ബിഎംഡബ്ള്യു ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് കൾട്ട് വാഹന നിർമാതാക്കളായ മിനി തങ്ങളുടെ ഇലക്ട്രിക്ക് കാർ കൂപ്പർ SE ഇന്ത്യയിൽ അവതരിപ്പിച്ചു. ആഗോളതലത്തിൽ 2019-ൽ അരങ്ങേറിയ മിനി കൂപ്പർ SE അല്പം വൈകിയാണ് ഇന്ത്യയിലെത്തുന്നത്. എല്ലാ ഫീച്ചറുകളും നിറഞ്ഞ ഒരൊറ്റ വേരിയന്റിൽ വില്പനക്കെത്തിയ മിനി കൂപ്പർ SE യുടെ എക്‌സ്-ഷോറൂം വില 47.20 ലക്ഷം രൂപയാണ് .
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കൂപ്പർ SEയുടെ ബുക്കിങ് മിനി ഇന്ത്യ ആരംഭിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ ആദ്യ ബാച്ചിൽ ഇന്ത്യയ്ക്കായി മാറ്റി വച്ച 30 യൂണിറ്റുകളുടെയും ബുക്കിങ് പൂർത്തിയായി എന്ന് മിനി പറഞ്ഞെങ്കിലും ലോഞ്ച് വൈകി. ആദ്യ ബാച്ചിൽ കൂപ്പർ SE ബുക്ക് ചെയ്തവർക്ക് ഡെലിവറി മാർച്ച് മുതൽ ആരംഭിക്കും. രണ്ടാം ബാച്ചിലേക്കുള്ള ബുക്കിങ് ഉടനെ ആരംഭിക്കും എന്ന് മിനി ഇന്ത്യ വ്യക്തമാക്കി.
മിനി കൂപ്പർ മോഡലിനെ അടിസ്ഥാനമാക്കിയാണ് SE ഇലക്ട്രിക്ക് പതിപ്പും തയ്യാറാക്കിയിരിക്കുന്നത്. ക്രോം ഔട്ട്ലൈനിങ്ങുള്ള വെന്റുകളില്ലാതെ ഗ്രിൽ ഭാഗമാണ് കൂപ്പർ SEയെ മറ്റുള്ള കൂപ്പർ മോഡലിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഈ ഗ്രില്ലിൽ സാധാരണ മോഡലുകളിൽ കാണുന്ന S അക്ഷരത്തിന് പകരം E (ഇലക്ട്രിക്ക്) ആണ് കൂപ്പർ SE പതിപ്പിൽ. മിന്നാമിനുങ്ങിന്റെ നിറത്തിന് സമാനമായ പച്ചയും മഞ്ഞയും കലർന്ന നിറത്തിൽ എക്‌സ്റ്റീരിയർ ഹൈലൈറ്റുകൾ, പുതിയ അലോയ് വീൽ ഡിസൈൻ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. പെട്രോൾ ടാങ്കിന്റെ മൂടി തുറക്കുന്ന ഭാഗത്താണ് കാറിന്റെ ചാർജിങ് പ്ളഗ് ക്രമീകരിച്ചിരിക്കുന്നത്.
മിനി കാറുകളുടെ സവിശേഷതകളായ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, യൂണിയൻ ജാക്ക് തീം ടെയിൽലൈറ്റുകൾ, ഓവൽ ഷെയ്പ്പിലുള്ള റിയർ വ്യൂ മിററുകൾ എന്നിവ കൂപ്പർ SE പതിപ്പിലും മാറ്റമില്ലാതെ തുടരുന്നു. ഇന്റീരിയറും സ്റ്റാൻഡേർഡ് കൂപ്പർ മോഡലിന് സമാനമാണ്. വൃത്താകൃതിയിലുള്ള സെന്റർ കൺസോൾ അതേപടി കൂപ്പർ SEയിലും ഇടം പിടിച്ചിട്ടുണ്ട്.184 ബിഎച്ച്പി പവറും 270 എൻഎം പരമാവധി ടോർക്കും നിർമിക്കുന്ന ഇലക്ട്രിക് മോട്ടറാണ് മിനി കൂപ്പർ SE യ്ക്ക് ഉള്ളത്. ടി ആകൃതിയിൽ പാസഞ്ചർ സീറ്റിന് താഴെ ഘടിപ്പിച്ചിരിക്കുന്ന 32.6 kWh ലിഥിയം അയൺ ബാറ്ററി പാക്കിൽ നിന്ന് ഊർജം സ്വീകരിക്കുന്ന ഈ ഇലക്ട്രിക്ക് മോട്ടോർ മുൻചക്രങ്ങൾക്കാണ് കരുത്ത് പകരുന്നത്. 7.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൂപ്പർ SEയ്ക്ക് കൈവരിക്കാൻ സാധിക്കും. പരമാവധി വേഗത മണിക്കൂറിൽ 150 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
മിഡ്, സ്‌പോർട്ട്, ഗ്രീൻ, ഗ്രീൻ+ എന്നീ ഡ്രൈവിംഗ് മോഡുകൾ മിനി കൂപ്പർ SEയിൽ ക്രമീകരിച്ചിട്ടുണ്ട്. ഒറ്റ ചാർജിൽ 235-270 കിലോമീറ്റർ വരെയാണ് കൂപ്പർ SEയ്ക്ക് മിനി അവകാശപ്പെടുന്ന റേഞ്ച്. 11 കിലോവാട്ട് ചാർജർ ഉപയോഗിച്ച് കൂപ്പർ എസ്ഇയ്ക്ക് രണ്ടര മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് മിനി പറയുന്നു. ഫുൾ ചാർജിന് ഏകദേശം മൂന്ന് മണിക്കൂർ സമയം വേണം. വേഗതയേറിയ 50 kW ചാർജർ ഉപയോഗിക്കുമ്പോൾ ചാർജിംഗ് സമയം 35 മിനിറ്റായി കുറയും.
Explore the differences between the electric and petrol versions of the new Mini Cooper, from performance to design and pricing, to decide which one suits your needs best.