രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസുകളുടെ ശ്രേണിയിലേക്ക് ബെംഗളുരു- മധുര വന്ദേ ഭാരതും ഉടനെയെത്തും. ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാ സമയം ഒന്നര മണിക്കൂർ വരെ കുറയ്ക്കുന്ന ബെംഗളുരു- മധുര വന്ദേ ഭാരത് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി.
പ്രധാന വ്യവസായ നഗരങ്ങളായ ബെംഗളുരുവിനെയും മധുരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേ ഭാരതിന് വെറും എട്ടര മണിക്കൂർ സമയം മതി സർവീസ് പൂർത്തിയാക്കാൻ. സാധാരണയായി ട്രെയിനുകൾ ഈ റൂട്ടിൽ 9.30 മണിക്കൂർ മുതൽ 10 മണിക്കൂർ വരെ സർവീസിനായി എടുക്കുന്നുണ്ട്. പുതിയ ബെംഗളുരു- മധുര വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതോടെ ഇത് എട്ടര മണിക്കൂറായി ചുരുങ്ങും.
ബെംഗളൂരു – മധുര വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ രാവിലെ 5:15ന് മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:15ന് ബെംഗളൂരു ബയ്യപ്പനഹള്ളിയിലെ എസ്എംവിടി ടെർമിനലിലെത്തും . തിരികെ ബെംഗളൂരു എസ്എംവിടിയിൽ നിന്ന് ഉച്ചയ്ക്ക് 1:45ന് പുറപ്പെട്ടു രാത്രി 10: 25ന് മധുരയിലെത്തുന്നതാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന ഷെഡ്യൂൾ. മധുര – ബെംഗളൂരു വന്ദേ ഭാരതിന് തിരുച്ചിറപ്പിള്ളി, സേലം എന്നിവിടങ്ങളിൽ രണ്ട് സ്റ്റോപ്പുകളാണുള്ളത്.
നിലവിൽ ബെംഗളുരു വഴി ആറ് വന്ദേ ഭാരത് എക്സ്പ്രസുകളാണ് സർവീസ് നടത്തുന്നത്. മൈസൂരു- ചെന്നൈ റൂട്ടിൽ സർവീസ് നടത്തുന്ന 2 വന്ദേ ഭാരത് ട്രെയിനുകൾ, ധാർവാഡ്, കലബുറഗി, കാച്ചേഗുഡ, കോയമ്പത്തൂർ എന്നീ റൂട്ടുകളിലെ വന്ദേ ഭാരതുകൾ എന്നിവയാണവ.
കർണാടകത്തിലേക്കോ, തമിഴ്നാട്ടിലേക്കോ സർവീസ് നടത്തുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനിന് വേണ്ടി കാത്തിരിക്കുകയാണ് കേരളവും. എറണാകുളം – ബെംഗളൂരു , തിരുവനന്തപുരം – കോയമ്പത്തൂർ തിരുവനന്തപുരം – ചെന്നൈ, റൂട്ടുകളും റെയിൽവേയുടെ പരിഗണനയിൽ ഉണ്ട്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഒക്യുപൻസി റേറ്റുള്ള സർവീസാണ് വന്ദേ ഭാരത്തിനു കേരളത്തിൽ ഉള്ളത്. തിരുവനന്തപുരം- മംഗലാപുരം റൂട്ടിലും തിരുവനന്തപുരം -കാസർകോഡ് റൂട്ടിലുമാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്. മൂന്നാം വന്ദേ ഭാരത് റേക്ക് കൊല്ലത്ത് എത്തിയിട്ടുണ്ടെങ്കിലും റൂട്ടോ മറ്റു കാര്യങ്ങളോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിൽ ഏറ്റവും സാധ്യത എറണാകുളം-ബെംഗളുരു റൂട്ടിനാണ്.
The Bengaluru-Madurai Vande Bharat Express is set to revolutionize travel between these industrial cities, reducing travel time to eight and a half hours. Learn more about the new train service, its schedule, and stops.