കേരളത്തിലെ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ സംരംഭമായ ഫൗണ്ടേഴ്‌സ് മീറ്റിന്റെ ഇരുപതാമത് എഡിഷൻ അടുത്തിടെ കൊച്ചിയിൽ നടന്നിരുന്നു. ചാനൽ ഐ ആം സിഇഒയും ഫൗണ്ടറുമായ നിഷ കൃഷ്ണൻ മോഡറേറ്റർ ആയ പരിപാടിയിൽ സിനിമ താരവും കോർപ്പറേറ്റ് ഗിഫ്റ്റ് സംരംഭത്തിന്റെ ഉടമയുമായ അഞ്ജലി നായർ പങ്കെടുത്തിരുന്നു. അഭിനയലോകത്ത് നിന്നും ബിസിനസിലേക്ക് എത്തിയ അഞ്ജലി, സംരംഭക എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ബിസിനസ് ആശയങ്ങളും മീറ്റിൽ പങ്കുവച്ചിരുന്നു. അഞ്ജലിയുടെ കൂടുതൽ വിശേഷങ്ങളിലേക്ക്.

സിനിമയിലേക്ക്

സിനിമയിലൂടെ മാത്രം ആളുകൾ തിരിച്ചറിഞ്ഞിരുന്ന എന്നെ ഒരു സംരംഭക എന്ന രീതിയിൽ ഇപ്പോൾ അറിയപ്പെടുന്നതിൽ സന്തോഷമുണ്ട്. സിനിമയിലേക്ക് അപ്രതീക്ഷിതമായി എത്തിയ ആളാണ് ഞാൻ. വീട്, അമ്പലം എന്നതൊക്കെ ആയിരുന്നു എന്റെ ലോകം. ഇതിനൊക്കെ അപ്പുറം മീഡിയ എന്നൊരു ലോകം ഉണ്ടന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. വീടിന്റെ അടുത്തൊരു പരിപാടിയിൽ ഐഡിയ സ്റ്റാർ സിംഗറിലെ സന്നിദാനന്ദൻ പങ്കെടുക്കാൻ വന്നു. ടീവിയിൽ കണ്ടിരുന്ന ഒരാളെ നേരിട്ട് കാണുന്നത് എനിക്ക് മോഹൻലാലിനെയും മമ്മൂട്ടിയെയും കാണുന്ന പോലത്തെ സന്തോഷം ആയിരുന്നു. അവിടെ വച്ച് ഇന്നത്തെ തിരക്കഥാകൃത്തായ ഹരി പി നായരെ ഞാൻ കണ്ടു. അന്ന് അദ്ദേഹം ഏഷ്യാനെറ്റിലെ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്നു. അദ്ദേഹമാണ് എന്റെ അച്ഛനോടും അമ്മയോടും എന്നെ അഭിനയിപ്പിക്കാൻ വിട്ടുകൂടെ, മോഡലിംഗ് ചെയ്യിപ്പിച്ചുകൂടെ എന്നൊക്കെ ആദ്യമായി സംസാരിക്കുന്നത്. ഫോട്ടോ എടുക്കാൻ പോലും മടിയുള്ള ആളാണ് ഞാൻ. പിന്നീട് കോളേജിലെ പിള്ളേരെയും കൊണ്ട് ഞാൻ ഏഷ്യാനെറ്റ് സ്റ്റുഡിയോ കാണാൻ പോയിട്ടുണ്ട്. അന്ന് അവിടെ ഏഷ്യാനെറ്റിലെ സ്നഗ്ഗി ബേബി കോൺടെസ്റ്റ് എന്ന പരിപാടി നടക്കുന്ന സമയം ആണ്. ആ പരിപാടിയിൽ പങ്കെടുത്ത ഒരു മോളാണ് ഇന്നത്തെ നടി അനിഖ സുരേന്ദ്രൻ. അവിടുത്തെ കുട്ടികളോട് ഞാൻ വിശേഷങ്ങൾ ഒക്കെ ചോദിക്കുന്നത് ഏഷ്യാനെറ്റ് ഔട്ട്ഡോർ ആങ്കർ എന്ന രീതിയിൽ ഏഷ്യാനെറ്റ് തന്നെ അവരുടെ ചാനലിൽ കൂടെ പുറത്ത് വിട്ടു.

