തീരദേശവാസികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരവുമായി കെഎസ്ആർടിസി. തീരദേശ റോഡ് വഴിയുള്ള ആലപ്പുഴ – എറണാകുളം തീരദേശ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചുകൊണ്ടാണ് ഈ പ്രശ്നത്തിന്റെ പരിഹാരം കണ്ടെത്താൻ കെഎസ്ആർടിസി ഒരുങ്ങുന്നത്. വെള്ളിയാഴ്ച മുതൽ ആണ് സർവീസ് ആരംഭിച്ചത്. പിപി ചിത്തരഞ്ജൻ എംഎൽഎ തുമ്പോളിയിൽ സർവീസ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.

തുമ്പോളിയിൽനിന്ന് വെള്ളിയാഴ്ച രാവിലെ 7:20നാണ് ആദ്യ സർവീസ് ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ ആലപ്പുഴയിൽനിന്ന് എറണാകുളത്തേക്ക് രാവിലെ 6:30 നും 7:20നും ആണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. എറണാകുളത്തുനിന്ന് വൈകുന്നേരം 4:20നും 5:30നും ആലപ്പുഴയ്ക്ക് സർവീസുണ്ടാകും.

മന്ത്രി കെ ബി ഗണേഷ് കുമാറിന് പിപി ചിത്തരഞ്ജൻ എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സർവീസ് ആരംഭിച്ചത്. നിലവിൽ ദേശീയപാതാ നിർമാണം മൂലം ഉണ്ടാകുന്ന ഗതാഗത പ്രശ്നത്തിനും ഒരുപരിധിവരെ പരിഹാരമാണ് പുതിയ സർവീസ്.

നാഷണൽ ഹൈവേയുടെ പ്രവർത്തികൾ പുരോഗമിക്കുന്നതിനാൽ ആലപ്പുഴ – എറണാകുളം റൂട്ടിൽ വലിയ ഗതാഗത പ്രശ്നം നേരിടുകയാണെന്ന് പിപി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടാകുന്ന യാത്രാക്ലേശം പുതിയ സർവീസ് പരിഹരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽനിന്ന് തുമ്പോളി ബീച്ച് റോഡ് വഴി ഇടപ്പള്ളി അമൃത ആശുപത്രി വരെയും അതുപോലെ തുമ്പോളി ബീച്ച് റോഡ് വഴി വൈറ്റില വരെയും രണ്ട് ബസുകൾ വീതം സർവീസ് നടത്തുമെന്നും എംഎൽഎ പറഞ്ഞു.
KSRTC launches a new coastal bus service between Alappuzha and Ernakulam to address travel issues caused by National Highway construction. Learn more about the service schedule and its benefits for coastal residents.