വൈറ്റിലയിലെ ഗതാഗതക്കുരുക്കഴിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു നിന്നും നടപടി വൈകുന്നതായി പരാതി. എംവിഡിയും ട്രാഫിക് പൊലീസും ദേശീയപാത 66ലെ വൈറ്റില അടക്കമുള്ള ഇടങ്ങളിൽ കുരുക്കഴിക്കാൻ പെടാപ്പാട് പെടുമ്പോഴും വൈറ്റില കുന്നറ പാർക്ക്, കണിയാമ്പുഴ റോഡ് എന്നിവിടങ്ങളിലെ റോഡ് വീതി കൂട്ടാൻ മരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം.
ദേശീയപാതയിൽ നിന്നും വൈറ്റില മൊബിലിറ്റി ഹബ്ബിലേക്കുള്ള റോഡുകളിലേക്ക് കയറുന്ന ഇടം വീതി വളരെ കുറവാണ്. കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നും മരടിലേക്ക് പോകുന്ന വഴിയിലും ഇതേ അവസ്ഥയുണ്ട്. റോഡ് വീതിക്കുറവ് കാരണം ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ ഈ രണ്ട് ഇടങ്ങളിലും ഗതാഗതക്കുരുക്ക്കൊണ്ട് ആളുകൾ പൊറുതിമുട്ടുകയാണ്. കാൽനടയാത്രക്കാർ പോലും ഇത് കൊണ്ട് ബുദ്ധിമുട്ടിലാണ്.
കണിയാമ്പുഴ റോഡിലേക്കുള്ള ഫ്രീ ലെഫ്റ്റിൽ വീതി കൂട്ടണമെന്ന ആവശ്യം ശക്തമാക്കി 4800 പേർ ഒപ്പിട്ട മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് ട്രാഫിക് മാറ്റങ്ങളും കൊണ്ടു വരണമെന്ന് നാട്ടുകാർ ആവശ്യമുന്നയിക്കുന്നു. കുരുക്കിന് ശമനമാകാൻ എസ്എ റോഡിൽ നിന്നുള്ള വാഹനങ്ങൾ നേരിട്ട് വൈറ്റില ഹബ്ബ് ഭാഗത്തേക്ക് കയറ്റിവിടണമെന്നാണ് ആവശ്യം.
റോഡ് വികസനം സംസ്ഥാന സർക്കാറിന്റെ മാത്രം കയ്യിലാണെന്ന വാദമുന്നയിച്ച് പ്രശ്നത്തിൽ ഇടപെടാതെ മാറിനിൽക്കുകയാണ് കൊച്ചി നഗരസഭ. പൊതുമരാമത്ത് വകുപ്പാകട്ടെ സംസ്ഥാന സർക്കാർ റോഡ് വീതി കൂട്ടുന്നതിനായി ഫണ്ട് നൽകിയിട്ടില്ല എന്ന നിലപാടിലാണ്.