വിപണിയുടെ അവസ്ഥ, ഇടപാടുകളുടെ സമയം, സ്റ്റോക്കുകളുടെ തിരഞ്ഞെടുപ്പ്, നിക്ഷേപകൻ്റെ അറിവും തന്ത്രവും എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ച് ഓഹരികൾ വിൽക്കുന്നതും വാങ്ങുന്നതും ഒരു വ്യക്തിയെ ധനികനോ ദരിദ്രനോ ആക്കാം. കമ്പനിയുടെ 2.5 ദശലക്ഷം ഓഹരികൾ വിറ്റ് 39.6 ദശലക്ഷം ഡോളർ (336.41 കോടി രൂപ) ഈ വിൽപനയിലൂടെ നേടിയ ഗിരീഷ് മാതൃഭൂതത്തിന്റേത് അത്തരത്തിലുള്ള കഥയാണ്.
നാസ്ഡാക്ക്-ലിസ്റ്റ് ചെയ്ത SaaS സ്ഥാപനമായ ഫ്രഷ്വർക്ക്സിൻ്റെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമാണ് ഗിരീഷ് മാതൃഭൂതം. മണികൺട്രോൾ റിപ്പോർട്ട് പ്രകാരം 39.6 മില്യൺ ഡോളർ മൂല്യമുള്ള കമ്പനിയുടെ ക്ലാസ് എ കോമൺ സ്റ്റോക്കിൻ്റെ 2.5 ദശലക്ഷം ഓഹരികളാണ് അദ്ദേഹം വിൽപന നടത്തിയത്. 2010 മുതൽ 2024 വരെ ഫ്രഷ്വർക്ക്സിൻ്റെ സിഇഒ ആയി ഗിരീഷ് സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഫ്രഷ്വർക്ക്സ് വൻ ആഗോളവ്യാപനമാണ് നേടിയത്. 13 രാജ്യങ്ങളിലായി നിരവധി ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകി. പ്രമുഖ വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകനും 60ലധികം കമ്പനികളുടെ ഉപദേശകനും കൂടിയാണ് ഗിരീഷ്.
സ്ഥിരോത്സാഹത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റെയും ഉദാഹരണമാണ് ഗിരീഷ് മാതൃഭൂതം. തമിഴ്നാട്ടിലെ ഒരു ഇടത്തരം കുടുംബത്തിൽ വളർന്ന അദ്ദേഹം നേരിട്ട വെല്ലുവിളികൾ ചെറുതല്ല. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് അദ്ദേഹത്തിന് ഐഐടി പ്രവേശനം നഷ്ടമായി. തുടർന്ന് ഷൺമുഖ ടെക്നോളജി & റിസർച്ച് അക്കാദമിയിൽ നിന്ന് എൻജിനീയറിംഗ് പൂർത്തിയാക്കി. പഠനത്തോടുള്ള അഭിനിവേശം 1992 ൽ നിന്ന് മദ്രാസ് സർവകലാശാലയിൽ നിന്ന് എംബിഎ നേടുന്നതിൽ എത്തിച്ചു. കടം വാങ്ങിയ തുക കൊണ്ടാണ് അദ്ദേഹം എംബിഎ പഠനം പൂർത്തിയാക്കിയത്. പിന്നീട് 95,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലേക്ക് അതേ നിശ്ചയദാർഢ്യം അദ്ദേഹത്തെ കൊണ്ടെത്തിച്ചു.
എച്ച്സിഎൽ, സോഹോ എന്നീ കമ്പനികളിൽ ജോലി ചെയ്തിരുന്ന ഗിരീഷ് 2010-ലാണ് സോഹോ വിട്ട് ഫ്രഷ് വർക്ക്സ് എന്ന കമ്പനി സ്ഥാപിച്ചത്. പ്രവർത്തനം തുടങ്ങി വെറും എട്ട് വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം 100 മില്യൺ ഡോളറായി വളർന്നു. 1.5 വർഷത്തിനുള്ളിൽ അത് 200 മില്യൺ ഡോളറിന്റെ ബിസിനസായി മാറി. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ബ്രിട്ടൻ, ജർമനി, ഓസ്ട്രേലിയ, ഇന്ത്യ, ഫ്രാൻസ്, നെതർലാൻഡ്സ്, പാരീസ് അടക്കം ലോകമെമ്പാടും ഓഫീസുകളുണ്ട്. പിന്നീട് കമ്പനി നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അതിലെ 500 ജീവനക്കാർ തൽക്ഷണം കോടീശ്വരൻമാരായി.
Discover how Girish Mathrubootham rose from setbacks to build Freshworks into a global SaaS giant, earning millions and inspiring entrepreneurs world