റഷ്യൻ-പശ്ചിമേഷ്യൻ പ്രതിസന്ധികളെ തുടർന്ന് ഇന്ധനക്ഷാമം നേരിടുന്ന തുർക്കിക്ക് റെക്കോർഡ് അളവിൽ ഡീസൽ കയറ്റി അയച്ച് ഇന്ത്യ. പാകിസ്ഥാനുമായുള്ള തുർക്കിയുടെ അടുത്ത ബന്ധവും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നതകളും നിലനിൽക്കെയാണ് ആഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ നിന്നുള്ള ഡീസൽ ഇറക്കുമതി തുർക്കി കുത്തനെ വർധിപ്പിച്ചത്.

2017നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ പ്രതിദിനം 1,20,000 ബാരലിലധികം ഡീസലാണ് ഓഗസ്റ്റ് മാസത്തിൽ ഇന്ത്യ തുർക്കിയിലേക്ക് കയറ്റി അയച്ചത്. ഉക്രെയ്ൻ യുദ്ധം റഷ്യൻ റിഫൈനറികളെ ബാധിച്ചതും, ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധികളും കാരണം ഇന്ധന വിതരണം നിലച്ചതുമാണ് തുർക്കിയെ പുതിയ വിപണികൾ തേടാൻ പ്രേരിപ്പിച്ചത്.
ഇന്ത്യയുടെ വലിയ റിഫൈനറി ശേഷിയും റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയും ഈ കയറ്റുമതി വർദ്ധനവിന് പ്രധാന കാരണമായി. റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്ത് സംസ്കരിച്ച് ഡീസലാക്കി മാറ്റുന്ന ഇന്ത്യൻ കമ്പനികൾ (പ്രധാനമായും റിലയൻസ്) ആഗോള വിപണിയിലെ ആവശ്യക്കാരായ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്നുണ്ട്.
മുൻപ് തുർക്കിയുടെ പ്രധാന ഡീസൽ സ്രോതസ്സായിരുന്ന റഷ്യയിൽ നിന്നുള്ള വിതരണം കുറഞ്ഞ സാഹചര്യത്തിൽ, പ്രതിസന്ധി ഘട്ടങ്ങളിൽ ആഗോള വിപണിക്ക് ആശ്രയിക്കാവുന്ന പ്രധാന ഇന്ധന വിതരണക്കാരായി ഇന്ത്യ മാറുന്നതിന്റെ ഉദാഹരണമാണിത്.
India exports record volume of diesel to Turkey amid Middle East and Russian fuel supply disruptions, establishing itself as a vital energy supplier despite diplomatic differences.
