കൊച്ചി വാട്ടർ മെട്രോയെ പുകഴ്ത്തി പ്രമുഖ വ്യവസായിയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർപേഴ്സണുമായ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും സവിശേഷമായ നഗരമായ കൊച്ചി വാട്ടർ മെട്രോ കൊണ്ടുവന്നതിൽ അത്ഭുതമില്ലെന്നാണ് കൊച്ചി വാട്ടർ മെട്രോയെക്കുറിച്ചുള്ള വ്ലോഗ് പങ്കുവെച്ച് അദ്ദേഹം സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ജലഗതാഗത സംവിധാനങ്ങളിൽ ആദ്യമല്ലെങ്കിലും അതിനെ ‘മെട്രോ’ എന്നു വിളിച്ച് നാമകരണം ചെയ്തതും സുഖകരമായ മലിനീകരണമില്ലാത്ത ബോട്ടുകൾ കൊണ്ടു വന്നതും ഏറ്റവും ആകർഷകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവ് കൊണ്ടാണ് കൊച്ചി വാട്ടർ മെട്രോ ശ്രദ്ധേയമാകുന്നത്. 2023 ഏപ്രിൽ 25നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽത്തന്നെ വാട്ടർ മെട്രോ യാത്രക്കാരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിക്കുകയും ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുന്ന ഗതാഗത പദ്ധതികൾക്കുള്ള നിരവധി രാജ്യാന്തര-ദേശീയ പുരസ്കാരങ്ങളും വാട്ടർ മെട്രോ കരസ്ഥമാക്കിക്കഴിഞ്ഞു.
അന്താരാഷ്ട്ര പുരസ്കാരമായ ഷിപ്ടെക് ഇന്റർനാഷണൽ അവാർഡ്, ഗുസ്റ്റാവ് ട്രൂവേ അവാർഡ്, ഇക്കണോമിക് ടൈംസ് എനർജി ലീഡർഷിപ്പ് അവാർഡ് സ്കോച്ച് ഗ്രൂപ്പ് നൽകുന്ന ദേശീയ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് കൊച്ചി വാട്ടർ മെട്രോയുടെ മികവിന് അംഗീകാരമായി ലഭിച്ചത്. യുഎൻ ഹാബിറ്റാറ്റ് റിപ്പോർട്ടിലും കൊച്ചി വാട്ടർ മെട്രോ പരാമർശത്തിന് അർഹമായിരുന്നു. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിലും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലും ലോകത്തിലെ മറ്റു നഗരങ്ങൾക്കുള്ള സുസ്ഥിര നഗരവികസന മാതൃകയാണ് കൊച്ചി വാട്ടർ മെട്രോയെന്നും യുഎൻ ഹാബിറ്റാറ്റ് റിപ്പോർട്ട് പറയുന്നു.
വൈറ്റില, ഹൈക്കോടതി, വൈപ്പിൻ, കാക്കനാട്, ബോൾഗാട്ടി, സൗത്ത് ചിറ്റൂർ, ചേരാനെല്ലൂർ, ഏലൂർ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലാണ് വാട്ടർ മെട്രോ ടെർമിനലുകൾ ഉള്ളത്. മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻഡ് ടെർമിനലുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. കാക്കനാട് – വൈറ്റില, ഹൈക്കോർട്ട് – വൈപ്പിൻ, ഹൈക്കോടതി – ബോൾഗാട്ടി, ഹൈക്കോടതി – സൗത്ത് ചിറ്റൂർ, ഹൈക്കോടതി – ഫോർട്ട് കൊച്ചി, വൈപ്പിൻ – ബോൾഗാട്ടി, ബോൾഗാട്ടി – സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ – ചേരാനെല്ലൂർ, സൗത്ത് ചിറ്റൂർ – ഏലൂർ, ചേരാനെല്ലൂർ – ഏലൂർ എന്നീ റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുന്നത്.
Anand Mahindra praises the Kochi Water Metro for its innovative, pollution-free boats and excellence in service. With over 2 million passengers and several prestigious awards, the Water Metro is a model of sustainable urban transport.