അടുത്തിടെ ഹോളണ്ടിൽ നടന്ന ഗണേശോത്സവത്തിൽ നിന്നുള്ളതാണെന്ന് നിരവധി ഉപയോക്താക്കൾ അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങളായി വൈറൽ ആവുന്നുണ്ട്. ഓറഞ്ചും നാരങ്ങയും കൊണ്ട് നിർമ്മിച്ച ഗണപതി വിഗ്രഹം കാണിക്കുന്ന വീഡിയോ ആണിത്. ഈ വീഡിയോയുടെ വസ്തുതാ പരിശോധനയുമായി ബന്ധപ്പെട്ട് ചാനൽ ഐ ആം നടത്തിയ അന്വേഷണത്തിലേക്ക്.

വൈറലായ പോസ്റ്റ്

ഫേസ്ബുക്ക് ഉപയോക്താവ് നിലേഷ് കെനിയ 2024 സെപ്റ്റംബർ 10-ന് ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കിട്ടത്. “ഹോളണ്ടിൽ ഓറഞ്ചിൽ  നിർമ്മിച്ച ഗണപതിയുടെ അതിശയകരമായ അമാനുഷിക രൂപം. ഓം ഗൺ ഗണപതയേ നമഃ” എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷ്യനായി അദ്ദേഹം എഴുതിയിട്ടുള്ളത്. നിരവധി ആളുകൾ ഈ വിഡിയോയും ഫോട്ടോകളും ഷെയർ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തതോടെ ആണ് ഇത് വൈറലായി മാറിയത്

അന്വേഷണം

വൈറലായ വീഡിയോയെ കുറിച്ച് അന്വേഷിക്കാൻ, ഞങ്ങൾ വീഡിയോയിൽ നിന്ന് നിരവധി പ്രധാന ഫ്രെയിമുകൾ എക്‌സ്‌ട്രാക്‌റ്റ് ചെയ്യുകയും Google റിവേഴ്‌സ് ഇമേജ് നടത്തുകയും ചെയ്തു.  2018 ഫെബ്രുവരി 18-ന് പ്രസിദ്ധീകരിച്ച ലൈവ് ഹിന്ദുസ്ഥാൻ വെബ്‌സൈറ്റിലെ ഒരു വാർത്താ റിപ്പോർട്ടിലേക്ക് ആണ് ഇത് ഞങ്ങളെ നയിച്ചത്. ഫ്രാൻസിലെ മെൻ്റണിൽ നാരങ്ങാ മഹോത്സവത്തിൽ നാരങ്ങയും ഓറഞ്ചും ഉപയോഗിച്ച് ഗണപതി വിഗ്രഹം നിർമ്മിച്ചതിൻ്റെ ദൃശ്യമാണ് എന്ന അവകാശത്തോടെ ഉള്ള ഒരു ലേഖനം ആയിരുന്നു ലൈവ് ഹിന്ദുസ്ഥാൻ വെബ്‌സൈറ്റിൽ ഉണ്ടായിരുന്നത്. ആ വർഷത്തെ നാരങ്ങാ ഉത്സവ തീം ബോളിവുഡ് ആയിരുന്നു.

istockphoto.com-ൽ നിന്നും ഇപ്പോൾ വൈറലായ വീഡിയോയുമായി ബന്ധപ്പെട്ട ഒരു ചിത്രവും ഞങ്ങൾ കണ്ടെത്തി. 2018 ഫെബ്രുവരി 18-ന് ഫ്രാൻസിലെ മെൻ്റണിലെ പ്രശസ്തമായ ലെമൺ ഫെസ്റ്റിവലിൽ ഗണപതി വിഗ്രഹം ഓറഞ്ചും നാരങ്ങയും ഉപയോഗിച്ച് നിർമ്മിച്ച ചിത്രമാണ് എന്ന വിവരണം ഇതോടെ സ്ഥിരീകരിച്ചു. 2018 ഫെബ്രുവരി 18-ന്  ‘AGENCIA EFE’ യുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത ഇതേക്കുറിച്ചുള്ള  വീഡിയോയും ഞങ്ങൾ കണ്ടെത്തി. ബോളിവുഡ് തീമിൽ ഫ്രാൻസിലെ മെൻ്റണിൽ നടന്ന ലെമൺ ഫെസ്റ്റിവലിൽ നിന്നുള്ളതാണിതെന്ന് വീഡിയോ വ്യക്തമാക്കി. ലെമൺ ഫെസ്റ്റിവലിൻ്റെ 2024 പതിപ്പും അന്വേഷിച്ചു. 2024 ഫെബ്രുവരി 19-ന് euronews.com-ൽ പ്രസിദ്ധീകരിച്ച ഇതേക്കുറിച്ചുള്ള  ഒരു ലേഖനം പ്രകാരം ഈ വർഷത്തെ തീം ഒളിമ്പിക്‌സിനെ കേന്ദ്രീകരിച്ചുള്ളത് ആയിരുന്നു.  

ഉപസംഹാരം

 ചാനൽ ഐ ആം നടത്തിയ അന്വേഷണത്തിൽ നിന്നും ഈ  അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഓറഞ്ചും നാരങ്ങയും കൊണ്ട് നിർമ്മിച്ച ഗണേശ വിഗ്രഹത്തിൻ്റെ വീഡിയോ 2018-ൽ ഫ്രാൻസിലെ മെൻ്റണിൽ നടന്ന ലെമൺ ഫെസ്റ്റിവലിൽ നിന്നുള്ളതാണ്. ഇത് ഹോളണ്ടിലെ ഗണേശ ഉത്സവ ആഘോഷങ്ങൾ അല്ല. ഒപ്പം ഈ വീഡിയോയ്ക്ക് സമകാലിക സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല.

A viral video showing a Lord Ganesha idol made of oranges and lemons, claimed to be from Ganesh Utsav in Holland, is false. The video is actually from the 2018 Lemon Festival in Menton, France.

Share.

Comments are closed.

Exit mobile version