ബിസിനസിനു പണം ഇറക്കുന്നതിൽ പലരും കഷ്ടപ്പെടുന്നുണ്ടാകാം.
ഏതെങ്കിലും വഴിക്ക് ഗ്രാൻ്റുകളും (സഹായധനം) ഫണ്ടുകളും ലഭിക്കുന്നത്
ചെറുസംരംഭത്വത്തിന് ജീവവായുവാകും. നിങ്ങൾ സംരംഭം തുടങ്ങുന്നവരോ ഉള്ള
ബിസിനസ് വളത്താൻ ആഗ്രഹിക്കുന്നവരോ ആയിക്കൊള്ളട്ടെ, ഒരു സഹായധനം
നിങ്ങൾക്ക് വലിയ ഊർജം നൽകും.
വായ്പകൾ പോലെ ഗ്രാന്റ് അഥവാ സഹായധനം തിരിച്ചടവ് ആവശ്യപ്പെടുന്നില്ല.
അതിനാൽ ചെറുസംരംഭകരെ ഇതേറെ ആകർഷിക്കുന്നു. എന്നാൽ സഹായധനം കരസ്ഥമാക്കൽ ചെറിയ പണിയല്ല. അത് കൊണ്ട് തന്നെ സഹായധനത്തിനായി എന്ത് ചെയ്യണം എന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. കൃത്യമായ ഗ്രാന്റ് ഏതെന്ന് എങ്ങനെ മനസ്സിലാക്കാമെന്നും അത് ലഭിക്കാനായി ചെയ്യേണ്ടതെന്തെന്നും പരിശോധിക്കാം:
ഗ്രാൻ്റ് എന്നാൽ എന്ത്
ചില പ്രത്യേക തരം സംരംഭങ്ങളെ സഹായിക്കാൻ ഗവർൺമെന്റുകളോ എൻജിഒകളോ വലിയ സ്ഥാപനങ്ങളോ നൽകുന്ന ഫണ്ട് ആണ് ഗ്രാന്റുകൾ. വായ്പകൾ തിരിച്ചടവ് ആവശ്യപ്പെടുമ്പോൾ ഗ്രാൻ്റുകൾ തിരിച്ചടക്കേണ്ട ആവശ്യമില്ല എന്നതാണ് രണ്ടു തമ്മിലുള്ള പ്രധാന വ്യത്യാസം. എന്നാൽ ഗ്രാൻ്റുകൾ പലപ്പോഴും നിരവധി മാനണ്ഡങ്ങളുമായാണ് വരാറ്. സഹായധനം പ്രത്യേക തരം സംരംഭങ്ങൾക്കു ഊന്നൽ നൽകുന്നതോ സുസ്ഥിരതയ്ക്ക് പ്രാധാന്യം നൽകുന്നതോ സമൂഹത്തിൽ പിന്നോക്ക വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതോ ആകാം. ഉദാഹരണത്തിന് മുദ്രാ യോജന സ്ത്രീ സംരംഭകർക്ക് വേണ്ടി മാത്രമുള്ള പദ്ധതിയാണ്.
അർഹത പരിശോധിക്കുക
എല്ലാ ഗ്രാൻ്റുകളും എല്ലാ ബിസിനസിനും വേണ്ടി ഉള്ളതല്ല. ചില ഗ്രാൻ്റുകൾ
പ്രത്യേക വ്യവസായത്തെയോ പ്രദേശങ്ങളെയോ മുൻനിർത്തി ഉള്ളതാകാം. ചില
പ്രദേശത്ത് ഉള്ളവർക്ക് വേണ്ടി മാത്രമുള്ള സഹായധനങ്ങളും ഉണ്ട്. റൂറൽ
ബിസിനസ് ഡെവലപ്മെൻ് പോലുള്ള ഗ്രാന്റുകൾ ഗ്രാമപ്രദേശത്തെ ചെറുകിട
സംരംഭകർക്ക് വേണ്ടി മാത്രം ഉള്ളതാണ്. ഇങ്ങനെ ഏത് വിഭാഗത്തിൽ പെടുന്നതാണ് സംരംഭകത്വം എന്ന് ആദ്യമേ മനസ്സിലാക്കി വെയ്ക്കണം.
