കോടികൾ ശമ്പളം വാങ്ങുന്ന സിഇഒമാരുണ്ട്. അംബാനിയുടെയും അദാനിയേയും പോലെ ഉള്ള ശത കോടീശ്വരന്മാർക്കൊപ്പമൊന്നും ജോലി ചെയ്തിട്ടില്ലാത്തവർ. അക്കൂട്ടത്തിൽ ഒരാൾ ആണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഐടി കമ്പനികളിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന രണ്ടാമത്തെ സിഇഒ പദവി സ്വന്തമാക്കിയ ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് (Salil Parekh).
66.25 കോടിയാണ് അദ്ദേഹത്തിന്റെ വാർഷിക ശമ്പളമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാസം 55 ലക്ഷത്തോളം ആണ് പ്രതിമാസ ശമ്പളം. ആഗോളതലത്തിൽ തന്നെ ഏകദേശം മുപ്പത് വർഷമായി ഐടി സേവന മേഖലയിൽ പ്രവർത്തിക്കുന്ന ആളാണ് സലിൽ. വിപ്രോയുടെ മുൻ സിഇഒ ആയിരുന്ന തിയറി ഡെലാപോർട്ട് ആണ് സലീലിന്റെ മുന്നിലുള്ള ആൾ. തിയറി ഡെലാപാര്‍ട്ട് 2024 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിഫലമായി കൈപറ്റിയിരുന്നത് 20 മില്യണ്‍ ഡോളറാണ് അതായത് ഏകദേശം 166 കോടി രൂപ. ഏപ്രില്‍ ആറിനാണ് അദ്ദേഹം കമ്പനിയില്‍ നിന്ന് രാജിവെച്ചത്. നിലവിലെ സിഇഒയായ ശ്രീനിവാസ് പല്ലിയയുടെ ശമ്പളം 50 കോടിയോളം മാത്രമാണ്.
2023 സാമ്പത്തിക വര്‍ഷത്തില്‍ പരേഖിന്റെ ശമ്പളം 56 കോടിയായി കുറഞ്ഞിരുന്നു. 2022ല്‍ ഇദ്ദേഹത്തിന്റെ ശമ്പളം 71 കോടിയായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ പരേഖ് റെസ്ട്രിക്റ്റഡ് സ്റ്റോക് യൂണിറ്റ്സ് (restricted stock units-ആര്‍എസ്യു) ഉയര്‍ന്ന രീതിയില്‍ ഉപയോഗിച്ചതാണ് ശമ്പള വര്‍ധനവിന് കാരണമെന്ന് ഇന്‍ഫോസിസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് പ്ലാനുകളെ അടിസ്ഥാനമാക്കിയാണ് ഇന്‍ഫോസിസ് ആര്‍എസ്യു നല്‍കുന്നത്. കമ്പനിയുടെ 2015ലെ പ്ലാന്‍ പ്രകാരം സ്റ്റോക്കുകള്‍ പ്രധാനമായും സമയത്തെ അടിസ്ഥാനമാക്കിയാണ് മൂല്യം കണക്കാക്കുന്നത്. എന്നാല്‍ 2019ലെ പ്ലാന്‍ അനുസരിച്ച് പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യം കണക്കാക്കുന്നത്.
നിശ്ചിത ശമ്പളം, വേരിയബിള്‍ പേ, റിട്ടയര്‍മെന്റ് ആനൂകൂല്യം, ഇക്കാലയളവില്‍ ഉപയോഗിച്ച സ്റ്റോക്ക് ഇന്സെന്റിവുകളുടെ മൂല്യം എന്നിവയും പരേഖിന്റെ ശമ്പളത്തില്‍ ഉള്‍പ്പെടുന്നു. 66.25 കോടിയില്‍ 39.03 കോടി ആര്‍എസ്യു ഉപയോഗിച്ചതിലൂടെ അദ്ദേഹം നേടിയതാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ അടിസ്ഥാന ശമ്പളമായി 7 കോടി രൂപയും വിരമിക്കല്‍ ആനൂകൂല്യമായി 47 ലക്ഷം രൂപയും ബോണസായി 7.47 കോടി രൂപയും പരേഖ് നേടി.
2018 ജനുവരിയിൽ ആണ് കമ്പനിയുടെ സിഇഒ ആയി പരേഖ് ചുമതലയേറ്റത്. അദ്ദേഹം ഐഐടി ബോംബെ പൂർവ്വ വിദ്യാർത്ഥിയാണ്. എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങാണ് അദ്ദേഹത്തിൻ്റെ ബിരുദം. മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം എന്നിവ നേടിയ ഈ 59 കാരൻ കോർണൽ സർവകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. ഇൻഫോസിസിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ഏണസ്റ്റ് ആൻഡ് യംഗ്, ക്യാപ്ജെമിനി എന്നിവയുടെ കൺസൾട്ടിംഗ് വിഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.