പ്ളാസ്‌റ്റിക് ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? ഭൂമിയെ ഇഞ്ചിഞ്ചായി കൊല്ലുന്ന പ്ളാസ്‌റ്റിക്കിൽ നിന്നും ഭൂമിയെ മോചിപ്പിക്കാൻ പ്ളാസ്‌റ്റിക് മുക്‌ത സമൂഹമെന്ന വളർച്ചയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന വനിതാ സംരംഭകയെ പരിചയപ്പെടാം- ഹർഷ പുതുശ്ശേരി. ഉയർന്ന വരുമാനമുള്ള ഐടി ജോലി വിട്ടെറിഞ്ഞ് പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിൽ ഹർഷയും ഐറാലൂം (Iraloom)  എന്ന സംരഭവും പുതിയ പാതകൾ തുറക്കുക ആയിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശിയായ ഹർഷ പ്ലാസ്റ്റിക്കിന് വിലക്ക് വന്നപ്പോഴായിരുന്നു കോട്ടൺ, ജ്യൂട്ട്, ബാംബൂ, ചിരട്ട, പേപ്പർ തുടങ്ങിയ കൊണ്ടുള്ള ബദൽ ഉൽപ്പന്നങ്ങളിലൂടെ ഐറാലൂം എന്ന തന്റെ ബ്രാൻഡ് കെട്ടിപ്പടുത്തത്.

പ്രവർത്തനം തുടങ്ങി അധികം വൈകാതെ നേട്ടങ്ങളുടെ പട്ടികയിൽ ഐറാലൂം ഇടംപിടിച്ചു. യുണൈറ്റഡ് നേഷന്റെ ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബെസ്റ്റ് സോഷ്യൽ ഇംപാക്ട് സ്റ്റാർട്ടപ്പായി ഐറാലൂം മാറി. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 സ്റ്റാർട്ടപ്പുകളുടെ പട്ടികയിലാണ് ഈ കമ്പനി ഇടംപിടിച്ചത്. സ്റ്റാർട്ട്അപ്പ് മിഷൻ, ഐഐഎം കോഴിക്കോട്, ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങിലൊക്കെ ഇൻകുബേഷനും പിന്തുണയും ഹർഷയുടെ കമ്പനിക്ക് ലഭിക്കുന്നുണ്ട്. നിരവധി ഗ്രാന്റുകളും ഇതിനോടകം ഹർഷയുടെ ബ്രാൻഡിന് ലഭിച്ചു കഴിഞ്ഞു.

തിരുവനന്തപുരത്ത് മോഹൻദാസ് കോളേജിൽ നിന്ന് എഞ്ചിനീയറിങ് പൂർത്തിയാക്കിയ ഹർഷ പിന്നീട് നാല് വർഷം ഐടി സെക്ടറിൽ ജോലി ചെയ്തിരുന്നു. ചെറുപ്പത്തിലേ വരയ്ക്കുമായിരുന്ന ഹർഷ  ഒറ്റയ്ക്കും അല്ലാതെയും പലയിടത്തും തന്റെ പെയിന്റിങ് എക്സിബിഷനുകൾ നടത്തുകയും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലടക്കം പേരെടുക്കുകയും ചെയ്തു. തന്റെ സംരംഭക യാത്രയെ കുറിച്ചും ബിസിനസ് വിജയത്തെ കുറിച്ചും ചാനൽ അയാമിന്റെ മൈ ബ്രാൻഡ് മൈ പ്രൈഡ് എന്ന ഷോയിൽ സംസാരിക്കുകയാണ് ഹർഷ.

