ഒരു തകർന്ന പാലത്തിന്റെ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മോദി സർക്കാർ അടുത്തിടെ പണി കഴിപ്പിച്ച പാലം തകർന്നു എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

“പഴയ പാലം പൊളിയാതെ അവിടെത്തന്നെ ഉണ്ട്… മോദി മാമൻ്റെ പുതിയ ടെക്നോളജി പാലം പൊളിഞ്ഞു വീണു” എന്ന തലക്കെട്ടോടെ ആണ് ഒരു ഫേസ്ബുക് പോസ്റ്റും വിഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മോദി സർക്കാർ നിർമ്മിച്ച പുതിയ പാലം തകർന്നു എന്ന സോഷ്യൽ മീഡിയ വാദത്തെ കുറിച്ച് ചാനൽ ഐ ആം നടത്തിയ വസ്തുത പരിശോധനയിലേക്ക്.

വൈറൽ വീഡിയോയിൽ കാണുന്ന തകർന്ന പാലം അടുത്തിടെ പണി കഴിപ്പിച്ചതല്ലെന്ന് ചാനൽ ഐ ആം അന്വേഷണത്തിൽ കണ്ടെത്തി. കർണാടക ഗോവ അതിർത്തിയിലെ കാളി നദിക്ക് കുറുകെയുള്ള ഈ പാലത്തിന് 41 വർഷം പഴക്കമുണ്ട്. വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ വീഡിയോ നിരവധി യൂട്യൂബ് പേജുകളിൽ അപ്ലോഡ് ചെയ്തിരിക്കുന്നതായി കണ്ടെത്തി. കാളി നദിയിലെ പാലം തകർന്നു എന്ന തലകെട്ടോടെയാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാർവാറിൽ കാളിനദിക്ക് കുറുകെയുള്ള പാലം തകർന്നതുമായി ബന്ധപ്പെട്ട് വിവിധ വാർത്താ ചാനലുകൾ പങ്കുവച്ച റിപ്പോർട്ട് ലഭ്യമായി. 2024 ആഗസ്റ്റ് 7നാണ് ഈ പാലം തകർന്നതെന്ന് വാർത്തയിൽ പറയുന്നു.

 41 വർഷം പഴക്കമുള്ള പാലമാണിതെന്നും പാലം തകർന്നപ്പോൾ താഴെ വീണ ലോറി കരയ്ക്കെത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഗസ്റ്റ് 15ന് ആണ്  ന്യൂസ് ചാനലുകൾ ഇത് സംബന്ധിച്ച വാർത്തകളും വിഡിയോയും യൂട്യൂബ് പേജിൽ പങ്കുവച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലം തകർന്നതുമായി ബന്ധപ്പെട്ട് 2024 ആഗസ്റ്റ് 8ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടും  ലഭ്യമാണ്.

ഉത്തര കന്നഡ ജില്ലയിലെ കാർവാറിൽ കർണാടകയെയും ഗോവയെയും ബന്ധിപ്പിക്കുന്ന കോടിബാഗ് പാലമാണ് ആഗസ്റ്റ് 7ന് പുലർച്ചെ തകർന്നത്. പാലം തകർന്നപ്പോൾ കാളി നദിയിലേക്ക് വീണ ലോറിയുടെ ഡ്രൈവറായ തമിഴ്നാട് സ്വദേശി പരിക്കുകളോടെ രക്ഷപ്പെട്ടു. 41 വർഷം പഴക്കമുള്ള പാലമാണ് തകർന്നത്, ഇതിന് സമാന്തരമായി മറ്റൊരു പുതിയ പാലമുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കാളി നദിക്ക് കുറുകെയുള്ള പാലം തകർന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ടൈംസ് ഓഫ് ഇന്ത്യയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തകർന്ന പാലം 2011ൽ തന്നെ ഗതാഗത യോഗ്യമല്ലെന്ന് കണ്ടെത്തി അടച്ചിരുന്നു. എന്നാൽ പൊതുജനങ്ങളിൽ നിന്നുള്ള സമ്മർദ്ദം കാരണം ഈ പാലം അറ്റകുറ്റ പണികൾ നടത്തി വീണ്ടും തുറക്കുകയായിരുന്നു. 1982ലാണ് പാലം ഉത്ഘാടനം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ലഭ്യമായ വിവരങ്ങളിൽ നിന്നും മോദി സർക്കാർ നിർമ്മിച്ച പഴയ പാലം തകർന്ന ദൃശ്യം എന്ന രീതിയിൽ പ്രചരിക്കുന്നത് 2024 ആഗസ്റ്റ് 7ന് തകർന്ന 41 വർഷം പഴക്കമുള്ള പാലമാണെന്ന് വ്യക്തമായി.

Viral video claiming a recently built bridge by the Modi government collapsed is misleading. Channel I Am’s fact check reveals it’s a 41-year-old bridge on the Kali River in Karnataka that collapsed on August 7, 2024.

Share.

Comments are closed.

Exit mobile version