അഞ്ചാം പ്രാവശ്യം പ്രധാനമന്ത്രിയായിരിക്കെയാണ് ഹസീന ഷെയ്ഖ്, അഭയം തേടി ചെറിയൊരു ഹെലികോപ്റ്ററിൽ ഇന്ത്യയിലെത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ സംവരണ–സർക്കാർ വിരുദ്ധ പ്രക്ഷോഭം ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിക്കുകയായിരുന്നു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സമരത്തിൽ അണിചേരാൻ സർക്കാർ, സ്വകാര്യ ജീവനക്കാരും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവർത്തനം നിലച്ചു. പ്രധാനമന്ത്രി ചർച്ചയ്ക്കു വിളിച്ചെങ്കിലും പ്രക്ഷോഭകർ തയാറായില്ല. വിദ്യാർഥികളല്ല, ഭീകരരാണു പ്രക്ഷോഭത്തിനു പിന്നിലെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നും ഹസീന പ്രഖ്യാപിച്ചു. പിന്നാലെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങി. ഇതോടെ രാജ്യമാകെ കലാപം ആളിപ്പടർന്നു. ഹസീനയ്ക്കു രാജ്യം വിടേണ്ടിയും വന്നു.

ഏറ്റവും കൂടുതൽ കാലം ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണു  76 വയസ്സുള്ള ഷെയ്ഖ് ഹസീന. പലപ്പോഴായി 19 വധശ്രമങ്ങള്‍ അതിജീവിച്ച വനിത. എതിരാളികളെ അടിച്ചമർത്തുന്ന നേതാവ് എന്നാണ് ഹസീനയെ അറിയപ്പെടുന്നത്. പക്ഷെ ഈ ഉരുക്കുവനിതയ്ക്ക് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ബംഗ്ലദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെയും ബീഗം ഫാസില തുന്നീസയുടെയും മകളാണ് ഹസീന. പഠനകാലത്തുതന്നെ സ്റ്റുഡന്റ്‌സ് ലീഗില്‍ സജീവമായിരുന്നു ഹസീന. ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ആണവ ശാസ്ത്രജ്ഞൻ എം.എ.വാസെദ് മിയയെ ആണ് 1967ല്‍ ഹസീന വിവാഹം കഴിച്ചത്.

ബംഗ്ലദേശിൽ അട്ടിമറി നടന്ന 1975 ഓഗസ്റ്റ് 15ന് അച്ഛനെയും അമ്മയെയും മൂന്നു സഹോദരന്മാരെയും ഹസീനയ്ക്ക് നഷ്ടമായിട്ടുണ്ട്. ഹസീനയും അനുജത്തി രഹാനയും സ്‌ഥലത്തില്ലാത്തതിനാൽ മാത്രം അന്ന് രക്ഷപ്പെട്ടു. ബംഗ്ലാദേശിൽ ആ സമയത്ത് പുതിയ പട്ടാളത്തലവൻ സിയാവുര്‍ റഹ്‌മാൻ അധികാരത്തിലെത്തി. അന്ന് ഹസീനയും രഹനയും പശ്ചിമ ജര്‍മനിയിലെ ബംഗ്ലദേശ് അംബാസഡറുടെ വീട്ടിലാണ് ആദ്യം രക്ഷ തേടിയെത്തിയത്. പിന്നീട്  അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അവർക്ക് ഇന്ത്യയിൽ രാഷ്ട്രീയ അഭയം നൽകി. സൈനിക ഭരണകൂടം ഹസീനയെ വിലക്കിയതോടെ 6 വര്‍ഷത്തോളം ഹസീന ഡല്‍ഹിയിൽ പ്രവാസജീവിതം നയിച്ചിട്ടുണ്ട്.

ഇപ്പോഴിത് രണ്ടാം തവണ ആണ് ബംഗ്ലദേശിൽനിന്ന് പലായനം ചെയ്തെത്തിയ  ഷെയ്ഖ് ഹസീനയുടെ സുരക്ഷയ്ക്കായി ഇന്ത്യ അവസരം ഒരുക്കുന്നത്. ഷെയ്ഖ് ഹസീനയുടെ സൈനിക വിമാനം ധാക്കയിൽനിന്ന് ഇന്ത്യയെ ലക്ഷ്യമാക്കി പുറപ്പെട്ടെന്ന വിവരം ലഭിച്ചതോടെ ദ്രുതഗതിയിലായിരുന്നു ഇത്തവണ ഇന്ത്യയുടെ നീക്കങ്ങൾ.

തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയാണ് ബംഗ്ലദേശിൽനിന്ന് ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി താഴ്ന്നുപറന്ന വിമാനം വ്യോമസേനയുടെ റഡാറിൽ പതിഞ്ഞത്. ഹസീനയുടെ വിമാനമാണെന്ന് തിരിച്ചറിഞ്ഞ വ്യോമസേന ഉദ്യോഗസ്ഥർ ഇന്ത്യൻ ആകാശത്തേക്ക് കടക്കാൻ വിമാനത്തിന് അനുമതി നൽകി. വിമാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ ബംഗാളിലെ ഹാഷിമാര വ്യോമത്താവളത്തിലെ 101 സ്ക്വാഡ്രനിൽനിന്ന് രണ്ട് റഫാൽ യുദ്ധവിമാനങ്ങളെ അയയ്ക്കാൻ ഉടനടി നിർദേശമെത്തി. ബിഹാറിലും ജാർഖണ്ഡിലുമായി ഇവ വിമാനത്തിന് സുരക്ഷയൊരുക്കി.

വ്യോമസേന ചീഫ് മാർഷൽ വി.ആർ.ചൗധരി, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു. ഈ സമയം ഇന്റലിജൻസ് ഏജൻസി മേധാവിമാരുമായും ജനറൽ ദ്വിവേദി, ലഫ്റ്റനന്റ് ജനറൽ ജോൺസൺ ഫിലിപ്പ് മാത്യു എന്നിവർ ഉന്നതതലയോഗം ചേർന്നു. വൈകിട്ട് 5.45ന് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിൻഡൻ വിമാനത്താവളത്തിൽ എത്തി. പിന്നാലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യോമാസ്ഥാനത്തെത്തി ഹസീനയുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.

ബംഗ്ലദേശിലെ സാഹചര്യവും ഭാവി നീക്കങ്ങളും  ഡോവലിനെ ഹസീന  അറിയിച്ചെന്നാണ് വിവരം. കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഡോവൽ പിന്നീട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തെ അറിയിച്ചു. കാബിനറ്റ് കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിൽ, ബംഗ്ലദേശ് സാഹചര്യം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം ചേർന്നു. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർനീക്കങ്ങൾ. ലണ്ടനിൽ രാഷ്ട്രീയ അഭയം തേടുമെന്നു കരുതുന്ന ഹസീന ഏതാനും ദിവസംകൂടി ഇന്ത്യയിൽ തുടരുമെന്നാണ് കരുതുന്നത്.

Sheikh Hasina, the longest-serving Prime Minister of Bangladesh, seeks asylum in India after anti-government protests and military control in Bangladesh. Learn about the dramatic escape and the current situation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version