ഭക്ഷ്യോത്പാദന രംഗത്ത് ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ഗുണമേന്മയുള്ള ഭക്ഷണം എങ്ങനെ നൽകും എന്നത്. നിർമിക്കുന്ന ഭക്ഷ്യവസ്തുക്കൾ സ്വയം നിയന്ത്രണമുള്ള സ്ഥലങ്ങളിൽ നിർമിക്കുക എന്നത് ഗുണമേന്മ ഉറപ്പു വരുത്തുന്നതിൽ പ്രധാനമാണെന്ന് പറയുന്നു ഭക്ഷ്യോത്പാദന മേഖലയിൽ കേരളത്തിലെ പ്രധാനികളായ മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ. നിരവധി ഇന്ത്യക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയതോടെ കുക്ക്ഡ്/പ്രോസസ്ഡ് ഫുഡ് അഥവാ റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കൾക്ക് പ്രാധാന്യമേറി. ഗുണനിലവാരം ഉറപ്പ് വരുത്തി ഭക്ഷ്യവസ്തുക്കൾ കയറ്റിയയക്കാൻ പ്രോസസ്ഡ് ഫുഡിലൂടെ സാധിക്കും. എന്നാൽ ഇടത്തരം ഭക്ഷ്യസംരംഭക മേഖലകളിലാണ് പലപ്പോഴും ഗുണമേന്മയിൽ പ്രശ്നങ്ങൾ കാണാറുള്ളത്. സംരംഭക മേഖലയിൽനിന്നും ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുമുള്ള കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ നൂറ് ശതമാനം ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ നിർമിക്കാനാകൂവെന്ന് നവാസ് മീരാൻ പറഞ്ഞു.
കൊച്ചിയിൽ കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ 2024ൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു നവാസ് മീരാൻ. ഭക്ഷ്യസംരംഭക മേഖലയിലെ ഭാവി എന്തായിരിക്കും എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
എല്ലാ രംഗത്തും എന്ന പോലെ ഭക്ഷ്യോത്പാദന രംഗത്തും സാങ്കേതിക വിദ്യ വലിയ മാറ്റം കൊണ്ടുവരുന്നുണ്ട്. ഹൈബ്രിഡ് സീഡ്സ് പോലുള്ളവയിലൂടെ ഉദ്പാദന രംഗത്തെ ശക്തി വർധിപ്പിക്കാൻ സഹായകരമായ ഘടകങ്ങൾ ടെക്നോളജിയിലൂടെ വന്നു. മുൻപ് ഒരു ഹെക്ടറിൽ നിന്നും ഉദ്പാദിപ്പിച്ചിരുന്ന വിളകളുടെ നാലിരട്ടി ഇന്ന് ഹൈബ്രിഡ് വിളകളിലൂടെ വിളയിക്കാനാകും. കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലും ഡ്രോൺ പോലുള്ള സാങ്കേതികവിദ്യ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഫുഡ് പ്രോസസിങ് രംഗത്തും ടെക്നോളജി കൊണ്ടുവന്ന മാറ്റങ്ങൾ നിരവധിയാണ്. കോൾഡ് പ്രെസ്സിങ് പോലുള്ള സാങ്കേതിക വിദ്യയിലൂടെ പരമാവധി പ്രകൃതിദത്തമായ ഗുണങ്ങളും രുചിയും നിലനിർത്തി ഭക്ഷ്യവസ്തുക്കൾ സംസ്കരിച്ചെടുക്കാനാകും.
വലിയ തോതിലുള്ള ഭക്ഷ്യോത്പാദനത്തിൽ സെയിൽസ് വിഭാഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ഭക്ഷ്യ നിർമാണത്തിന് നിരവധി മാർഗങ്ങൾ ലഭ്യമാണ്. എന്നാൽ ഈ രംഗത്തെ സംരംഭകർ ആദ്യം ശ്രദ്ധിക്കേണ്ടത് വിൽപന തന്ത്രങ്ങളിലാണ്. ഇങ്ങനെ സെയിൽസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു ശേഷമാണ് മറ്റ് കാര്യങ്ങളിലേക്ക് പോകേണ്ടത്. ഫാക്ടറി ഉണ്ടാക്കിയതിനു ശേഷം സെയിൽസ് ഉണ്ടാക്കാൻ ശ്രമിക്കുന്ന രീതി വിപരീതഫലമേ ചെയ്യൂ-അദ്ദേഹം പറഞ്ഞു.
Nawaz Meeran, Chairman of Meeran Group, emphasizes quality in food manufacturing, technology’s impact, and strategic sales planning for the food industry. Insights from Tycoon 2024.