ആ കുട്ടിയുടെ അച്ഛൻ സുരന്ദർ ഒരു മോഡൽ കോർഡിനേറ്റർ ആയിരുന്നു, അദ്ദേഹമാണ് എന്നെ ആദ്യമായി ഒരു പരസ്യത്തിലേക്ക് അഭിനയിക്കാൻ വിളിക്കുന്നത്. സഞ്ജന ഗൽറാണി ആയിരുന്നു അതിലെ മെയിൻ മോഡൽ. ഒരു സപ്പോർട്ടീവ് ആർട്ടിസ്റ്റ് ആയിട്ടായിരുന്നു ഞാൻ അഭിനയിച്ചത്. ആ സമയത്ത് എന്റെ വീട്ടിൽ ഞാൻ കുട്ടികൾക്ക് ഡാൻസും ട്യൂഷനും ഒക്കെ പഠിപ്പിക്കുന്നുണ്ടായിരുന്നു. ഇത്രേം കുട്ടികൾക്ക് ക്ലാസ് എടുക്കുമ്പോൾ എനിക്ക് കിട്ടികൊണ്ടിരുന്നതിനേക്കാൾ വലിയ ഒരു തുക ആയിരുന്നു അന്നത്തെ എന്റെ ആദ്യ പ്രതിഫലം ആയ 2000 രൂപ. അന്നത്തെ ഒറ്റ പരസ്യത്തിൽ തുടങ്ങി ഞാൻ പിന്നീട് നൂറോളം പരസ്യങ്ങൾ ചെയ്തു. പിന്നീട് ആൽബങ്ങൾ ചെയ്തു. അതിൽ ചിലത് ഹിറ്റ് ആയിരുന്നു. അതിനുശേഷം തമിഴ് സിനിമ വന്നു. മൂന്നു തമിഴ് സിനിമ കഴിഞ്ഞിട്ടാണ് മലയാളത്തിലേക്ക് വന്നത്. ഇന്ന് 140 ഓളം സിനിമകൾ ചെയ്തു, ഒരു കേരള സ്റ്റേറ്റ് അവാർഡ് വരെ നേടി. ഒരു ഫോട്ടോ പോലും എടുക്കാൻ അറിയാത്ത ഞാൻ ഇന്ന് ഇവിടെ വരെ എത്തിയത് എനിക്ക് തന്നെ അത്ഭുതമുള്ള കാര്യമാണ് അതുപോലെ തന്നെയാണ് ഞാൻ സംരംഭക ആയതും.

സിനിമയിൽ നിന്നും സംരംഭത്തിലേക്ക്

വളരെ ചെറുതിലെ തന്നെ എനിക്ക് ബിസിനസ് ഇഷ്ടമാണ്. ട്യൂഷനും ഡാൻസ് ക്‌ളാസും ഒക്കെ എടുക്കുന്നതിനൊപ്പം തന്നെ സാരിയും ഒർണമെന്റ്സും ഒക്കെ ഞാൻ വാങ്ങി കൊണ്ടുവന്നിട്ട് അടുത്തുള്ള എന്റെ പരിചയക്കാർക്ക് വിൽക്കാറുണ്ടായിരുന്നു. അന്നേ എന്റെ മനസ്സിൽ ഒരു ബിസിനസ് ഉണ്ടായിരുന്നെങ്കിലും ഒരു സ്റ്റാർട്ടപ്പ് എപ്പോൾ തുടങ്ങും എന്നൊന്നും ചിന്തിച്ചിരുന്നില്ല. അപ്പോഴാണ് സിനിമയിലേക്ക് വന്നത്. ഇനി തിരിച്ച് പോകുന്നില്ല എന്നുറപ്പിച്ച ശേഷമാണ് ഒരു ബിസിനസ് എന്ന നിലയിൽ കോർപ്പറേറ്റ് ഗിഫ്റ്റിങ്ങ് എന്ന ആശയം കൂടി ആലോചിച്ചത്.

