാഗതക്കുരുക്കുണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ.
റോഡിലെ മോശം അടിസ്ഥാന സൗകര്യങ്ങൾ മുതൽ പൊതുഗതാഗത സംവിധാനം വരെയുള്ള എല്ലാ കാര്യങ്ങളിലും ബംഗളൂരു നഗരം ഭയാനകമായ ഗതാഗത പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചു വരികയായിരുന്നു. പ്രത്യേകിച്ച് മഴക്കാലത്തും ആഘോഷവേളകളിലും ഈ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം ആണ് ജനങ്ങൾ ബുദ്ധിമുട്ടിലാവുന്നത്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ആണ് ഇപ്പോൾ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി 18 കിലോമീറ്റർ നീളമുള്ള ഭൂഗർഭ ടണൽ റോഡ് നിർമ്മിക്കുന്നത്.
ഏകദേശം 8,100 കോടി രൂപ, അതായത് കിലോമീറ്ററിന് ഏകദേശം 450 കോടി രൂപ ചെലവിൽ ആണ് ഈ തുരങ്ക റോഡ് ഒരുകുന്നത്. ഈ ഭൂഗർഭ തുരങ്കം 2025 ജനുവരി ഒന്നിന് പൂർത്തിയാകുമെന്നാണ് ബിബിഎംപി അറിയിച്ചിരിക്കുന്നത്. നഗരത്തിലെ ഭൂഗർഭ തുരങ്കം വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാളിലെ എസ്റ്റീം മാളിനെ നഗരത്തിൻ്റെ തെക്ക് ഭാഗത്തുള്ള സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനുമായി ബന്ധിപ്പിക്കും. ഇതോടുകൂടി ബാംഗ്ലൂർ നഗരം ഇപ്പോൾ നേരിടുന്ന ഗതാഗത കുരുക്കിന് വലിയ ആശ്വാസം ആയിരിക്കും ലഭിക്കുന്നത്. ഇതുകൂടാതെ, യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്ന അഞ്ച് എൻട്രി, എക്സിറ്റ് പോയിൻ്റുകൾ കൂടി ബിബിഎംപി ഈ ഭൂഗർഭ തുരങ്ക റോഡുകൾക്കൊപ്പം ആസൂത്രണം ചെയ്തിട്ടുണ്ട്.
ഹെബ്ബാളിനും സെൻട്രൽ സിൽക്ക് ബോർഡിനുമിടയിൽ യാത്ര ചെയ്യാൻ നിലവിൽ ഒരു മണിക്കൂറിലധികം സമയമാണ് നിലവിൽ യാത്രക്കാർക്ക് വേണ്ടി വരുന്നത്. എന്നാൽ പുതിയ ടണൽ റോഡ് സാധ്യമാവുന്നതോടെ ഇത് 20-25 മിനിറ്റായി കുറയ്ക്കാൻ കഴിയുമെന്ന് ആണ് പറയപ്പെടുന്നത്.
The BBMP’s ambitious 18-kilometre underground tunnel project aims to ease Bengaluru’s traffic congestion, promising reduced travel times and improved connectivity.