മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ആഘോഷങ്ങളും വാനോളമെത്തിക്കാന്‍ കസവുടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ്. എയർലൈനിന്റെ ഏറ്റവും പുതിയ ബോയിങ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയിൽ പറന്നിറങ്ങിയത്.
വിമാനത്ത വരവേൽക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എത്തിയത്. വിമാനത്തിൻറെ ചിറകുകൾക്കടിയിലും ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. കൂടാതെ ബംഗളൂരുവിലേക്കുള്ള ഈ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരെ കസവ് ഷാൾ അണിയിച്ച് സ്വീകരിച്ചതും യാത്രക്കാർക്ക് നവ്യാനുഭവമായി.
180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. 2023 ഒക്ടോബറിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ച ശേഷം എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളീറ്റിലേക്ക് 34 പുതിയ വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിമാനങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെയില്‍ ആര്‍ട്ടുകളാണുള്ളത്. കേരളത്തിന്റെ കസവ്, തമിഴ്നാടിന്റെ കാഞ്ചീപുരം, ആന്ധ്രാ പ്രദേശിന്റെ കലംകാരി, മധ്യപ്രദേശിലെ ചന്ദേരി തുടങ്ങിയവയാണ് വിവിധ വിമാനങ്ങളുടെ ടെയില്‍ ആര്‍ട്ടിലുള്ളത്.
Air India Express unveils a new Boeing 737-8 with tail art inspired by Kerala’s traditional kasavu design at Kochi airport. The airline’s latest addition celebrates Onam and Kerala’s rich cultural heritage, showcasing Air India Express’s commitment to honoring India’s diverse traditions through its fleet.