വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കാൻ കേരളം തയ്യാർ. ഇതിനായി  72,760 കോടിയുടെ നിക്ഷേപ സന്നദ്ധത അറിയിച്ച് വൻകിട കമ്പനികൾ മുന്നോട്ടു വന്നിട്ടുണ്ട്. ഊർജമേഖലയിൽ പ്രവർത്തിക്കുന്ന റിന്യൂ പവർ, ലീപ്പ് എനർജി, എച്ച്.എൽ.സി., എൻഫിനിറ്റി എന്നീ കമ്പനികളാണ്  മുന്നോട്ടുവന്നത്.  25% വരെ മൂലധന സബ്‌സിഡി വാഗ്ദാനമുൾപ്പടെയുള്ള സംസ്ഥാന സർക്കാരിന്റെ ഹരിത ഹൈഡ്രജൻ കരടുനയത്തിൽ ആകൃഷ്ടരായാണ് കമ്പനികൾ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നത്.

ഓരോ പദ്ധതിക്കും 275 കോടി രൂപ സബ്സിഡിയും വൈദ്യുതി ഡ്യൂട്ടിയിൽനിന്ന് 25 വർഷത്തെ ഇളവും ഉൾപ്പെടെയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. നയം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്രത്തിന്റെ ചില അനുമതികൾ കൂടി ഉറപ്പാക്കേണ്ടതുണ്ട്. ഈ നയത്തിന് അംഗീകാരം ലഭിച്ചാൽ പദ്ധതിയിൽ തീരുമാനമാകും. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഹരിത ഹൈഡ്രജനും അമോണിയയും കയറ്റുമതി ചെയ്യാനുള്ള ഉപാധികളും  കമ്പനികൾ മുന്നോട്ടു വച്ചിട്ടുണ്ട്. പദ്ധതി യാഥാർഥ്യമായാൽ കേരളത്തിന്റെ വികസനത്തിൽ വമ്പൻ കുതിപ്പായി മാറുമിത്.

കൊച്ചിയിൽ പദ്ധതിക്കായി 100 ഏക്കർ ഭൂമി ആവശ്യപ്പെട്ട എൻഫിനിറ്റി കമ്പനി  44,025 കോടിയുടെ നിക്ഷേപനിർദേശമാണ് മുന്നോട്ടുവെച്ചത്. വിഴിഞ്ഞത്ത് 310 ഏക്കർ ഭൂമി ആവശ്യപ്പെട്ട റിന്യൂ പവർ 26,400 കോടിയുടെ നിക്ഷേപം നടത്തും. എച്ച്.എൽ.സി. 8,763 കോടിയുടെ നിക്ഷേപമാകും നടത്തുക. 30-40 ഏക്കറോളം ഭൂമിയും ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് 150 ഏക്കറോളം  ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട  ലീപ്പ് എനർജി 4,511 കോടി രൂപയുടെ നിക്ഷേപം നടത്തും.  

 2022-ലാണ് കാ‍ർബൺരഹിത ഇന്ത്യ ലക്ഷ്യംവെച്ച് കേന്ദ്ര സ‍ർക്കാർ ഹരിത ഹൈഡ്രജൻ നയം പ്രഖ്യാപിച്ചത്. 2023 ജനുവരിയിൽ 19,744 കോടിയുടെ ഹരിത ഹൈഡ്രജൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകുകയും ചെയ്തു. 2030-ഓടെ പ്രതിവർഷം 5 ദശലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുകയാണ് കേന്ദ്ര നയത്തിന്റെ  ലക്ഷ്യം. പിന്നീട്  കയറ്റുമതി വിപണിയിലൂടെയും അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെയും  പ്രതിവർഷം 10 ദശലക്ഷം ടൺ ആയി ഉത്പാദനം ഉയർത്താൻ സാധിക്കുമെന്നാണ് നയം പറയുന്നത് .

കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളായ അനർട്ടും (Agency for New and Renewable Energy Research and Technology, ANERT), എനർജി മാനേജ്മെന്റ് സെന്ററുമാണ് ചുമതലക്കാർ. അനർട്ടിനെ ഗ്രീൻ ഹൈഡ്രജൻ സംരംഭങ്ങൾക്കുള്ള നോഡൽ ഏജൻസി ആയി നിയമിച്ചിട്ടുണ്ട്. 2050 -ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കാനും 2040-ഓടെ പൂർണമായും പുനരുപയോഗ ഊർജം ഉപഭോഗം നടത്തുന്ന സംസ്ഥാനമായി മാറാനും കേരളം ലക്ഷ്യമിടുന്നു,  

റോഡ്, എയർ, ഷിപ്പിംഗ് ഗതാഗതത്തിനുള്ള ഭാരം കുറഞ്ഞ  സീറോ എമിഷൻ ബദലായി ഹരിത ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കാം . സാധാരണ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനങ്ങൾക്ക്  ദൈർഘ്യമേറിയ ഡ്രൈവിംഗ് റേഞ്ചുണ്ട്. ജപ്പാൻ, ജർമ്മനി, യു.എസ്. തുടങ്ങിയ രാജ്യങ്ങളിൽ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന പൊതു സ്റ്റേഷനുകളുണ്ട്.  ഇന്ധനം മിനുട്ടുകൾ കൊണ്ട്  കാറിൽ നിറയ്ക്കാൻ കഴിയും.

പെട്രോളിയം ശുദ്ധീകരണം, രാസവളങ്ങൾക്കുള്ള അമോണിയ നിർമ്മാണം, മെഥനോൾ ഉൽപ്പാദനം, ലോഹങ്ങളുടെ സംസ്കരണം, ഉൽപ്പാദനം തുടങ്ങി വിവിധ വ്യാവസായിക ആവശ്യങ്ങൾക്കായി ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 5.0 ദശലക്ഷം ടൺ ഹൈഡ്രജൻ ഉപയോഗിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.  പ്രകൃതിവാതകങ്ങൾ, സ്റ്റീൽ, ഗ്ലാസ്, സിമന്റ് എന്നിവയുടെ ഉത്പാദനത്തിന് ഹരിത ഹൈഡ്രജൻ നിലവിൽ ഉപയോഗിക്കുന്ന ഹൈഡ്രജന് ബദലാകുമെങ്കിലും  ഗതാഗത മേഖലയിലാകും അതിന്റെ ഉപയോഗം കൂടുക .

 പുനരുൽപ്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ഒരു കിലോഗ്രാം ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുമ്പോൾ ജലശുദ്ധീകരണം, വൈദ്യുതവിശ്ലേഷണം, വാതക ശുദ്ധീകരണം, ഉണക്കൽ, ഹൈഡ്രജന്റെ കംപ്രഷൻ തുടങ്ങിയ മുഴുവൻ പ്രക്രിയകളിലും കൂടി 2 കിലോ ഗ്രാമിൽ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുവാൻ പാടില്ല എന്നാണ് നിബന്ധന‌.

Kerala is set to produce green hydrogen and ammonia, with companies pledging Rs 72,760 crore in investments. The state’s policy offers capital subsidies and exemptions, paving the way for sustainable energy projects at Vizhinjam and Kochi ports.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version