ഇന്ത്യൻ ആർമിക്കായി മൈൻ ഡിറ്റക്ഷൻ സാങ്കേതിക വിദ്യ വികസിപ്പിച്ച് കേരള ഡിജിറ്റൽ സർവകലാശാല. ലാൻഡ് മൈനുകൾ എളുപ്പത്തിൽ കണ്ടെത്താനാകുന്ന പുത്തൻ സാങ്കേതിക വിദ്യ ഡിജിറ്റൽ സർവകലാശാല ആർമിക്ക് കൈമാറി. സർവകലാശാലയിലെ സ്കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ വിഭാഗം വികസിപ്പിച്ച സംവിധാനം മെഷീൻ ലേർണിങ്, റഡാർ, ഡ്രോൺ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുക.
ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തൽ ദുഷ്കരമായ മൈനുകൾ എളുപ്പത്തിൽ കണ്ടെത്താനാകും. നിലവിലുള്ള മൈൻ കണ്ടെത്തൽ പ്രക്രിയ ദുഷ്കരവും അപകടം പിടിച്ചതുമാണ്. ലോകത്തെ അറുപതിലധികം രാജ്യങ്ങളിൽ നിലവിൽ ലാൻഡ് മൈനുകൾ ഭീഷണിയുയർത്തുന്നുണ്ട്. മഹായുദ്ധങ്ങളുടെ കാലത്ത് സ്ഥാപിച്ച മൈനുകളിൽ പലതും ഇപ്പോഴും പ്രവർത്തിക്കുന്നതും അപകടം ഉണ്ടാക്കുന്നവയുമാണ്. ഇന്ത്യയിൽ നക്സൽ ബാധിത പ്രദേശങ്ങളായ ഛത്തീസ്ഗഢ്, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ മേഖലകളിൽ മൈൻ പൊട്ടിത്തെറിച്ചുള്ള ആക്രമണങ്ങളും അപകടങ്ങളും വർധിച്ചുവരികയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യൻ ആർമിക്ക് കരുത്തും കരുതലും ആകുന്നതാണ് ഡിജിറ്റൽ സർവകലാശാലയുടെ പുതിയ കണ്ടെത്തൽ.
മലമ്പ്രദേശങ്ങളിലും കാടു നിറഞ്ഞ സ്ഥലങ്ങളിലും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലാണ് പുതിയ സാങ്കേതിക വിദ്യ നിർമിച്ചിരിക്കുന്നത്. സൈനിക വിദഗ്ധരുമായി ചേർന്ന് ആവശ്യമായ ഇടങ്ങളിൽ സംവിധാനം നിരവധി പരീക്ഷണങ്ങൾക്ക് വിധേയമായതാണ്.