കോഴിക്കോട് നിന്നും ദുബായ് വഴി പറന്ന മലയാളികളുടെ വെറ്റില! Made In India

മെയ്ഡ് ഇൻ ഇന്ത്യ എന്ന വാക്കും ടാഗും ഒക്കെ ഇന്ത്യക്കാർക്ക് എന്നും അഭിമാനം തന്നെയാണ്. പ്രത്യകിച്ച് അത് മറ്റൊരു രാജ്യത്തിലേക്ക് ഇന്ത്യൻ നിർമ്മിത വസ്തുക്കൾ പോകുമ്പോൾ. കേരളത്തിൽ നിന്നും കുറച്ച് കാലം മുൻപ് വരെ ഒരു മെയ്ഡ് ഇൻ കേരള പ്രോഡക്ട് പാകിസ്താനിലേക്ക് പോയിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ നമ്മൾ മലയാളികൾക്ക് ആവുമോ? നിരവധി പോഷക മൂല്യങ്ങൾ അടങ്ങിയ മലയാളികളുടെ സ്വന്തം വെറ്റിലയാണ് ഇത്തരത്തിൽ പാകിസ്താനിലേക്ക് പൊയ്ക്കൊണ്ടിരുന്നത്.  

തിരൂർ ലങ്കാ പാൻ എന്നറിയപ്പെടുന്ന തിരൂരിൽ നിന്നുള്ള വെറ്റിലയ്ക്ക് പാകിസ്ഥാനിൽ ആവശ്യക്കാരേറെയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം ഇടയ്ക്കൊന്നു വഷളായതോടെ, തിരൂരിലെ വെറ്റില കർഷകർക്കിടയിൽ പിരിമുറുക്കവും വർദ്ധിച്ചു. അവരുടെ ഉപജീവനമാർഗം പാകിസ്ഥാനിൽ നിന്നുള്ള കയറ്റുമതി ഓർഡറിനെ അന്ന് അത്രയേറെ ആശ്രയിച്ചിരുന്നു. തിരൂർ മുനിസിപ്പാലിറ്റിയിലും വളവന്നൂർ, കൽപകഞ്ചേരി, തലക്കാട്, ആതവനാട്, പൊന്മുണ്ടം, താനാളൂർ, ഒഴൂർ, തിരുനാവായ തുടങ്ങിയ പഞ്ചായത്തുകളിലും കൃഷി ചെയ്യുന്ന വെറ്റിലയുടെ 60 ശതമാനവും കറാച്ചി, ലാഹോർ എന്നിവിടങ്ങളിലേക്ക് ആയിരുന്നു കയറ്റുമതി ചെയ്യുന്നത്.

നയതന്ത്ര ബന്ധം വഷളായതോടെ പാകിസ്ഥാൻ ഇന്ത്യയിൽ നിന്നുള്ള വെറ്റിലയ്ക്ക് 15 ശതമാനം അധിക നികുതിയും ചുമത്തിയിരുന്നു. ഇത് ഇവിടെനിന്നുള്ള കയറ്റുമതിയെ ബാധിച്ചു. 150 വർഷത്തോളം പഴക്കമുണ്ട് തിരൂർ വെറ്റില വിപണിക്ക്. തിരൂരിൽ പാൻ ബസാർ എന്നൊരു വെറ്റില വിൽപന കേന്ദ്രം വരെയുണ്ടായിരുന്നു. വെറ്റിലകൾ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് പാക്കിസ്ഥാനിലേക്ക് പറക്കുകയും ചെയ്യുന്നത് ആയിരുന്നു പതിവ്. 2002ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിലേക്കുള്ള വ്യോമ, റെയിൽ ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ ആണ്  ദുബായിയെ ആശ്രയിക്കേണ്ടി വന്നത്. പാക്കിസ്ഥാനിലെ വിവാഹ പാർട്ടികളിലും ഒത്തുചേരലുകളിലും മതപരമായ ചടങ്ങുകളിലും തിരൂർ വെറ്റിലയ്ക്ക് ആവശ്യക്കാരേറെയാണ്.  

പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ബംഗ്ലദേശിലേക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുമെല്ലാം തിരൂരിൽ നിന്ന് വെറ്റില കയറിപ്പോയിരുന്നു. പ്രത്യേക എരിവും നീരുമാണ് തിരൂർ വെറ്റിലയ്ക്ക് ആരാധകരെ ഉണ്ടാക്കിയത്. ഇടക്കാലത്ത് ഭൗമസൂചികാ പദവിയും ലഭിച്ചു. തപാൽ വകുപ്പ് തിരൂർ വെറ്റിലയുടെ ചിത്രം വച്ച് പോസ്റ്റൽ കവറുകൾ വരെ അച്ചടിച്ചു വിൽപന നടത്തിയിരുന്നു. പാക്കിസ്ഥാനികൾ ഇതേ ഗുണമുള്ള ഇല തപ്പിയതോടെ ശ്രീലങ്കക്കാർ അതിറക്കി കൊടുത്ത് പണം വാരിത്തുടങ്ങി.

ഇവിടംകൊണ്ട് ഒന്നും തോറ്റ് കൊടുക്കാൻ നമ്മൾ മലയാളികൾക്ക് ആവില്ലല്ലോ. അതുകൊണ്ട് തന്നെ ഇപ്പോൾ ഈ ഇലയില്‍ നിന്ന് വൈവിധ്യമാര്‍ന്ന ഉപോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും സംഘം മുന്‍കയ്യെടുക്കുന്നുണ്ട്. വെറ്റില ഓയില്‍ ആണ് പുതിയതായി ഉല്‍പ്പാദിപ്പിക്കാനിരിക്കുന്നത്. ഇതിനായി കൊച്ചിയിലെ ഒരു കമ്പനിയുമായി സംഘം ഭാരവാഹികള്‍ ചര്‍ച്ച നടത്തി വരികയാണ്. കാന്‍സര്‍ മരുന്ന് ഉള്‍പ്പടെ ഔഷധ ഗുണമുള്ളതാണ് ഈ വെറ്റിലയെന്നും കണ്ടെത്തിയിരുന്നു. കഫക്കെട്ടിന് വെറ്റിലയില്‍ നിന്നുള്ള താംബൂലാദി തൈലം ഉപയോഗിച്ച് വരുന്നുണ്ട്.

Tirur betel leaf farmers in Kerala hope for improved India-Pakistan relations to revive their struggling industry. The GI-tagged leaves, once a prized export to Pakistan, face challenges due to strained bilateral ties and high import taxes.

Share.

Comments are closed.

Exit mobile version