ഗൾഫ് നാടുകളിലേക്ക് തേൻ മധുരമെത്തിച്ച് കാസർഗോട്ടെ മലയോര ഗ്രാമമായ മുന്നാട്. മുന്നാട് പള്ളത്തിങ്കാലിലെ ശുദ്ധമായ തേൻ സംരംഭം കടൽ കടന്ന് ഖത്തറിൽ വരെ മധുരം പകരാനെത്തിക്കഴിഞ്ഞു. പള്ളത്തിങ്കാൽ തുളുനാട് ഇക്കോ ഗ്രീൻ ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഉത്പാദിപ്പിച്ച ശുദ്ധമായ തേനാണ് ഖത്തറിലേക്ക് കയറ്റുമതി ചെയ്‌തത്. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ഉടൻ മുന്നാടിന്റെ ഈ തേൻ മധുരം എത്തും.
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെയും നബാർഡിൻ്റെയും എപി ഇഡിഎയും സഹകരണത്തോടെയാണ് മുന്നാട് പള്ളത്തിങ്കാൽ തുളുനാട് ഇക്കോ ഗ്രീൻ ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ശുദ്ധമായ തേൻ ശേഖരിച്ചു വിപണിയിലെത്തിക്കുന്നത്. സംസ്ഥാന വ്യവസായ വകുപ്പിൻ്റെ മിഷൻ ആയിരം സ്‌കീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കാസർകോട് നിന്നുള്ള സ്ഥാപനമാണ് ഇത്.
തേൻ കർഷകരിൽ നിന്നും നേരിട്ടാണ് കമ്പനി തേൻ ശേഖരിക്കുന്നത്. 5000 പെട്ടി വരെ സജ്ജമാക്കിയ കർഷകർ ഈ സംരംഭത്തിന് തേൻ സ്ഥിരമായി വിതരണം ചെയ്യുന്നു. രണ്ടു വർഷം മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന ഉറപ്പോടെ നിലവിൽ 400 കിലോ ഖത്തറിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ട്.
നാച്ചുറൽ തേൻ മാത്രമല്ല സ്‌മാൾ ഹണി, ഫോറസ്റ്റ് ഹണി, ജിൻജർ ഹണി, ഗാർലിക് ഹണി, കാന്താരി ഹണി, ഡ്രൈ ഫ്രൂട്‌സ് ഹണി എന്നിവയെല്ലാം തുളുനാട് ഇക്കോ ഗ്രീൻ ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഉത്‌പാദിപ്പിക്കുന്നുണ്ട്.
ഒന്നര വർഷം മുമ്പാണ് തേൻ വിദേശത്തേക്ക് കൂടി കയറ്റിയയ്‌ക്കാമെന്ന ആശയം ഉണ്ടായതെന്ന് തുളുനാട് ഇക്കോ ഗ്രീൻ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി മാനേജിങ് ഡയറക്‌ടർ അന്നമ്മ ജോസ് പറഞ്ഞു. തിരുവനന്തപുരത്ത് അപേഡയിൽ രജിസ്റ്റർ ചെയ്തതിനു പിന്നാലെ ലഭിച്ച സംരംഭക ആശയമാണിപ്പോൾ കടൽ കടന്നത്.
തേൻ ഉത്പാദനം മാത്രമല്ല കുരുമുളക് പൊടി അടക്കമുള്ള സ്‌പൈസസ് പൗഡറുകൾ, ചക്ക, ഏത്തക്ക ചിപ്‌സ്. അടക്കം ഉത്‌പാദിപ്പിക്കുന്നുണ്ട്. ഇവയും കടൽ കടന്നു ഗൾഫ് രാജ്യങ്ങളിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
Munnad Pallathinkal Tulunad Eco Green Farmers Producer Company has begun exporting pure honey from Kasaragod to Qatar, marking a milestone for Kerala’s local produce. Supported by NABARD and APEDA, the initiative aims to expand its market to other Gulf countries.