ഗ്രാന്റുകളെ അറിയാം
വിവിധ ഗ്രാൻ്റുകളെ കുറിച്ച് അറിയാൻ വിശദ പഠനം അനിവാര്യമാണ്. നിരവധി
ഗ്രാൻ്റുകളിൽ നിന്നും ഓരോരുത്തരുടേയും സംരംഭത്തിന് അനുസരിച്ചുള്ളത്
കണ്ടെത്തി വിശദമായി മനസ്സിലാക്കണം. ഇതിനായി ഗവർൺമെന്റുകളുടേയും
എൻജിഓകളുടേയും വെബ്സൈറ്റുകൾ ഉപയോഗപ്പെടുത്താം. അനുചിതമായ ഗ്രാൻ്റുകൾക്ക് അപേക്ഷിക്കുന്നത് സമയനഷ്ടം ഉണ്ടാക്കുന്നതിനൊപ്പം ഫണ്ടിങ് സാധ്യതകൾ കുറയ്ക്കുകയും ചെയ്യും.
അപ്ലിക്കേഷൻ അടിപൊളിയാക്കാം
കൃത്യമായ ഗ്രാൻ്റുകൾ കണ്ടെത്തിയാൽ പിന്നെ അടുത്ത പടി അതിനായി അപേക്ഷ നൽകലാണ്. ഗ്രാൻ്റിന്റെ ലക്ഷ്യത്തിന് അനുസൃതമായി വേണം അപേക്ഷ
തയ്യാറാക്കാൻ. സഹായ ധനത്തിനായുള്ള നിദേശങ്ങൾ കൃത്യമായി പാലിക്കണം.
സംരംഭക ലക്ഷ്യം വ്യക്തമാക്കുന്നതിനൊപ്പം എന്ത് കൊണ്ട് നിങ്ങളുടെ സംരംഭം
വേറിട്ട് നിൽക്കുന്നു എന്നത് കൃത്യമായി പറയണം. കൂടാതെ വളർച്ചാ നിരക്ക്,
ഉപഭോക്തൃ സർവ്വേ, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയവ അപേക്ഷയ്ക്കൊപ്പം
നൽകണം.
ബിസിനസ് പ്ലാൻ
ഗ്രാൻ്റുകൾക്ക് അപേക്ഷിക്കുമ്പോൾ ഏറ്റവും ആവശ്യമായ ഒന്നാണ് ബിസിനസ്
പ്ലാൻ. സംരംഭത്തെ കുറിച്ചുള്ള മർമപ്രധാന കാഴ്ചപ്പാടുകൾ അടങ്ങുന്നതാകണം
അത്. നിങ്ങൾ സംരംഭത്തെ എത്രത്തോളം പ്രാധാന്യത്തോടെ കാണുന്നു എന്നതിന്റെ തെളിവാണ് ഒരു നല്ല ബിസിനസ് പ്ലാൻ. ഇത് ഗ്രാന്റ് ലഭിക്കാനുള്ള സാധ്യത വധിപ്പിക്കുന്നു. സംരംഭത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും ബിസിനസ്
പ്ലാൻ ഉപയോഗപ്രദമാകും.
തോറ്റ് കൊടുക്കരുത്
ഗ്രാൻ്റ് ലഭിക്കുന്നത് അത്ര എളുപ്പമല്ല. എന്ന് കരുതി ഒരു തവണ അപേക്ഷിച്ച്
പിന്നെ ഉപേക്ഷ വിചാരിക്കരുത്. ഒരു ഗ്രാൻ്റിന് നിങ്ങൾ
പരിഗണിക്കപ്പെട്ടില്ലെങ്കിൽ പുതിയ സാഹചര്യങ്ങൾ തുറന്നു വരുന്നത് വരെ
കാത്തിരിക്കുക. അതോടൊപ്പം ബിസിനസ് മൂല്യങ്ങൾ തേച്ചു മിനുക്കി വീണ്ടും
വീണ്ടും ശ്രമിച്ചു കൊണ്ടേ ഇരിക്കുക.
ചുരുക്കിപ്പറഞ്ഞാൽ തിരിച്ചു കൊടുക്കേണ്ടാത്ത ഫണ്ട് ആണ് ഗ്രാന്റ്. മികച്ച
റിസേർച്ചുകളിലൂടെയും കൃത്യമായ അപ്ലിക്കേഷനുകളിലൂടെയും നിങ്ങളുടെ സംരംഭം ഉയരത്തിൽ പറക്കാനുള്ള പണം നിങ്ങൾക്ക് കണ്ടെത്താം.
Discover how securing a grant can help small businesses navigate cash flow challenges. Learn about eligibility, researching grants, and tips for a successful application to boost your business growth.