ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് കിരീടം നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. കിരീടനേട്ടത്തോടെ ബിസിസിഐയും സംസ്ഥാന സർക്കാരുകളും അടക്കം താരങ്ങൾക്ക് കോടികളാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ മിന്നുംവിജയത്തിനിടയിലും വിദേശ പരമ്പരകൾക്ക് പോകാൻ വിമാന ടിക്കറ്റിന് പോലും കാശില്ലാതിരുന്ന കാലം ഇന്ത്യൻ വനിതാ താരങ്ങൾക്കുണ്ടായിരുന്നു. 2003-2005 സീസണിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ വിമാന ടിക്കറ്റിന് പോലും കാശില്ലാതെ വിഷമിച്ചപ്പോൾ അന്ന് ടീമിനെ സഹായിച്ചത് ബോളിവുഡ് താരവും അവതാരകയുമായ മന്ദിര ബേദിയായിരുന്നു.

അന്ന് ഇന്ത്യൻ വനിതാ ടീം ബിസിസിഐയുടെ കീഴിലായിരുന്നില്ല, വിമൺസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കീഴിലായിരുന്നു. കളിക്കാർക്കോ മത്സരങ്ങൾക്കോ അധികം കാഴ്ചക്കാരെ കിട്ടാതിരുന്ന കാലത്ത് ടീമിന് സ്ഥിരം സ്പോൺസർ പോലുമുണ്ടായിരുന്നില്ല. വിമാന ടിക്കറ്റ് എടുക്കാൻ ടീം ബുദ്ധിമുട്ടിയപ്പോൾ മന്ദിര ബേദിയാണ് അന്ന് സഹായവുമായി എത്തിയത്. സിനിമയിലെ തൻറെ സ്വാധീനം ഉപയോഗിച്ച് സ്പോൺസർമാരെ സംഘടിപ്പിച്ചും വിദേശ പരമ്പരകൾക്കായി വിമാന ടിക്കറ്റിന് പണം കണ്ടെത്തിയും മന്ദിര ടീമിനെ സഹായിച്ചു. ഒരിക്കൽ ഒരു ജ്വല്ലറി പരസ്യത്തിൽ അഭിനയിച്ചതിന് കിട്ടിയ മുഴുവൻ തുകയും അവർ ടീമിന് നൽകിയെന്നും വനിതാ ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറി നൂതൻ ഗവാസ്കർ ഓർക്കുന്നു. ആ പണം ഉപയോഗിച്ചാണ് ഇന്ത്യൻ വനിതാ ടീമിൻറെ ഇംഗ്ലണ്ട് പര്യടനത്തിനായി താരങ്ങൾക്ക് ടിക്കറ്റെടുത്തത്.

വിമൺസ് ക്രിക്കറ്റ് അസോസിയേഷൻ 2006 വരെ സ്വതന്ത്ര സംഘടനയായാണ് പ്രവർത്തിച്ചത്. 2006ലാണ് അസോസിയേഷൻ ബിസിസിഐയുടെ കീഴിലാക്കിയത്. അതേസമയം, ഇന്ത്യൻ വിജയത്തിൽ ടീമിനെ അഭിനന്ദിച്ച് മന്ദിര ബേദി രംഗത്തെത്തി.

A look back at the 2003-2005 period when the Indian Women’s Cricket Team struggled to afford even air tickets. Bollywood star Mandira Bedi stepped in

Share.
Leave A Reply

Exit mobile version