നിതാൻഷി ഗോയൽ, പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ, ഭാസ്കർ ഝാ, ഗീത അഗർവാൾ, ഛായ കദം, രവി കിഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി 2023 പുറത്തിറങ്ങിയ കോമഡി ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമാണ് ലാപത ലേഡീസ്. ആമിർ ഖാനും ജ്യോതി ദേശ്പാണ്ഡെയും ചേർന്നു നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ആമിർഖാന്റെ മുൻ ഭാര്യ കൂടിയായ കിരൺ റാവു ആണ്. ഒരു സ്ത്രീപക്ഷ സിനിമ എന്ന് പൂർണമായും അവകാശപ്പെടാൻ കഴിയുന്ന ഈ ചിത്രത്തെ ഇത്തവണത്തെ ഓസ്കാറിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.
വിവാഹശേഷം ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ഭാര്യയെ നഷ്ടപ്പെടുന്ന യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിരക്കുള്ള ഓട്ടത്തിനിടയിൽ നഷ്ടപ്പെട്ട നമ്മളെ തന്നെ തിരികെ നേടാൻ വേണ്ടി നടത്തുന്ന ഒരു യാത്രയെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
ലാപത ലേഡീസ് എന്ന ഹിന്ദി ചിത്രം കണ്ടു കഴിയുമ്പോൾ നമുക്ക് തോന്നുന്നത് ഇപ്പോഴും ഈ നൂറ്റാണ്ടിലും ഇങ്ങനൊക്കെ ഉള്ള കാര്യങ്ങൾ സംഭവിക്കുന്നുണ്ട് എന്നതോർത്തുള്ള അത്ഭുതമോ അനുകമ്പയോ അമർഷമോ ആവാം. അതും വികസനത്തിന്റെ അവസാന വാക്ക് എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന നമ്മുടെ ഇന്ത്യയിൽ.
നഷ്ടപ്പെട്ടു പോകുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ചിത്രത്തിൽ സംസാരിക്കുന്നത് എങ്കിലും നിരവധി സ്ത്രീകളുടെ ജീവിതം കിരൺ റാവു ഇതിൽ വരച്ചു കാട്ടിയിട്ടുണ്ട്.
നല്ല രീതിയിൽ വളർത്തപ്പെട്ട കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ അടക്കവും ഒതുക്കവും ഉള്ള, പാത്രം കഴുകാനും തുണി അലക്കാനും ഭക്ഷണം ഉണ്ടാക്കാനും അറിയുന്നവൾക്കു ഭർത്താവിന്റെ പേര് തുറന്നു പറയാൻ ആചാരം സമ്മതിക്കുന്നില്ല എന്നതു പോലെ തന്നെ സ്വന്തം വീട്ടിലേക്കുള്ള വഴി പോലും അറിയില്ല. എങ്കിലും അവൾ സ്വയം വിശ്വസിക്കുന്നത് ഇതൊക്കെയും ഒരു മഹത്തായ സംസ്കാരത്തിന്റെ ഭാഗമാണ് എന്നതാണ്.
തനിക്ക് ഏറെ ഇഷ്ട്ടമുള്ള ആഹാരം കുടുംബത്തിൽ മാറ്റാർക്കും വേണ്ട എന്നതു കൊണ്ടു മാത്രം ഉണ്ടാക്കാൻ മടിക്കുന്ന ആരും കാണാതെ മാത്രം തന്റെ വരയ്ക്കാനുള്ള കഴിവ് പുറത്തെടുത്തു വരച്ചതൊക്കെയും മെത്തക്കടിയിൽ സൂക്ഷിക്കുന്ന ലേഡീസ്. ഇവരിൽ ഒക്കെ തിരിച്ചറിവിന്റെ വെളിച്ചം വീഴുമ്പോൾ അമ്മായി അമ്മയ്ക്കും മരുമകൾക്കും കൂട്ടുകാരായി ഇരിക്കാൻ പറ്റും. നമുക്കും ഫ്രണ്ട്സ് ആയാലോ എന്ന് ചോദിക്കാനും കൃഷിയിടത്തിൽ അഭിപ്രായം പറയാനും സ്വന്തം ആയി അധ്വാനിച്ചു പണം ഉണ്ടാക്കാനും അവർ പഠിക്കുന്നു.