 കോർപ്പറേറ്റ് ഗിഫ്റ്റിങ്ങിന്റെ ആശയം

ഒരു തമിഴ് സിനിമയുടെ ലൊക്കേഷനിൽ വന്നിട്ട് ഒരു സുഹൃത്താണ് ഈ ബിസിനസ് ആശയം എന്നോട് പറയുന്നത്. അവിടെ മുതൽ അത് എങ്ങിനെ വർക്ക്ഔട്ട് ചെയ്യാം എന്ന് ആലോചിച്ചു തുടങ്ങി. കുറച്ച് വെണ്ടർമാരെയും ഉത്പാദകരെയും നേരിട്ട് പോയി കാണുകയും സംസാരിക്കുകയും ചെയ്തു. 4A (അഞ്ജലി, അജിത്ത്, ആവണി, അദ്വിക) കൺസപ്റ്റന്റ് റിയാലിറ്റിയിൽ ഞങ്ങൾ അങ്ങിനെ ഈ ഗിഫ്റ്റിങ്ങ് ബിസിനസ് ആരംഭിച്ചു.  ആവശ്യപ്പെടുന്ന ഗിഫ്റ്റുകൾ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുക എന്നതാണ് ഗിഫ്റ്റിങ്ങ് ബിസിനസ്. ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ ആണ് ഇതിൽ ഏറ്റവും വലുത്.

കൂടുതൽ സന്തോഷം

ബിസിനസ് ചെയ്യുന്നതാണ് കൂടുതൽ സന്തോഷം. പെട്ടെന്ന് ബിസിനസിലേക്ക് വന്നപ്പോൾ, ഒരു സംരംഭക എന്ന നിലയിൽ ആ ജോലി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങി. ബിസിനസ് ഇപ്പോൾ എന്റെ ബ്ലഡ് തന്നെയാണ്. അഭിനയം എന്റെ കയ്യിൽ ഭദ്രമാണ്. പുതിയതായി സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട് .

കോർപ്പറേറ്റ് ഗിഫ്റ്റിങ്ങ്

ഗിഫ്റ്റിങ്ങ് ചെയ്യുമ്പോൾ ഡെലിവറി ഒക്കെ ചെയ്യാൻ ഞാൻ തന്നെ പോകാറുണ്ട്. എങ്ങാനും ഷൂട്ടിങ്ങിന്റെ തിരക്കുകൾ വന്നാൽ സുഹൃത്തുക്കളെ ആശ്രയിക്കും. എനിക്ക് സ്റ്റാഫുകൾ ഒന്നുമില്ല. എല്ലാം ഡയറക്ട് ആയിട്ടാണ് ചെയ്യുന്നത്. ഞാൻ ഒരു നടി ആണെന്ന് കരുതി മാറി നിൽക്കാറൊന്നുമില്ല. BNI എന്ന ബിസിനസ് നെറ്റ്‌വർക്കിങ് ഓർഗനൈസേഷനിൽ ഒരു മെമ്പർ ആണ് ഞാൻ ഇപ്പോൾ. അതൊക്കെ എന്നെ നെറ്റ് വർക്കിങ്ങിൽ സഹായിക്കുന്നുണ്ട്.

മൂലധനം

സിനിമയിൽ അധികം പ്രതിഫലം വാങ്ങുകയോ ഡിമാന്റ് ചെയ്യുകയോ ചെയ്യുന്ന ആളല്ല ഞാൻ. അതുകൊണ്ട് തന്നെയാണ് ബിസിനസിലേക്ക് കൂടി തിരിഞ്ഞത്. എനിക്ക് വാക്കി ടോക്കിയുടെ സപ്ലൈ ഉണ്ട്. വാക്കി ടോക്കികൾ ഞാൻ വാങ്ങി വച്ചത് നിറയെ ക്യാഷ് ഇൻവെസ്റ്റ് ചെയ്തിട്ടാണ്. അത് അങ്ങിനെ വാങ്ങി വച്ചത് എനിക്ക് ഇപ്പോൾ ഒരു വെല്ലുവിളി ആണ്, അത് എങ്ങിനെ വർക്ക്ഔട്ട് ചെയ്യും എന്നത്. എന്നാൽ ഗിഫ്റ്റിങ്ങ് ബിസിനസിൽ എനിക്ക് ഇൻവെസ്റ്റ്മെന്റ് വരുന്നില്ല. എനിക്ക് ഒരാൾ ഒരു ഓർഡർ തന്നാൽ ഞാൻ അത് പർച്ചേസ് ചെയ്തിട്ട് ഗിഫ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ആ സമയത്ത് വരുന്ന പേയ്മെന്റ് ആണ് വരുന്നത്. കാര്യമായി എന്റെ കയ്യിൽ നിന്നും അങ്ങിനെ ക്യാഷ് ഇൻവെസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടാകാറില്ല. എങ്കിലും ചിലപ്പോൾ ബൾക്ക് ആയി ഞാൻ സാധനം ക്യാഷ് കൊടുത്ത് വാങ്ങി പതിയെ കൊടുത്ത് തീർക്കുമ്പോൾ മാത്രമാണ് ഈ ചിലവ് വരുന്നത്.