ഐറാലും ബ്രാൻഡ്

ഐറാലും അതിന്റെ  അഞ്ചു വർഷം ആഘോഷിക്കുകയാണ്.  രണ്ടുവർഷം കോവിഡ് കൊണ്ടുപോയെങ്കിലും ആ സമയങ്ങളിൽ ആണ് ഓൺലൈനിൽ  ബ്രാൻഡ് ബിൽഡ് ചെയ്യാൻ ശ്രമിച്ചത്. സഞ്ചിയിൽ നിന്നായിരുന്നു തുടക്കം. ഞാൻ ബേസിക്കലി ഒരു ആർട്ടിസ്റ്റ് ആണ്. എനിക്ക് ഒരുപാട് കലാകാരന്മാരുമായി സൗഹൃദം ഉണ്ട്. ഞാൻ ഇങ്ങനെ ഒരു ബ്രാൻഡ് തുടങ്ങി എന്ന് അറിഞ്ഞപ്പോൾ നിരവധി പേർ അവരുടെ ഹാൻഡി ക്രാഫ്റ്റ് പ്രോഡക്ടുകളുമായി വന്നു. കോവിഡ് സമയത്ത് ആർക്കും വിൽക്കാനും വാങ്ങാനും ഒന്നും സാധിക്കുന്നുണ്ടായിരുന്നില്ല. അപ്പോഴാണ് കരകൗശല വസ്തുക്കൾ എന്തുകൊണ്ട് ഓൺലൈൻ വഴി വിറ്റുകൂടാ എന്ന ആശയം ഉണ്ടാകുന്നത്. ഇപ്പോൾ ഈ കരകൗശല വസ്തുക്കൾ ഇന്റർനാഷണൽ മാർക്കറ്റുകളിൽ വരെ അയക്കാൻ സാധിക്കുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് നാല് രാജ്യങ്ങളിലേക്ക് അയച്ചിരുന്നു.

ഐറാലും തുടങ്ങിയതിന് പിന്നിൽ

കേരളത്തിൽ ആർട്ടിസ്റ്റുകൾക്ക് ഒരു വരുമാനം കണ്ടെത്തുക എന്നുള്ളത് ബുദ്ധിമുട്ടാണ്. അതിനു മുന്നിലുള്ളത് ബിസിനസ് ആണ്. അങ്ങനെയാണ് സഞ്ചിയിൽ നിന്ന് സംരംഭം ആരംഭിക്കുന്നത്. ഇതിനിടയിൽ എനിക്ക് ചില ഭാഗ്യങ്ങളും ഉണ്ടായി. അതിലൊന്ന് 2019 ൽ പ്ലാസ്റ്റിക് നിരോധനം വന്നതാണ്. അതായിരുന്നു ബിസിനസിലേക്ക് തിരിയാൻ ഉണ്ടായ കാരണം. ഞാനൊരു ഹോബി എന്ന നിലയിൽ ആയിരുന്നു ആദ്യം ഇത് ചെയ്തിരുന്നത്. പിന്നീടങ്ങോട്ട് വളരെ ബുദ്ധിമുട്ടിയാണ് ഇന്നത്തെ നിലയിലേക്ക് ഇതിനെ മാറ്റിയത്. പ്ലാസ്റ്റിക് നിരോധനം വന്നതോടെ ആളുകൾക്ക് കോട്ടൺ സഞ്ചി അല്ലാതെ വേറെ ഒരു ഓപ്ഷൻ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് മാസം ആയിരം മുതൽ 5 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുമായിരുന്നു. പല ബദൽ മാർഗ്ഗങ്ങളും വിപണിയിൽ വന്നെങ്കിലും മാർക്കറ്റിൽ അത്രയേറെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. തനിഷ്‌ഖ്, താജ് പോലെയുള്ള വലിയ ബ്രാൻഡുകളുമായി ഇപ്പോൾ അസോസിയേറ്റ് ചെയ്യുന്നുണ്ട്. ഗിഫ്റ്റിംഗ് മോഡിലാണ് ഇവരുമായി അസോസിയേറ്റ് ചെയ്യുന്നത്. എക്കോ ഫ്രണ്ട്ലിയായ തനതായ രീതിയിൽ സൃഷ്ടിക്കുന്ന ഗിഫ്റ്റുകൾ കൊടുക്കാനാണ് ആളുകൾ ഞങ്ങളുടെ ബ്രാൻഡിനെ ചൂസ് ചെയ്യുന്നത്. ആറന്മുള  കണ്ണാടി, ആഭരണപ്പെട്ടി പോലുള്ള തനതായ കേരളത്തനിമയുള്ള വസ്തുക്കൾ ആണ് കൂടുതലും എക്സ്പോർട്ട് ചെയ്യുന്നത്. കംപ്ലീറ്റ് ആയും ഹാൻഡ് മെയ്ഡ് പ്രോഡക്റ്റുകൾ ആണ്. വെബ്സൈറ്റിൽ ഒൻപതോളം ലൈഫ്സ്റ്റൈൽ പ്രൊഡക്റ്റുകൾ ലഭ്യമാണ്.

സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ

2015 മുതൽ ജോലി ചെയ്യുന്ന ആളാണ് ഞാൻ. ഏകദേശം അഞ്ചാറു കമ്പനിയിൽ ജോലിചെയ്തിട്ടുണ്ട്. ഒരു നെറ്റ്‌വർക്കിംഗ് സ്ഥാപിക്കാൻ അതിൽ നിന്നും എനിക്ക് കഴിഞ്ഞിട്ടുണ്ട്.സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ എനിക്ക് അത് ഏറെ  സഹായകമായി. ഒപ്പം സോഷ്യൽ മീഡിയയും എന്നെ സഹായിച്ചിട്ടുണ്ട്. കൈത്തറി ഇപ്പോൾ ബാലരാമപുരത്ത് നിന്നുമാണ്. ഓരോ ഏരിയയിലും ഫിക്സഡ് ആയ കരകൗശല തൊഴിലാളികൾ ഉണ്ട്. അവർക്കാണ് ബൾക്ക് ഓർഡർ കൊടുക്കാറുള്ളത്.

സ്ത്രീകൾ ബിസിനസിലേക്ക് വരുമ്പോൾ

സ്ത്രീകൾക്ക് ബിസിനസിലേക്ക് വരാൻ വലിയ സാധ്യതകൾ മുന്നിലുണ്ട്. ഒപ്പം ഒരുപാട് ചലഞ്ചുകളും. അഞ്ചുവർഷത്തെ എന്റെ കഷ്ടപ്പാട് ആണ് എന്റെ ബ്രാൻഡ്. ഒരുപാട് ഉറക്കം ഒഴിഞ്ഞ രാത്രികൾ ഉണ്ട്. വേണമോ വേണ്ടയോ എന്നുപോലും ചിന്തിച്ച നിമിഷങ്ങൾ ഉണ്ട്. അതിന്റെയൊക്കെ ഫലമായി UN അവാർഡ്, ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ് പോലെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ജയിക്കുന്നതിനേക്കാൾ ബുദ്ധിമുട്ട് ആണ് എനിക്ക് തോൽക്കാൻ.

പ്ലാസ്റ്റിക് ഉപയോഗം

എനിക്ക് പണ്ടുമുതലേ തുണി സഞ്ചികൾ ഇഷ്ടമാണ്. ഇപ്പോൾ ഈ ബ്രാൻഡിന്റെ ഭാഗമായതോടെ ഞാൻ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ടോ എന്ന് ആളുകൾ ശ്രദ്ധിക്കും. തുണി സഞ്ചികളും ബാഗുമാണ് ഞാൻ ഉപയോഗിക്കാറുള്ളത്. പ്ലാസ്റ്റിക് ബാൻ ഉണ്ടായിരുന്ന സമയത്ത് മാത്രമാണ് പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ആളുകൾ ആലോചിച്ചിരുന്നത്.

ഐറാലൂമിന്റെ ഭാവി

ഐറാലൂം ഒരു സസ്റ്റെയിനബിൾ ബ്രാൻഡായി ലോകം മുഴുവൻ അറിയപ്പെടണം എന്നാണ് എന്റെ ആഗ്രഹം. അതിനുവേണ്ടി ഒരു പ്രോഡക്ട് ഡെവലപ്പ് ചെയ്യാനുള്ള ശ്രമത്തിലാണ്. ടെക്നോളജിയുടെ സഹായത്തോടെയാണ് ഇതിന് ശ്രമിക്കുന്നത്.  പ്രോഡക്ടിന്റെ വഴികളും അത് ഒറിജിനൽ ആണോ എന്ന് അറിയാനുമായി QR കോഡ് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഐറാലൂം.

Share.
Leave A Reply

Exit mobile version