വിവാഹം കഴിച്ചു എന്ന കാരണം കൊണ്ടു മാത്രം പോലീസ് സ്റ്റേഷനിൽ വച്ചു സ്പോർട്സ് ക്വാട്ടയിൽ ജോലിക്കു കേറിയ പോലീസുകാരി നോക്കി നിൽക്കേ ഭാര്യയെ അടിക്കുന്ന ഭർത്താവിനെ ഒന്നും ചെയ്യാൻ പറ്റാതെ നിൽക്കുന്ന പോലീസുകാരിയെ കാണിച്ചു തരുന്ന ചിത്രം. ഇതിനേക്കാളൊക്കെ ഇഷ്ടം തോന്നുന്നത് റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാരിയെയാണ്. എന്നെ ഉപയോഗിച്ച് ജീവിക്കാനാണ് ഭർത്താവിന്റെയും മക്കളുടെയും താത്പര്യം എന്ന് തോന്നിയപ്പോ ഞാൻ എല്ലാത്തിനെയും ചവുട്ടി പുറത്താക്കി എന്ന് പറയുന്ന സ്ത്രീകൾ ആരുടേയും അടിമകൾ അല്ല എന്ന് വിളിച്ചുപറയുന്ന അഭിമാനമുള്ള സ്ത്രീ.
പട്ടീല റെയിൽവേ സ്റ്റേഷനിലെ ചോട്ടു മുതൽ കോമഡി കലർന്ന വില്ലനായി വന്ന് പിന്നെ ഹീറോയിസം കാണിച്ച സൂരജ്മുഖി സ്റ്റേഷൻ
ഇൻസ്പെക്ടർ ശ്യാം മനോഹർ വരെയുള്ള സകലരും ഒരുപോലെ പ്രാധാന്യം അർഹിക്കുന്ന സിനിമ.
ഫൂൽ കുമാരിയുടെ നിഷ്കളങ്കത, ജയയുടെ ധൈര്യം, മഞ്ചു മായിയുടെ അനുഭവ സമ്പത്ത്, യാശോധയുടെയും പൂനം കുമാരിയുടെയും തിരിച്ചറിവ് എന്നു തുടങ്ങി സ്ത്രീ കഥാപാത്രങ്ങളും നമുക്കൊരു പുതിയ പാഠങ്ങൾ പഠിപ്പിച്ചു തരികയായിരുന്നു. സിനിമ തീരുമ്പോൾ നമുക്ക് ആഗ്രഹിക്കാൻ സ്വപ്നം കാണാൻ ഒരുപാട് കാര്യങ്ങൾ അവർ ബാക്കി വച്ചിരുന്നു. ദീപക്കിന്റെയും ഫൂൽകുമാരിയുടെയും മനോഹരമായ ജീവിതം, ജയ ഡെറാഡൂണിൽ നിന്ന് പഠനം കഴിഞ്ഞു തിരിച്ചുവരും, ഗുജ്ഞൻ തന്റെ ഇഷ്ടം അവളോട് പറയും, പൂനം ധൈര്യമായി ഭർത്താവ് ശ്രാവൺ കുമാറിന്റെ പേര് പറയും ചിത്രങ്ങൾ വരക്കും , യാശോധ തനിക് ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കി കഴിക്കും, ജയ പഠിപ്പിച്ച ഓർഗാനിക് ഫാമിംഗ് അവർ നടപ്പിലാക്കും അങ്ങിനെ ഒരുപാട് സ്വപ്നങ്ങൾ ബാക്കിനിർത്തി പോയ ചിത്രം.
പ്രായഭേദമന്യേ എല്ലാവർക്കും കാണാവുന്ന ചിത്രം എന്ന് തന്നെ പറയാവുന്ന ചിത്രം. ഇതൊരു സ്ത്രീപക്ഷ സിനിമ ആവുമ്പോഴും പുരുഷന്മാർക്കൊപ്പം കയ്യടി നേടിയ ചിത്രം കൂടിയാണിത്. ഡയറക്ടർ ആയ കിരൺ റാവുവും മുൻ ഭർത്താവ് ആയ അമീർ ഖാനും ഡിവോഴ്സ് നു ശേഷവും എത്ര ഭംഗിയായി തങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ ഒരുമിച്ചു വർക്ക് ചെയ്യുന്നു എന്ന് കാണിച്ചു തരുന്ന ഒരു മികച്ച ചിത്രം കൂടിയാണ് ലാപതാ ലേഡീസ്.
നാലു മുതൽ അഞ്ചു കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രം അത്ര വലിയ വിജയമായിരുന്നില്ല. ഒടിടി റിലീസായി ചിത്രം ഇറങ്ങിയതിനു ശേഷമാണ് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയതും ചിത്രം വിജയിക്കപ്പെട്ടതും. ചിത്രം 25 കോടി രൂപ കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ.
Kiran Rao’s film Laapataa Ladies, produced by Aamir Khan, has been chosen as India’s official entry for the Oscars 2025. This Hindi film about two brides’ mix-up sheds light on patriarchy, competing for Best International Feature at the Academy Awards.