വിഴിഞ്ഞത്ത് ഇരുപതിനായിരം കോടിയുടെ അധിക നിക്ഷേപം പ്രഖ്യാപിച്ച് അദാനി പോർട്ട്സ്. തുറമുഖത്തിന്റെ അടുത്ത മൂന്നുഘട്ടങ്ങൾ നാലുവർഷംകൊണ്ടു പൂർത്തിയാക്കുന്നതിനുള്ള നിക്ഷേപത്തിന് പുറമേയാണിത്. ക്രൂസ് ടെർമിനൽ, കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിങ് യൂണിറ്റ്, ഫിഷിങ് ഹാർബർ, അനുബന്ധവികസനമായി സിമന്റ് ഗ്രൈൻഡിങ് പ്ലാന്റ്, സീഫുഡ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കാണ് അധിക നിക്ഷേപം .
ട്രയൽ റൺ വിജയകരമായി തുടരുന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി സാധ്യതകളാണ് തുറന്നു കാണിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് നിക്ഷേപം ഇരട്ടിയാക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. അടുത്ത മൂന്നുഘട്ടങ്ങൾക്കുവേണ്ടി പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് അദാനി പോർട്ട്സ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതുക്കിയ പദ്ധതിപ്രകാരം 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കഴിഞ്ഞദിവസം മദർഷിപ്പിന് സ്വീകരണം നൽകിയ ചടങ്ങിൽ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ മാനേജിങ് ഡയറക്ടർ കരൺ അദാനി വെളിപ്പെടുത്തിയിരുന്നു.
20 ലക്ഷം ടൺ ശേഷിയുള്ള സിമന്റ് ഗ്രൈൻഡിങ് പ്ലാന്റാണ് വിഴിഞ്ഞം പദ്ധതിപ്രദേശത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. സിമന്റ് നിർമാണത്തിനുവേണ്ട വിവിധഘടകങ്ങൾ ഇവിടെയെത്തിച്ച് പൊടിച്ച് മിശ്രണംചെയ്യുന്ന യൂണിറ്റാണ് ഗ്രൈൻഡിങ് പ്ലാന്റ്. കപ്പലുകൾക്ക് ഇന്ധനം നിറക്കാനുള്ള സൗകര്യമൊരുക്കുന്നതോടെ കൂടുതൽ കപ്പലുകൾ ഇവിടെക്കെത്തും. ക്രൂസ് ടെർമിനൽ വിഴിഞ്ഞം ആസ്ഥാനമാക്കിയുള്ള ടൂറിസം വികസനത്തിനും ക്രൂ ചെയ്ഞ്ചിനും സംവിധാനമൊരുക്കും.
പത്തുലക്ഷം ടി.ഇ.യു. കണ്ടെയ്നർ ശേഷിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടത്തിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രയൽ റൺ പൂർത്തിയാക്കി ഒന്നാംഘട്ടം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങുമ്പോൾ 15 ലക്ഷം ടി.ഇ.യു. കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകും. ഇതോടെ പൂർണമായി സജ്ജമാകുന്ന മുറക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ ആകെ ശേഷി 50 ലക്ഷം ടി.ഇ.യു.ആയി ഉയർന്നേക്കും.
ഒന്നാംഘട്ടത്തിൽ മൂന്നുകിലോമീറ്റർ നീളമുള്ള പുലിമുട്ടും 800 മീറ്റർ ബെർത്തുമാണ് നിർമിച്ചത്. അടുത്തഘട്ടങ്ങളിലായി പുലിമുട്ടിന്റെ നീളം നാലുകിലോമീറ്ററായും ബെർത്ത് രണ്ടുകിലോമീറ്ററായും നീട്ടും. പരിസ്ഥിതി അനുമതി ലഭിച്ചാൽ ഒക്ടോബറിൽത്തന്നെ ഇതിന്റെ നിർമാണം തുടങ്ങും. നിലവിൽ രണ്ടായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ഭാവിവികസനം പൂർത്തിയാവുമ്പോൾ 5500 തൊഴിലവസരങ്ങൾ കൂടിയുണ്ടാകുമെന്നും കരൺ അദാനി വിശദീകരിച്ചു.
Adani Ports announces an additional ₹20,000 crore investment in Vizhinjam, Kerala, to develop projects including a cruise terminal, bunkering unit, fishing harbor, cement grinding plant, and seafood park. This expansion aims to enhance the port’s capacity and boost local employment.