അന്താരാഷ്ട്ര കപ്പലുകൾ അടുക്കാൻ തയ്യാറെടുക്കുന്ന വിഴിഞ്ഞം തുറമുഖത്തു തിരമാലയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയുമായി ഇസ്രയേൽ ആസ്ഥാനമായ ഇക്കോ വേവ് പവർ ഗ്ലോബൽ കമ്പനി മുന്നോട്ട്. ടെൽ അവീവ് ആസ്ഥാനമായ കമ്പനിയും അദാനി പോർട്ട് അധികൃതരുമായി ചർച്ചകൾ തുടരുകയാണ്.
ടെൽ അവീവിലെ ജാഫാ തുറമുഖത്ത് തിരമാലകളെ ആശ്രയിച്ച് ഉത്പാദിപ്പിക്കുന്ന 100 കിലോവാട്ട് വൈദ്യുതനിലയം ഇക്കോ വേവ് പവർ ഗ്ലോബൽ തുറന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ച് തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാണു ഇക്കോ വേവ് പവർ ഗ്ലോബൽ കമ്പനി സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ ശ്രമം തുടങ്ങിയത്.
പദ്ധതി നടപ്പാവുകയാണെങ്കിൽ തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയാകുമിത്. ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തെ പുലിമുട്ടിന്റെ 980 മീറ്റർ നീളത്തിൽ ഫ്ലോട്ടറുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ലോകത്താകെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇരട്ടിയിലേറെ തിരമാലകളുടെ ശക്തിയിൽനിന്ന് ഉത്പാദിപ്പിക്കാനാകുമെന്നാണ് ലോക ഊർജ കൗൺസിലിന്റെ കണക്ക്. യൂറോപ്യൻ തീരപ്രദേശമായ ജിബ്രാൾട്ടറിലാണ് ഈ സാങ്കേതികവിദ്യയിൽ ലോകത്തെ ആദ്യ വൈദ്യുതനിലയം സ്ഥാപിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിൽ ടെൽ അവീവിലെ ജാഫാ തുറമുഖത്ത് തിരമാലകളെ ആശ്രയിച്ച് ഉത്പാദിപ്പിക്കുന്ന 100 കിലോവാട്ട് വൈദ്യുതനിലയം ഇക്കോ വേവ് പവർ ഗ്ലോബൽ തുറന്നിരുന്നു. സമുദ്രനിരപ്പിൽ ഒഴുകുന്ന ഫ്ലോട്ടറുകളെ പുലിമുട്ടുപോലുള്ള നിർമിതികളിൽ ഘടിപ്പിക്കുന്ന സ്റ്റീൽ കൈകളിൽ ബന്ധിപ്പിക്കും. തിരമാലകൾക്കനുസരിച്ച് ഫ്ലോട്ടറുകൾ മുകളിലേക്കും താഴേക്കും ചലിക്കും. ഒപ്പം അതിനോടുചേർന്നുള്ള ഹൈഡ്രോളിക് പിസ്റ്റണും പ്രവർത്തിക്കും. ഇതിലൂടെ സൃഷ്ടിക്കപ്പെടുന്ന മർദ്ദം ഹൈഡ്രോളിക് ദ്രാവകത്തെ കരയിൽ സ്ഥാപിച്ചിട്ടുള്ള നിലയത്തിലേക്ക് പമ്പുചെയ്യും. ഈ ശക്തിയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും. കൊടുങ്കാറ്റോ കടൽ പ്രക്ഷുബ്ധമോ ആകുന്ന സന്ദർഭങ്ങളിൽ ഫ്ലോട്ടറുകൾ പൂർണമായും ഉയർത്തി സംരക്ഷിക്കുവാൻ സാധിക്കും എന്നതാണ് ഇസ്രേയേൽ കമ്പനിയുടെ സാങ്കേതികവിദ്യ.
Learn about Eco Wave Power Global’s innovative plan to generate electricity from waves at Vizhinjam port, potentially the first such project in India. Explore their technology, which uses floaters to harness wave energy, and their collaboration with Adani Port Authority.