എം.എസ്. ധോണിക്ക് മുഖവുരകളുടെ ആവശ്യമില്ല. ക്രിക്കറ്റ് രംഗത്തെ പ്രകടനത്തിനൊപ്പം മുൻ ഇന്ത്യൻ ക്യാപ്റ്റൻ വാഹനപ്രേമത്തിന്റെ പേരിലും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ ജാഗ്വാറിന്റെ F-Type സ്പോർട്സ് കാറാണ് താരത്തിന്റെ ഗാരേജിലെ പുതിയ അതിഥി. സാധാരണ എസ് യുവികൾ കൂടുതലായി ഉപയോഗിക്കുന്ന താരം സ്പോർട്സ് കാറുകൾ അപൂർവമായേ ഉപയോഗിച്ചു കണ്ടിട്ടുള്ളൂ.
കർണാടക റജിസ്ട്രേഷനിലുള്ള വാഹനം എന്നാൽ ധോണിയുടെ പേരിലല്ല റജിസ്റ്റർ ചെയ്തിരിക്കുന്നത്. ധോണി സെക്കൻഡ് ഹാൻഡായി വാങ്ങിയതാണ് ഇത് എന്നും വാഹനത്തിന്റെ പുനർ റജിസ്ട്രേഷൻ നടപടികൾ നടക്കുന്നേ ഉള്ളൂ എന്നും കരുതപ്പെടുന്നു. നിരവധി യൂസ്ഡ് വാഹനങ്ങൾ ധോണി ഇത്തരത്തിൽ വാങ്ങിയിട്ടുണ്ട്. ഇഷ്ട വാഹനങ്ങളുടെ മോഡൽ കമ്പനി നിർത്തുമ്പോഴാണ് അദ്ദേഹം യൂസ്ഡ് കാറുകൾക്ക് പിന്നാലെ പോകാറുള്ളത്.
ബ്രിട്ടീഷ് റേസിങ് ഗ്രീൻ ഷേഡിലുള്ള 5000സിസി വാഹനമാണ് ധോണി സ്വന്തമാക്കിയിട്ടുള്ളത്. ജാഗ്വാറിന്റെ റീബ്രാൻഡിങ്ങിന്റെ സമയത്ത് വിപണിയിലെത്തിച്ച വാഹനമാണ് F-Type. വിഖ്യാത വ്യവസായിയും ടാറ്റ-ജാഗ്വാർ അമരക്കാരനുമായിരുന്ന രത്തൻ ടാറ്റ F-Typeന്റെ ഡിസൈനിൽ നേരിട്ട് പങ്കാളിയായിരുന്നു. ബ്രാൻഡ് ഇമേജ് വർധിപ്പിക്കാനായി ജാഗ്വാർ നിരയിൽ ഒരു സ്പോർട്സ് കാർ വേണമെന്നുള്ള രത്തന്റെ ദീർഘവീക്ഷണത്തിന്റെ സൃഷ്ടിയാണ് ഈ കാർ. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇഷ്ടവാഹനം കൂടിയായിരുന്നു F-Type.
വിപണിയിൽ ഇറങ്ങിയ സമയത്ത് 2.5 കോടി രൂപ വരെ വിലയുള്ള വാഹനമായിരുന്നു F-Type. നിലവിൽ എത്ര രൂപയ്ക്കാണ് ധോണി വാഹനം വാങ്ങിയിരിക്കുന്നത് എന്ന് വ്യക്തമല്ല.
MS Dhoni, renowned for his cricketing career and love for cars, has added a Jaguar F-Type sports car to his collection. The British Racing Green F-Type, known for its legacy and design by Ratan Tata, is believed to be a second-hand purchase.