ആഗോള ബോക്സ് ഓഫീസ് ആധിപത്യം തുടർന്ന് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ ‘പുഷ്പ 2, ദി റൂൾ’. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അതിവേഗം 1000 കോടി കലക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2.

റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 900 കോടി നേടിയ ചിത്രം, ആറാം ദിവസത്തെ മുൻകൂർ ബുക്കിങ്ങിലൂടെ മാത്രം 18.85 കോടി രൂപ നേടിയിരുന്നു. ഇതിനകം 1002 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. റിലീസായി 6 ദിനം കൊണ്ടാണ് ചിത്രം സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്. റെക്കോർഡ് നേട്ടത്തിന്റെ വിവരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടി രൂപയാണ് നേടിയത്. ഈ കലക്ഷൻ രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നു. ആദ്യ ദിനത്തിൽ മാത്രം സിനിമ ആഗോളതലത്തിൽ 294 കോടി രൂപ നേടിയും റെക്കോർഡിട്ടു.

ഷാരൂഖ് ഖാൻ നായകനായ പത്താന്റെ റെക്കോർഡാണ് ഇപ്പോൾ പുഷ്പ 2 മറികടന്നിരിക്കുന്നത്. ഒൻപത് ദിവസം കൊണ്ടാണ് പത്താൻ 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ കൂടുതൽ കലക്ഷൻ നേടിയത് ഹിന്ദി പതിപ്പാണ് എന്നതും ശ്രദ്ധേയമാണ്. 2024ൽ തന്നെ പ്രഭാസിന്റെ കൽക്കി 2898 എഡി എന്ന ചിത്രവും 1000 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
Allu Arjun’s Pushpa 2: The Rule sets a record as the fastest Indian film to cross ₹1000 crore globally, surpassing Pathan and achieving ₹1002 crore in just six days.
