2025ൽ നടക്കാനിരിക്കുന്ന കുംഭമേളയ്ക്കായി റെയിൽവേ മന്ത്രാലയം ഒരുക്കങ്ങൾ ആരംഭിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ (പഴയ അലഹബാദ്) നടക്കുന്ന കുംഭമേളയോടനുബന്ധിച്ച്, ഭക്തർക്കും യാത്രക്കാർക്കും മികച്ച യാത്രാനുഭവം നൽകുന്നതിനായി 992 പ്രത്യേക ട്രെയിനുകൾ സജ്ജമാക്കും. മേളയിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരുടെ യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങൾക്കാണ് റെയിൽവെ തുടക്കമിട്ടത്.
തീർത്ഥാടകരുടെ സൗകര്യാർത്ഥം 2025 ജനുവരി 12 മുതൽ ഫെബ്രുവരി 28 വരെ പ്രത്യേക ട്രെയിനുകളും യാത്രാ സൗകര്യങ്ങളും ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
പദ്ധതി നടപ്പാക്കുന്നതിനായി റെയിൽവേ 933 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കുംഭമേളയ്ക്ക് മുൻപായി പ്രയാഗ്രാജിലെ റെയിൽവേ സ്റ്റേഷനുകളും അനുബന്ധ സൗകര്യങ്ങളും നവീകരിക്കാനും വികസിപ്പിക്കാനും ഈ ഫണ്ടുകൾ വിനിയോഗിക്കും. സ്റ്റേഷനുകളിൽ കൂടുതൽ പ്ലാറ്റ്ഫോമുകൾ, ബോഗികൾ, യാത്ര സുഖകരമാക്കാനുള്ള സംവിധാനങ്ങൾ തുടങ്ങിയവയുടെയും നിർമാണം ഉൾപ്പെടുന്നു.
പ്രതിദിനം 140 ട്രെയിനുകൾ പ്രയാഗ്രാജ് മേഖലയിൽ സർവീസ് നടത്തും. 174 റേക്കുകൾ പ്രത്യേക ട്രെയിനുകൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. MEMU/DEMU റേക്കുകൾക്ക് 16 കോച്ചുകൾ ഉൾപ്പെടും, പരമ്പരാഗത റേക്കുകൾക്ക് 20 കോച്ചുകൾ ഉണ്ടാകും.
യാത്രക്കാർക്ക് ടിക്കറ്റുകളും മറ്റു സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകളും പരിഷ്കരിക്കുന്നു. തീർത്ഥാടകരുടെ തിരക്ക് ക്രമീകരിക്കുന്നതിനായി പ്രത്യേക പൊതുവിവര സംവിധാനവും സജ്ജീകരിക്കപ്പെടും.
The Ministry of Railways has announced 992 special trains and a ₹933 crore investment for Kumbh Mela 2025 in Prayagraj. From January 12 to February 28, pilgrims will benefit from upgraded stations, digital ticketing, and enhanced travel facilities.