തിരുവനന്തപുരത്തെ ഏറ്റവും വലിയ പാട ശേഖരം ഇനി സ്വന്തം ബ്രാൻഡ് അരിയുമായി വിപണിയിലേക്ക്. ആറ്റിങ്ങൽ മുദാക്കൽ പഞ്ചായത്തിലെ പിരപ്പമണ്‍കാട് പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ള പിരപ്പമണ്‍കാട് ബ്രാന്‍ഡ് കുത്തരി ഉടന്‍ വിപണിയില്‍ എത്തും. ഇതിന്റെ വിപണന ഉദ്ഘാടനവും മിനി മില്ലിന്റെ ഉദ്ഘാടനവും ഭക്ഷ്യമന്ത്രി ജി.ആര്.അനിൽ മുൻപ് നിർവഹിച്ചിരുന്നു.
ഒന്നരവര്‍ഷം മുന്‍പാണ് പിരപ്പമണ്കോടുള്ള കര്‍ഷകരുടെ നേതൃത്വത്തില്‍ പിരപ്പമണ്‍കോട് പാടശേഖരസമിതി രൂപീകരിച്ചത്. തൊട്ടു പിന്നാലെ സമിതിയിലെ കർഷകർ 72 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി. ആദ്യഘട്ടത്തില്‍ 56,000 കിലോ നെല്ലും രണ്ടാംഘട്ടത്തില്‍ 81,000 കിലോ നെല്ലും വിളവെടുത്തു. മൂന്നാംഘട്ടത്തിലെ വിളവെടുപ്പ് സെപ്തംബര്‍ അവസാനത്തോടെ നടക്കും. രണ്ട് ഘട്ടങ്ങളിലായി 39,000 കിലോ അരിയാണ് പിരപ്പമണ്‍കോട് പാടശേഖരസമിതി ഇവിടെ നിന്നും സിവില്‍ സപ്ലൈസ് വകുപ്പിന് നല്‍കിയത്.
മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ ഇടയ്ക്കോട് പിരപ്പമൺകാട് ഏലയാണ് 20 വർഷത്തിനു ശേഷം വീണ്ടും കതിരണിയുന്നത്. ഒരു കാലത്ത് മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ നെല്ലറയായിരുന്ന പിരപ്പമൺകാട് ഏലയിൽ ബഹുഭൂരിപക്ഷവും കാർഷിക വൃത്തിയിൽ നിന്നും ഉപജീവനം നടത്തിവന്നിരുന്നവരാണ്. പിന്നീട് കാർഷിക മേഖലയിൽ പണിയെടുക്കാൻ ആളെ കിട്ടാതെ വന്നതോടെ കൃഷി മുടങ്ങുകയായിക്കുന്നു. യന്ത്രവത്കരണം നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതോടെ വിശാലമായ നെൽപാടം നശിച്ചു കാടുകയറി. 20 വർഷങ്ങൾക്ക് ശേഷം പിരപ്പമൺകാട് പാടശേഖരസമിതയുടെ നേതൃത്വത്തിൽ സഹകരണ സംഘം, എസ്.പി.സി, സന്നദ്ധ സംഘടനകൾ നാട്ടുകാർ എന്നിവർ ഒരുമിച്ച് കൈകോർത്തു നിലം കൃഷിയോഗ്യമാക്കുകയായിരുന്നു.
ഒരു ജനകീയ കൂട്ടായ്മയുടെ വിജയമാണ് പിരപ്പമണ്‍കാട് ബ്രാന്‍ഡ് കുത്തരിയിലൂടെ യാഥാർഥ്യമാകുന്നത്. കാടു വെട്ടി തെളിച്ച് ഹരിതകർമ്മസേനയും കുടുംബശ്രീയും നാട്ടുകാരും കൈകോർത്തു. വിത്തും വളവും കൃഷി ഭവൻ നൽകി. ഞാറു നട്ടശേഷം കടുത്ത വേനൽ നെൽകൃഷിയെ ബാധിച്ചപ്പോൾ വരണ്ട പാടത്തെ സംരക്ഷിക്കാൻ ഗ്രാമ പഞ്ചായത്തും, കൃഷിഭവനും മുന്നിട്ടിറങ്ങി. അടഞ്ഞുകിടന്ന പമ്പ് ഹൗസ് പ്രവർത്തിപ്പിക്കാൻ വൈദ്യുതി കുടിശിക കൃഷി ഭവൻ നൽകി. അങ്ങനെ വിശാലമായ നെൽപാടം കതിരണിഞ്ഞു.
പാടശേഖര സമിതി പാടത്തിനു ചുറ്റുപാടും ഉദ്യാനമൊരുക്കി. നെൽപ്പാടത്തിന് നടുവിൽ വയൽ ഏറുമാടം ഒരുക്കിയതോടെ വിശാലമായ നെൽപാടവും, ഏറുമാടവും കാണാൻ അനേകം പേരാണ് ഇവിടെക്ക് എത്തുന്നത്. പിരപ്പമണ്‍കാട് ബ്രാന്‍ഡ് കുത്തരി വിപണിയിലേക്കെത്തുന്നതോടെ പാടശേഖരത്തിന്റെ പെരുമ ഒന്ന് കൂടി ഉയരും.
Discover Pirappamankad Kuthari, Thiruvananthapuram’s newest rice brand launched by the Pirappamankad Patasekara Samiti. Learn about the revival of local agriculture and community efforts in transforming abandoned paddy fields into productive land.