ബിസിനസ് ലക്ഷ്യം

ഇപ്പോൾ ഫ്രീലാൻസ് പോലെ ആണ് ഞാൻ വർക്ക് ചെയ്യുന്നത്. അതിൽ നിന്നും മാറി ഒരു ഷോപ്പ് എന്നതാണ് എന്റെ ആഗ്രഹം. അവിടെ കുറച്ചുകൂടി ഗിഫ്റ്റിങ് സാധനങ്ങളും മാർക്കറ്റിൽ കൂടുതൽ ലഭ്യമല്ലാത്ത വസ്തുക്കളും ഉൾപ്പെടുത്തണം എന്നാണ് ആഗ്രഹം. ഒരു വർഷത്തിനുള്ളിൽ ഈ ഷോപ്പ് സാധ്യമാകും എന്ന് വിശ്വസിക്കുന്നു.

എന്തൊക്കെയാണ് ഗിഫ്റ്റുകൾ

ഭൂമിയ്ക്ക് കീഴെ നമുക്ക് ലഭിക്കുന്ന എന്ത് വസ്തുവിനെയും ഗിഫ്റ്റ് ആയി കൊടുക്കാം. ഇതുവരെ എന്നോട് ഗിഫ്റ്റുകൾ ആവശ്യപ്പെട്ടവർക്കൊക്കെ ചോദിച്ച സാധനങ്ങൾ എനിക്ക് എത്തിച്ചുകൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

സംരഭകരോട് പറയാനുള്ളത്

കരയുന്ന കുട്ടിയ്‌ക്കെ പാലുള്ളൂ, എന്ന് പറയുന്ന പോലെയാണ് ബിസിനസും. ഒരു ബിസിനസ് തുടങ്ങി എന്ന് പറഞ്ഞിട്ട് അത് മൂന്നാമത് ഒരാളെ ഏൽപ്പിക്കാതെ, നിങ്ങൾ നന്നായി അധ്വാനിക്കണം. അതിലേക്കിറങ്ങി വർക്ക് ചെയ്യണം. നമുക്ക് നല്ല ആരോഗ്യം ഉള്ള സമയത്തെ നമുക്ക് അധ്വാനിക്കാൻ പറ്റുള്ളൂ. പിന്നീട് വിശ്രമിക്കുമ്പോൾ ആയ കാലത്ത് നമ്മൾ നന്നായി ജോലി ചെയ്തിരുന്നു എന്ന് ആലോചിച്ച് ഒരു മനഃസംതൃപ്തി ലഭിക്കണം. ചെറുതായാലും വലുതായാലും തുടങ്ങുന്ന സംരംഭത്തിന് വേണ്ടി നിങ്ങൾ തന്നെ വർക്ക് ചെയ്യണം. പത്ത് രൂപ കിട്ടിയാൽ അഞ്ച് രൂപ എങ്കിലും സേവ് ചെയ്യുക. സോഷ്യൽ നെറ്റ് വർക്കിങ്ങ് വർധിപ്പിക്കുക.

Discover Anjali Nair’s inspiring journey from film star to successful entrepreneur, sharing insights on her corporate gifting business and experiences at the Founders Meet in Kochi.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version