പി വി അൻവറിന്റെ വിവാദമായ പി വി ആർ നാച്ചുറോ പാർക്ക് മാത്രമല്ല മലപ്പുറത്തെ കക്കാടം പൊയിലിൽ ഉള്ളത്. കക്കാടം പൊയിലിന് മറ്റൊരു മുഖമുണ്ട്. പച്ചപ്പാര്‍ന്ന മലനിരകളും കോടമഞ്ഞിലുറങ്ങുന്ന താഴ്വരയും, അരുവികളും നീര്‍ച്ചാലുകളും, മലമടക്കുകളിലെ വെള്ളച്ചാട്ടങ്ങള്‍ എന്നിവ ഉൾപ്പെടുന്ന പ്രകൃതി ഒരുക്കിയ മനോഹരമായ ഭൂപ്രദേശം ഇതാണ് മലപ്പുറത്തെ ‘മിനി ഗവി’ എന്നറിയപ്പെടുന്ന ‘കക്കാടംപൊയില്‍’.
മലപ്പുറം-കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തിയിലാണ് മലപ്പുറത്തെ ‘മിനി ഗവി’ . സമുദ്ര നിരപ്പില്‍ നിന്നും 2200 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. ഏതു സമയവും കോടമൂടുന്ന ഇവിടുത്തെ ഹില്‍ സ്റ്റേഷന്റെ മനോഹാരിത ടൂറിസ്റ്റുകളുടെ മനസ്സ് കുളിർപ്പിക്കും.
കുത്തനെയുള്ള മലമുകളിലേക്ക് കയറാനും ഇറങ്ങാനും കുന്നിന് മുകളില്‍ ഏറെ നേരം ചെലവഴിക്കാന്‍ സാധിക്കും എന്നതാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്.
ഇനി മുകളിൽ പ്രകൃതി നമ്മുക്ക് സമ്മാനിക്കുക ആകാശത്തെത്തിയത് പോലെ തോന്നുന്ന അനുഭൂതിയായിരിക്കും. ആകാശവും മേഘവും തൊടാന്‍ പാകത്തിലെന്ന പോലെ ഉയരത്തിലാണിവിടെ കുന്നുകൾ.
കക്കാടംപൊയിലിലെ പ്രധാന ആകര്‍ഷങ്ങളിലൊന്നാണ് കോഴിപ്പാറ വെള്ളച്ചാട്ടം. സൈലന്റ് വാലി ദേശീയോദ്യാനത്തിനടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണിത്. മനോഹരമായ നിബിഡ വനത്തിനുള്ളില്‍ നിന്നും പരന്നൊഴുകിയെത്തുന്നതാണ് വെള്ളച്ചാട്ടം.
മണ്‍സൂണില്‍ മഴ കനത്താല്‍ രൗദ്ര ഭാവം പ്രാപിക്കും കോഴിപ്പാറ വെള്ളച്ചാട്ടം. എന്നാല്‍ വേനലില്‍ ശാന്തമായി പരന്നൊഴുകി സഞ്ചാരികളെ വിസ്മയിപ്പിക്കും. കടുത്ത വേനലില്‍ പോലും തണുത്ത കാലാവസ്ഥയാണ് ഇവിടുത്തേത്. അതുകൊണ്ട് തന്നെ വേനല്‍ കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ധിക്കും. വെള്ളച്ചാട്ടത്തിന് സമീപം ട്രക്കിങ്ങിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളച്ചാട്ടത്തിന്റെയും കാടിന്റെയും ശബ്ദവും ഭംഗി ആസ്വദിച്ച് കാട്ടിനുള്ളില്‍ താമസിക്കാൻ നിരവധി ഹോം സ്റ്റേകളും ഇവിടെയുണ്ട് . നിലമ്പൂരില്‍ നിന്നും കോഴിപ്പാറ വെള്ളച്ചാട്ടത്തിലെത്താന്‍ അകമ്പാടം വഴി മൂലേപ്പാടം പാലം കടന്ന് പോകണം.
കോഴിക്കോട് നിന്നുള്ളവര്‍ക്ക് മുക്കം, കാരമ്മൂല, കൂടരഞ്ഞി വഴിയും ഇവിടെയെത്താം. ഇരുഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകളുമുണ്ട്.
കുട്ടികള്‍ക്ക് ആര്‍ത്തുലസിക്കാന്‍ പി വി അൻവർ എം എൽ എ സ്ഥാപിച്ച വിവിധ സാഹസിക റൈഡുകളും വാട്ടര്‍ റൈഡുകളുമെല്ലാമുള്ള പിവിആര്‍ വാട്ടര്‍ പാര്‍ക്ക് ഏറെ പേരുകേട്ടതാണ്. സിപ്ലൈനുകള്‍, നീന്തല്‍ക്കുളങ്ങള്‍, കേബിൾ സവാരി എന്നിവയെല്ലാം ഈ പാര്‍ക്കിലുണ്ട്.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോര് നടക്കുന്ന കാലത്ത് പഴശിരാജയും സംഘവും അഭയം തേടിയിരുന്ന പഴശി ഗുഹ ഇവിടെയാണ്. ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോടില്‍ ഉള്‍പ്പെട്ട നായാടുംപൊയിലാണ് ഈ ഗുഹയുള്ളത്. നായാടുംപൊയിലില് നിന്നും എസ്റ്റേറ്റ് റോഡിലൂടെ ഒന്നര കിലോമീറ്ററോളം വനത്തിലൂടെ നടന്ന് വേണം ചരിത്ര പ്രസിദ്ധമായ ഈ ഗുഹയിലെത്താൻ.
കക്കാടംപൊയിലിലെ ഈ ടൂറിസം കേന്ദ്രങ്ങളിലെല്ലാം കുറഞ്ഞ ചെലവില്‍ ഒരു വൺ ഡേ ട്രിപ്പ് കൊണ്ട് ഇവിടം സന്ദർശിച്ചു മടങ്ങാനുമാകും. ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകളുമായി സഞ്ചാരികളെ കാഴ്ചകളുടെ പറുദീസയൊരുക്കി കാത്തിരിക്കുകയാണ് സുന്ദര ഭൂമിയായ കക്കാടംപൊയില്‍.
Explore kakkadampoyil, the ‘Mini Gavi’ of Malappuram, with its stunning green hills, waterfalls, and trekking spots like Kozhipara Falls. Discover nature’s beauty in a day trip.