വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് (എൻഎച്ച് 866) പദ്ധതി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ ആശങ്കകൾ ഉടൻ പരിഹരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ വെല്ലുവിളികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വ്യവസായ ഇടനാഴിയുടെ നിർണായക ഭാഗമാണ് വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ്. ഇപ്പോൾ അനുവദിച്ച നഷ്ടപരിഹാര തുകയിൽ ഭൂവുടമകൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കം മാത്രം പരിഗണിക്കാതെ വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള പുതിയ നഷ്ടപരിഹാരത്തുക അനുവദിക്കണം എന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. കേന്ദ്ര ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് ഇവർ.
അതേ സമയം വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിനായി 314 ഹെക്‌ടർ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ മാർച്ചിന് മുൻപ് ഭൂമി വിട്ടുനൽകിയവരുടെ പണം കൊടുക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും സംസ്ഥാനവിഹിതം സംബന്ധിച്ച വിഷയങ്ങളെത്തുടർന്ന് നടപടി നീളുകയായിരുന്നു. പിന്നീട് ഔട്ടർ റിങ് റോഡ് നിർമാണത്തിന്റെ 1629.24 കോടി രൂപ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ അൻപത് ശതമാനം തുകയായ 930.41 കോടി രൂപയും സംസ്ഥാനം കിഫ്ബിയിൽനിന്ന് അനുവദിക്കും.
The Vizhinjam-Navayikulam Outer Ring Road project advances with efforts to resolve land acquisition challenges. Learn about compensation demands, government actions, and the project’s importance to the Vizhinjam International Port Corridor.